കെയ്നിന്റെ പ്രഹരശേഷിയിൽ പൊലിഞ്ഞത് വെയ്ൻ റൂണിയുടെ റെക്കോർഡ്
text_fieldsചാമ്പ്യൻസ് ലീഗ് ആദ്യ റൗണ്ട് മത്സരത്തിൽ രണ്ട് ഗോളിനെതിരെ ഒമ്പത് ഗോളുകൾ നേടി ബയേൺ മ്യൂണിക്ക് വരവറിയിച്ചു. ഡൈനാമോ സഗ്രബിനെയാണ് ബയേൺ തകർത്തെറിഞ്ഞത്. ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആദ്യമായാണ് ഒരു ടീം ഒരു മത്സരത്തിൽ ഒമ്പത് ഗോൾ സ്വന്തമാക്കുന്നത്. 19ാം മിനിറ്റിൽ ഇംഗ്ലണ്ട് സൂപ്പർതാരം ഹാരി കെയ്നാണ് ഗോൾ വേട്ട ആരംഭിച്ചത്. മത്സരത്തിൽ മൂന്നു തവണ പെനാൽറ്റി കിക്കിൽനിന്ന് ഉൾപ്പെടെ നാല് ഗോളാണ് ഹാരി കെയ്ൻ സ്വന്തമാക്കിയത്.
നാല് ഗോൾ സ്വന്തമാക്കിയതോടെ സൂപ്പർ സ്ട്രൈക്കർ വെയ്ൻ റൂണിയുടെ റെക്കോഡ് തകർക്കാൻ കെയ്നിന് സാധിച്ചു. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇംഗ്ലണ്ട് താരമെന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയത്. 30 ഗോൾ ചാമ്പ്യൻസ് ലീഗിലുണ്ടായിരുന്ന റൂണിയെ മറികടന്ന് 33 ചാമ്പ്യൻസ് ഗോളിലെത്താൻ ഹാരി കെയ്നിന് സാധിച്ചു.
ആദ്യ പകുതിയിൽ മൂന്ന് ഗോളിന് ബയേൺ മത്സരത്തിൽ കൃത്യമായ ആധിപത്യം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ ബയേണിന് അവരുടെ ഗോൾകീപ്പർ മാനുവൽ ന്യൂയറെ നഷ്ടപ്പെട്ടു. ശേഷം, രണ്ട് മിനിറ്റിനിടെ രണ്ടെണ്ണം വലയിലെത്തിച്ച് സഗ്രെബ് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത തുറന്നിരുന്നു.
പിന്നീട് ബയേൺ യഥാർത്ഥ ശക്തി പുറത്തെടുത്തതോടെ ഡൈനാമോക്ക് ഊർജം ബാക്കിയുണ്ടായില്ല. ക്രിസ്റ്റൽ പാലസിൽ നിന്നുമെത്തിയ മുന്നേറ്റക്കാരൻ മൈക്കിൾ ഒലിസെ രണ്ട് ഗോൾ നേടി തന്‍റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം ഗംഭീരമാക്കി. റാഫേൽ ഗറെയ്റൊ, ലിയോൺ ഗൊരെറ്റ്സ്ക എന്നിവരാണ് മറ്റ് സ്കോറർമാർ. ഒക്ടോബർ മൂന്നിന് ആസ്റ്റൺ വില്ലക്കെതിരെയാണ് ബയേണിന്‍റെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.