ചാമ്പ്യൻസ് ലീഗിൽ ബയേണിന്റെ ഗോൾവേട്ട; പുതിയ റെക്കോഡിട്ട് ജർമൻ ചാമ്പ്യന്മാർ
text_fieldsബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേണിന്റെ ഗോൾവേട്ട. ചെക്ക് ക്ലബ് വിക്ടോറിയ പ്ലസനെ മടക്കമില്ലാത്ത അഞ്ച് ഗോളിനാണ് ജർമൻ ചാമ്പ്യന്മാർ തകർത്തെറിഞ്ഞത്. ബയേണിനായി ലിറോയ് സാനെ ഇരട്ട ഗോൾ നേടിയപ്പോൾ സെർജി നാബ്രി, സൂപ്പർ താരം സാദിയോ മാനെ, ചൗപോ മോട്ടിങ് എന്നിവർ ഓരോ തവണ വലകുലുക്കി. സാനെയുടെ ചാമ്പ്യൻസ് ലീഗിലെ നാലാം ഗോളാണിത്.
ഏഴാം മിനിറ്റിൽ ജമാൽ മുസിയാലയുടെ അസിസ്റ്റിൽ ലിറോയ് സാനെയാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. പതിമൂന്നാം മിനിറ്റിൽ ഗോരട്സ്കെയുടെ അസിസ്റ്റിൽ നാബ്രി രണ്ടാം ഗോൾ നേടി. 21ാം മിനിറ്റിൽ എതിർവല കുലുക്കിയ സാദിയോ മാനെ 50ാം മിനിറ്റിൽ സാനെ നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഗോരട്സ്കെയുടെ രണ്ടാം അസിസ്റ്റിൽ ചൗപോ മോട്ടിങ്ങാണ് ഗോൾ പട്ടിക പൂർത്തിയാക്കിയത്.
മത്സരത്തിൽ 71 ശതമാനവും പന്ത് കൈവശം വെച്ചത് ബയേണായിരുന്നു. അവർ 21 ഷോട്ടുകളുതിർത്തപ്പോൾ വിക്ടോറിയയുടെ മറുപടി പത്തിലൊതുങ്ങി. ഗോൾവല ലക്ഷ്യമാക്കി 13 ഷോട്ടുകളാണ് ബയേൺ താരങ്ങൾ അടിച്ചത്. ഈ ജയത്തോടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെ 31 മത്സരങ്ങൾ എന്ന റെക്കോർഡും ബയേൺ സ്വന്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച ബുണ്ടസ്‍ലീഗയിൽ ലവർകുസനെ എതിരില്ലാത്ത നാല് ഗോളിന് ബയേൺ തകർത്തിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ ബാഴ്സലോണയെ ഇന്റർമിലാൻ മടക്കമില്ലാത്ത ഒരു ഗോളിന് വീഴ്ത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹകൻ കാൽഹനോഗ് ലുവാണ് ഇന്ററിനായി ലക്ഷ്യംകണ്ടത്. രണ്ടാം പകുതിയിൽ സമനില ഗോളിനായി ബാഴ്സ ഇന്റർ ഗോൾമുഖത്തേക്ക് ആഞ്ഞടിച്ചെങ്കിലും ഫലമുണ്ടായില്ല. 67ാം മിനിറ്റിൽ ബാഴ്‌സ പന്ത് എതിർവലയിലെത്തിച്ചെങ്കിലും വാറിൽ ഗോൾ നിഷേധിക്കപ്പെട്ടു. കളിയിൽ 72 ശതമാനവും പന്ത് കൈവശം വെച്ചെങ്കിലും രണ്ടുതവണ മാത്രമേ ലെവൻഡോസ്കിക്കും സംഘത്തിനും ടാർഗറ്റിലേക്ക് ഷോട്ടുതിർക്കാനായുള്ളൂ. ചാമ്പ്യൻസ് ലീഗിൽ ബാഴ്സയുടെ രണ്ടാം തോല്‍വിയാണിത്. നേരത്തെ ബയേൺ മ്യൂണിക്കിനോടും പരാജയപ്പെട്ടിരുന്നു.
ഗ്രൂപ്പ് സിയിൽ മൂന്നിൽ മൂന്നും ജയിച്ച് ഒമ്പത് പോയന്റുമായി ബയേൺ മ്യൂണിക്കാണ് മുന്നിൽ. രണ്ട് ജയവും ഒരു തോൽവിയുമുള്ള ഇന്ററിന് ആറ് പോയന്റുണ്ട്. ഒരു ജയവും രണ്ട് തോൽവിയുമായി മൂന്ന് പോയന്റ് മാത്രമുള്ള ബാഴ്സ മൂന്നാമതാണ്. മൂന്നിൽ മൂന്നും തോറ്റ വിക്ടോറിയ പ്ലസനാണ് അവസാന സ്ഥാനത്ത്.
മറ്റൊരു മത്സരത്തിൽ കരുത്തരായ ലിവർപൂൾ, റേഞ്ചേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു. ഏഴാം മിനിറ്റിൽ ട്രെൻഡ് ആർനോൾഡും 53ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സൂപ്പർതാരം മുഹമ്മദ് സലാഹുമാണ് ലിവർപൂളിനായി ലക്ഷ്യം കണ്ടത്.
ഗ്രൂപ്പ് ബിയിൽ അത്ലറ്റികൊ മാഡ്രിഡിനെ 2-0ത്തിന് തകർത്ത് ക്ലബ് ബ്രൂഷ് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. കമാൽ സോവ, ഫെറാൻ ജുട്ഗ്ല എന്നിവരാണ് അത്ലറ്റികോയുടെ വലകുലുക്കിയത്. ഗ്രൂപ്പിലെ മൂന്ന് കളിയും ജയിച്ച അവർ ഒമ്പത് പോയന്റുമായി ബഹുദൂരം മുന്നിലാണ്. മറ്റു ടീമുകളായ പോർട്ടോ, ലെവർകുസൻ, അത്ലറ്റികോ മാഡ്രിഡ് എന്നിവക്ക് മൂന്ന് പോയന്റ് വീതമേയുള്ളൂ. ഇന്നലെ നടന്ന മത്സരത്തിൽ ലെവർകൂസനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് പോർട്ടോ മൂന്ന് പോയന്റ് സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.