സമനിലപ്പൂട്ടിൽ മൂന്നാംവട്ടവും ബയേൺ; തുടർച്ചയായി 10 വട്ടം പിടിച്ച കിരീടം ഇത്തവണ കൈവിടുമോ?
text_fieldsക്ലബിനകത്തെ പ്രശ്നങ്ങൾ കളത്തിലേക്ക് പടരുന്നതിന്റെ ആധിയിൽ ബുണ്ടസ് ലിഗ ചാമ്പ്യന്മാർ. എതിരാളികളില്ലാത്ത വാഴുന്ന ജർമൻ ലീഗിൽ അവസാനം കളിച്ച മൂന്നു കളികളിലും സമനില വഴങ്ങിയ ബയേൺ മ്യൂണിക്ക് ഒന്നാം സ്ഥാനത്ത് ഇനിയേറെ നാൾ തുടരുമോയെന്ന സംശയം ശക്തമാകുകയാണ്.
പരിക്കേറ്റ് പുറത്തിരിക്കുന്ന ഗോളി മാനുവൽ നോയറുടെ അഭാവം മാത്രമല്ല ടീമിനിപ്പോൾ വെല്ലുവിളി. ഗോൾകീപിങ് കോച്ച് ടോണി ടാപലോവിച്ചിനെ പുറത്താക്കിയും കളി മറന്ന് ഫാഷൻ ഷോ കാണാൻ പാരിസിലേക്ക് പറന്നതിന് വിങ്ങർ സെർജി നബ്രിയെ ശാസിച്ചും പലതാണ് ടീമിലെ വിഷയങ്ങൾ. ഇവക്കു നടുവിൽ കരുത്തുകാട്ടേണ്ട ടീം പതറുന്നത് തുടരുകയാണ്. ശനിയാഴ്ച എയിൻട്രാഷ് ഫ്രാങ്ക്ഫുർട്ട് ആണ് ബയേയണിനെ ഓരോ ഗോൾ അടിച്ച് സമനിലയിൽ പിടിച്ചത്. ഇതോടെ, രണ്ടാമതുള്ള യൂനിയൻ ബെർലിനുമായി പോയിന്റ് അകലം ഒന്നായി. ബെർലിൻ ഡെർബിയിൽ ഹെർത്തയെ യൂനിയൻ 2-0ന് വീഴ്ത്തിയതോടെയാണ് ഒന്നാം സ്ഥാനത്ത് സാധ്യതകൾ കൂടുതലാണെന്ന് ടീം തിരിച്ചറിഞ്ഞുതുടങ്ങിയത്.
ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ കരുത്തരായ പി.എസ്.ജിക്കെതിരെ രണ്ടാഴ്ച കഴിഞ്ഞ് ഏറ്റുമുട്ടാനിരിക്കെയാണ് ബയേൺ പ്രതിസന്ധിയിൽ തുടരുന്നത്. 10 വട്ടം തുടർച്ചയായി ബുണ്ടസ് ലിഗ കിരീടം മാറോടു ചേർത്ത ടീം 11ാം കിരീടമാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.