ചാമ്പ്യൻസ് ലീഗിൽ ബാഴ്സയെ തകർത്തത് ബയേൺ
text_fieldsമ്യൂണിക്: സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കി ഇക്കുറി അപ്പുറത്തായിരുന്നെങ്കിലും ബാഴ്സലോണയെ ജയിക്കുകയെന്ന ശീലം മാറ്റാതെ ബയേൺ മ്യൂണിക്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് സി മത്സരത്തിൽ സ്വന്തം തട്ടകമായ അലയൻസ് അരീനയിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ബയേണിന്റെ ജയം. ലെവൻഡോവ്സ്കിയും ബാഴ്സയും അവസരങ്ങൾ ഓരോന്നായി തുലച്ചപ്പോൾ നാലു മിനിറ്റിനിടെ പിറന്ന രണ്ടു ഗോളിൽ കഥ കഴിഞ്ഞു. 50ാം മിനിറ്റിൽ ലൂകാസ് ഹെർണാണ്ടസും 54ൽ ലെറോയ് സാനെയുമാണ് ഗോൾ നേടിയത്. രണ്ടിൽ രണ്ടും ജയിച്ച് ബയേൺ ആറു പോയന്റോടെ ഗ്രൂപ്പിൽ ഒന്നാമതാണ്. രണ്ടു കളികളില്‍ മൂന്നു പോയന്റുള്ള ബാഴ്‌സ രണ്ടാം സ്ഥാനത്തും.
ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ സ്പാനിഷ് ക്ലബിനെ തേടിയെത്തിയിരുന്നു. ഇതൊന്നും ഉപയോഗപ്പെടുത്താനാവാതെ പോയതിന് രണ്ടാം പകുതിയിൽ വലിയ വില നൽകേണ്ടിവന്നു. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റായപ്പോൾ ബയേണിന് അനുകൂലമായ കോർണർ. കിമ്മിച്ചിന്റെ കിക്കിൽ തലവെച്ച് ഹെര്‍ണാണ്ടസ് ടീമിന് നിർണായക ലീഡ് സമ്മാനിച്ചു. ഇതിന്റെ ആരവം അടങ്ങുംമുമ്പെ വീണ്ടും. 54ാം മിനിറ്റില്‍ പന്തുമായി പാഞ്ഞെത്തിയ സാനെ ബാഴ്‌സലോണയുടെ പ്രതിരോധനിരയെയും ഗോള്‍കീപ്പര്‍ ടെര്‍സ്റ്റേഗനെയും കടത്തിവെട്ടി വലയിലേക്ക് തൊടുത്തു. തിരിച്ചടിക്കാനും സമനില പിടിക്കാനും ജയിക്കാനുമൊക്കെ ബാഴ്സക്ക് സമയവും അവസരങ്ങളും ഉണ്ടായിരുന്നെങ്കിലും ഫലംകണ്ടില്ല. ചാമ്പ്യൻസ് ലീഗിൽ ഇരുടീമും 12 തവണ ഏറ്റുമുട്ടിയതില്‍ ഒമ്പതിലും ജയം ജർമൻ വമ്പന്മാരായ ബയേണിനൊപ്പം നിന്നു. രണ്ടു മത്സരങ്ങളില്‍ മാത്രമാണ് ബാഴ്സ ജയിച്ചത്. ഒരു കളി സമനിലയിലായി.
ലിവർപൂൾ തിരിച്ചുവരവ്
ലണ്ടൻ: ഗ്രൂപ് എയിലെ ആദ്യ മത്സരത്തിൽ നാപോളിയോട് വൻ തോൽവി ഏറ്റുവാങ്ങിയ ലിവർപൂൾ രണ്ടാമത്തെ കളിയിൽ അയാക്സിനെ 2-1ന് വീഴ്ത്തി. 17ാം മിനിറ്റിൽ മുഹമ്മദ് സലാഹ് ടീമിന് ലീഡ് നേടിക്കൊടുത്തു. 27ാം മിനിറ്റിൽ മുഹമ്മദ് ഖുദുസിലൂടെ അയാക്സ് സമനില പിടിച്ചു. എന്നാൽ, അവസാന വിസിലിന് ഏതാനും മിനിറ്റുകൾ അവശേഷിക്കെ ജോയൽ മാറ്റിപ് (89) കളി ലിവർപൂളിന് സ്വന്തമാക്കിക്കൊടുക്കുകയായിരുന്നു. മറ്റു മത്സരങ്ങളിൽ ആതിഥേയരായ വിക്ടോറിയ പ്ലാസനെ എതിരില്ലാത്ത രണ്ടു ഗോളിന് ഇന്റർ മിലാനും (ഗ്രൂപ് സി) പോർട്ടോയെ 4-0ത്തിന് ക്ലബ് ബ്രൂറോയും (ബി) ഒളിമ്പിക് മാർസേയ്‍ലേയെ 1-0ത്തിന് എയ്ൻട്രാറ്റ് ഫ്രാങ്ക്ഫുർട്ടും (ഡി) തോൽപിച്ചപ്പോൾ ബയർ ലെവർകൂസനോട് 2-0ത്തിന് അത് ലറ്റികോ മഡ്രിഡും (ബി) സ്പോർട്ടിങ് പോർചുഗലിനോട് ഇതേ സ്കോറിൽ ടോട്ടൻഹാമും (ഡി) പരാജയം ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.