മെക്സിക്കൻ ടീം ടൈഗ്രസിനെ വീഴ്ത്തി; ക്ലബ് ലോക കിരീടത്തിലും മുത്തമിട്ട് ബയേൺ
text_fields
ദോഹ: ലോക ഫുട്ബാളിൽ അജയ്യരായി വാഴ്ച തുടരുന്ന ഒമ്പതു മാസത്തിനിടെ ആറാം കിരീടവും മാറോണച്ച് ജർമൻ വമ്പൻമാർ. മെക്സിക്കൻ ക്ലബായ ടെഗ്രസിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഖത്തറിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പിൽ ബയേൺ മ്യൂണിക് ചാമ്പ്യന്മാരായത്.
ഗോളൊഴിഞ്ഞ ഒന്നാം പകുതിക്കു ശേഷം ബെഞ്ചമിൻ പവാർഡ് ആണ് ബയേണിന് യുവേഫ സൂപർ കപ്, ജർമൻ സൂപർ കപ് തുടങ്ങിയ കിരീടങ്ങൾക്കൊപ്പം വെക്കാൻ ക്ലബ് ലോകകിരീടവും നൽകിയത്.
59ാം മിനിറ്റിൽ നേടിയ ഗോൾ ലെവൻഡോവ്സ്കിയുടെ ഓഫ്സൈഡ് പരിഗണിച്ച് നിഷേധിച്ചുവെങ്കിലും 'വാർ' തുണയാകുകയായിരുന്നു. ജോഷ്വ കിമ്മിഷ് നേരത്തെ വല കുലുക്കിയെങ്കിലും 'വാർ' അത് നിഷേധിച്ചിരുന്നു.
തുടർച്ചയായ എട്ടാം വർഷമാണ് യൂറോപ് ഫിഫ ക്ലബ് ലോകകപ്പുമായി മടങ്ങുന്നത്. ലിവർപൂളായിരുന്നു കഴിഞ്ഞ സീസണിലെ ജേതാക്കൾ.
അതേ സമയം, മധ്യ, വടക്കൻ അമേരിക്കയിൽനിന്ന് ഫൈനലിലെത്തുന്ന ആദ്യ ടീമാണ് ടെഗ്രസ്.
അടുത്ത ലോകകപ്പിനൊരുങ്ങുന്ന ഖത്തറിന് ഡ്രസ് റിഹേഴ്സൽ ആയാണ് ക്ലബ് ലോകകപ്പ് അരങ്ങേറിയത്. അൽറയ്യാൻ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ കാണികൾക്ക് അനുമതി നൽകിയിരുന്നു.
2020ലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതിയുമായി കുതിക്കുന്ന ബയേണിന് കിരീടം പൊൻതൂവലായി. 2019 നവംബറിൽ ഹാൻസി ഫ്ലിക് പരിശീലകനായി എത്തിയ ശേഷം ബയേൺ അതിവേഗമാണ് കുതിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.