ഗോളുകളുമായി ലൂക്ബാകിയോയും ലുകാകുവും; ആസ്ട്രിയയെ വീഴ്ത്തി ബെൽജിയം യൂറോ കപ്പിന് യോഗ്യത നേടി
text_fieldsവിയന്ന: ആസ്ട്രിയയെ അവരുടെ തട്ടകമായ ഏൺസ്റ്റ് ഹാപ്പൽ സ്റ്റേഡിയത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്ന ബെൽജിയം യൂറോ കപ്പിന് യോഗ്യത നേടി. ഗ്രൂപ് ‘എഫിലെ’ രണ്ടു സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ചാണ് ബെൽജിയത്തിന്റെ മുന്നേറ്റം. ഡോഡി ലൂക്ബാകിയോയുടെ ഇരട്ടഗോളുകളാണ് ബെൽജിത്തിന് തുണയായത്. സൂപ്പർ സ്ട്രൈക്കർ റൊമേലു ലുക്കാക്കു ഒരു ഗോൾ നേടി. ഒരു ഘട്ടത്തിൽ 3-0ത്തിന് മുന്നിട്ടുനിന്ന സന്ദർശകർക്കെതിരെ അവസാന ഘട്ടത്തിൽ ആസ്ട്രിയ രണ്ടു ഗോൾ തിരിച്ചടിക്കുകയായിരുന്നു.
മത്സരത്തിന്റെ 12-ാം മിനിറ്റിലാണ് സെവിയ്യയുടെ വിങ്ങറായ ലൂക്ബാകിയോ ബെൽജിയത്തെ മുന്നിലെത്തിച്ചത്. വലതുവിങ്ങിൽ തന്നെ മാർക് ചെയ്യാനെത്തിയ എതിർ താരത്തെ കടന്നുമുന്നേറിയ ശേഷം ബോക്സിൽ വീണുകിടന്നിടത്തുനിന്ന് ഇടങ്കാലുകൊണ്ട് ലൂക്ബാകിയോ പന്തിനെ വലയിലേക്ക് ഉയർത്തിയിടുകയായിരുന്നു. രാജ്യാന്തര ഫുട്ബാളിൽ താരത്തിന്റെ ആദ്യഗോളായിരുന്നു അത്. 55-ാം മിനിറ്റിൽ ലൂക്ബാകിയോയുടെ ഷോട്ട് എതിർതാരത്തിന്റെ കാലിലുരുമ്മിയാണ് വലയിലെത്തിയത്. മൂന്നുമിനിറ്റിനുശേഷം ലുകാകു കരുത്തുറ്റ ഷോട്ട് വലയിലേക്ക് പായിക്കുകയായിരുന്നു.
73-ാം മിനിറ്റിൽ ആസ്ട്രിയൻ ക്യാപ്റ്റൻ കൊൺറാഡ് ലെയ്മർ നിലംപറ്റെ തൊടുത്ത ലോങ് ഷോട്ട് പോസ്റ്റിൽ തട്ടിയശേഷം വലക്കുള്ളിലേക്ക് കയറുകയായിരുന്നു. ആറുമിനിറ്റിനുശേഷം മിഡ്ഫീൽഡർ അമാഡു ഒനാന രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് ബെൽജിയം കളി മെനഞ്ഞത്. ഇതോടെ ആക്രമണം ശക്തമാക്കിയ ആതിഥേയർ പെനാൽറ്റി സ്പോട്ടിൽനിന്ന് ഒരു ഗോൾ കൂടി തിരിച്ചടിച്ചു. ആർതർ തിയറ്റ് പന്ത് കൈകൊണ്ട് തൊട്ടുവെന്ന് ‘വാറി’ൽ വ്യക്തമായതോടെ ലഭിച്ച പെനാൽറ്റി കിക്ക് മാർസൽ സാബിറ്റ്സർ വലയിലെത്തിക്കുകയായിരുന്നു.
ആറു കളികളിൽ അഞ്ചു ജയവും ഒരു സമനിലയുമായി ബെൽജിയത്തിന് 16 പോയന്റാണുള്ളത്. 13 പോയന്റുമായി ആസ്ട്രിയയാണ് ഗ്രൂപ്പിൽ രണ്ടാമത്. മൂന്നാമതുള്ള സ്വീഡന് ആറു പോയന്റേയുള്ളൂ. അസർബൈജാൻ, എസ്തോണിയ ടീമുകൾക്കെതിരായ അവസാന രണ്ടു മത്സരങ്ങളിൽ ഒന്ന് ജയിച്ചാൽ ബെൽജിയത്തിന് യോഗ്യത നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.