ഒസാസുനക്കെതിരെ ജയം; റയൽ ലാലിഗ കിരീടത്തിന് തെട്ടടുത്ത്
text_fieldsമഡ്രിഡ്: ഒസാസുനയെ 3-1ന് തോൽപിച്ച് റയൽ മഡ്രിഡ് 35ാം ലാലിഗ കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. ഡേവിഡ് അലാബ, മാർകോ അസൻസിയോ, ലൂകാസ് വാസ്ക്വസ് എന്നിവരാണ് റയലിനായി സ്കോർ ചെയ്തത്. റയൽ സൂപ്പർ താരം കരീം ബെൻസേമ രണ്ട് പെനാൽറ്റി പാഴാക്കി.
ബുധനാഴ്ച രണ്ടാം സ്ഥാനക്കാരായ അത്‍ലറ്റിക്കോ ബുധനാഴ്ച ഗ്രാനഡയോട് സമനില വഴങ്ങിയതോടെ ഒന്നാം സ്ഥാനത്ത് റയലിന് 17 പോയിന്റ് ലീഡായി. അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും നാലുപോയിന്റ് കൂടി നേടാനായാൽ റയലിന് കിരീടമുറപ്പിക്കാം. രണ്ട് മത്സരം കുറച്ച് കളിച്ച ബാഴ്സലോണ വ്യാഴാഴ്ച റയൽ സോസിഡാഡിനോടും ഞായറാഴ്ച റയോ വയ്യക്കാനോയോടും ജയിക്കാതിരുന്നാൽ അല്ലാതെ തന്നെ റയലിന് കിരീടമുറപ്പിക്കാം.
അടുത്ത ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ തയ്യാറെടുക്കുന്നതിനൽ പ്രധാന താരങ്ങളായ കാസ്മിറോ, ലൂക്കാ മോഡ്രിച്ച്, വിനീഷ്യസ് ജൂനിയർ എന്നിവരെ റയൽ കോച്ച് കാർലോ ആൻസലോട്ടി ആദ്യ ഇലവനിൽ ഉൾപെടുത്തിയില്ല.
12ാം മിനിറ്റിൽ തന്നെ ഫ്രീകിക്ക് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലാക്കി അലാബ റയലിനെ മുന്നിലെത്തിച്ചു. രണ്ടുമിനിറ്റ് മാത്രമാണ് റയലിന് ലീഡ് നേടാനായത്. കൗണ്ടർ അറ്റാക്ക് ഗോളിലൂടെ ആന്റെ ബുഡിമിർ ഒസാസുനക്ക് സമനില സമ്മാനിക്കുകയായിരുന്നു. 45ാം മിനിറ്റിൽ അസൻസിയോ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ റയൽ 2-1ന് ലീഡ് നേടി.
രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിന്റെ ഇടവേളയിലായിരുന്നു ബെൻസേമ രണ്ട് പെനാൽറ്റി കിക്കുകൾ പാഴാക്കിയത്. രണ്ടും ഗോൾകീപ്പർ സെർജിയോ ഹെരേര തടുക്കുകയായിരുന്നു. 25 ഗോളുകളുമായി ലീഗിലെ ടോപ് സ്കോററായ ബെൻസേമ രണ്ട് വട്ടവും ഒരേ രീതിയിലാണ് കിക്കെടുത്തത്. ഹെരേര രണ്ടു തവണയും അതേ രീതിയിൽ തന്നെ വലത്തേ കോർണറിൽ നിന്ന് കിക്ക് തട്ടിയകറ്റി. ഇഞ്ച്വറി സമയത്ത് സബ് ആയി ഇറങ്ങിയ വിനീഷ്യസ് നേതൃത്വം നൽകിയ പ്രത്യാക്രമണത്തിൽ നിന്നായിരുന്നു വാസ്ക്വസിന്റെ മൂന്നാം ഗോൾ.
33 മത്സരങ്ങളിൽ നിന്ന് റയലിന് 78 പോയിന്റുണ്ട്. 33 മത്സരങ്ങൾ കളിച്ച അത്‍ലറ്റിക്കോ 61പോയിന്റുമായാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ട് മത്സരം കുറച്ച് കളിച്ച ബാഴ്സയാണ് 60 പോയിന്റുമായി മൂന്നാമത്. 44 പോയിന്റുമായി ഒസാസുന ഒമ്പതാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.