ചാമ്പ്യൻസ് ലീഗിൽ ലാസിയോക്ക് മുന്നിൽ വീണ് ബയേൺ
text_fieldsറോം: ചാമ്പ്യൻസ് ലീഗിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിന് ഞെട്ടിക്കുന്ന തോൽവി. ഇറ്റാലിയൻ ക്ലബ് ലാസിയോയാണ് പ്രീ ക്വാർട്ടറിലെ ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒറ്റ ഗോളിന് മുൻ ചാമ്പ്യന്മാരെ മറിച്ചിട്ടത്. 65ാം മിനിറ്റിൽ ബയേൺ പ്രതിരോധ താരം ഡയോട്ട് ഉപമെകാനോ ചുവപ്പ് കാർഡ് വാങ്ങി പുറത്തായതും ഇതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ലാസിയോ സൂപ്പർ താരം സീറോ ഇമ്മൊബിലെ ബയേൺ വലയിൽ എത്തിച്ചതുമാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്.
റോമിലെ ഒളിമ്പിക്കൊ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 61 ശതമാനവും പന്ത് നിയന്ത്രിച്ച് ബയേൺ ആധിപത്യം പുലർത്തിയെങ്കിലും അവർ പായിച്ച 17 ഷോട്ടുകളിൽ ഒന്നുപോലും ഗോൾവലക്ക് നേരെ പോയില്ല. അതേസമയം, ലാസിയോയുടെ 11 ഷോട്ടുകളിൽ നാലെണ്ണം ബയേൺ പോസ്റ്റിന് നേരെയായിരുന്നു. ഏഴാം മിനിറ്റിൽ തന്നെ ബയേൺ സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്നിന് സുവർണാവസരം ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു. 30ാം മിനിറ്റിൽ മുസിയാലയെ വീഴ്ത്തിയതിന് ബയേണിന് അനുകൂലമായി ബോക്സിനോട് ചേർന്ന് ഫ്രീകിക്ക് ലഭിച്ചെങ്കിലും സാനെയുടെ ഗോൾ ശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. ഇടവേളക്ക് മുമ്പ് ബയേൺ താരങ്ങളുടെ മനോഹര മുന്നേറ്റത്തിനൊടുവിൽ മുസിയാലയെടുത്ത ഷോട്ടും ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
രണ്ടാം പകുതി തുടങ്ങിയയുടൻ ലാസിയോ ലീഡ് നേടിയെന്ന് തോന്നിയെങ്കിലും ഗോൾകീപ്പർ മാനുവൽ നോയറെ മറികടക്കാൻ ഗുസ്താവ് ഇസാക്സനായില്ല. എന്നാൽ, 65ാം മിനിറ്റിലെ ചുവപ്പുകാർഡ് മത്സരത്തിന്റെ ഗതിനിർണയിച്ചു. ബയേൺ പ്രതിരോധ താരങ്ങളെ വെട്ടിച്ച് മുന്നേറിയ ക്യാപ്റ്റൻ സീറോ ഇമ്മൊബിലെയുടെ ഷോട്ടെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പന്ത് ഗുസ്താവ് ഇസാക്സന്റെ കാലിലെത്തി. ഷോട്ട് തടയാനെത്തിയ ഡയോട്ട് ഉപമെകാനോ കാലിന് ചവിട്ടി വീഴ്ത്തിയതോടെ റഫറി ചുവപ്പ് കാർഡെടുക്കുകയും പെനാൽറ്റിയിലേക്ക് വിസിലൂതുകയും ചെയ്തു. ഷോട്ടെടുത്ത ഇമ്മൊബിലെ മാനുവൽ നോയർക്ക് ഒരവസരവും നൽകാതെ പന്ത് വലയിലെത്തിച്ചു. തുടർന്ന് തിരിച്ചടിക്കാനുള്ള ബയേണിന്റെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. മാർച്ച് അഞ്ചിന് മ്യൂണിക്കിലാണ് രണ്ടാംപാദ മത്സരം.
അഞ്ച് ദിവസത്തിനിടെ ബയേണിന്റെ രണ്ടാം തോൽവിയാണിത്. ബുണ്ടസ് ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബയേർ ലെവർകുസനോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.