ബെല്ലിങ്ഹാമിന് യൂറോയിൽ വിലക്കില്ല; നാളെ സ്വിറ്റ്സർലാൻഡിനെതിരെ കളിക്കും
text_fieldsഡോർട്ട്മുണ്ട്: അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിൽ ഇംഗ്ലീഷ് മധ്യനിരതാരം ജൂഡ് ബെല്ലിങ്ഹാമിന് ആശ്വാസം. താരത്തിന് വിലക്കുണ്ടെങ്കിലും യുറോയിലെ മത്സരങ്ങൾ നഷ്ടമാവില്ല. ഇതോടെ സ്വിറ്റ്സർലാൻഡിനെതിരായ ക്വാർട്ടർ ഫൈനലിൽ ബെല്ലിങ്ഹാം കളിക്കുമെന്നുറപ്പായി.
25,000 പൗണ്ട് പിഴയും ഒരു മത്സരത്തിലെ വിലക്കുമാണ് യുവേഫ ബെല്ലിങ്ഹാമിന് ശിക്ഷ വിധിച്ചത്. എന്നാൽ, ഒരു വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിന്റെ ഏതെങ്കിലുമൊരു മത്സരത്തിൽ നിന്നും ബെല്ലിങ്ഹാം മാറി നിന്നാൽ മതിയാകും. ഇതോടെയാണ് താരത്തിന് യുറോയിലെ മത്സരങ്ങൾ നഷ്ടമാവില്ലെന്ന് ഉറപ്പായത്.
സ്ലൊവാക്യക്കെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഗോളടിച്ചതിന് ശേഷമാണ് ബെല്ലിങ്ഹാമിൽ നിന്നും വിവാദ ആംഗ്യമുണ്ടായത്. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെയാണ് ബെല്ലിങ്ഹാം ബൈസിക്കിള്‍ കിക്കിലൂടെ പന്ത് വലയിലെത്തിച്ചത്.
ഗോള്‍ ആഘോഷിക്കുമ്പോൾ കൈ ജനനേന്ദ്രിയത്തിന് നേരെ വെച്ചെന്നാണ് ആരോപണമുയർന്നത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിക്കുകയും ബെല്ലിങ്ഹാമിനെതിരെ യുവേഫ അന്വേഷണം നടത്തുകയുമായിരുന്നു.
ബെല്ലിങ്ഹാമിന്റെ ഗോളിൽ സമനില പിടിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീളുകയും ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഹെഡർ ഗോളിൽ ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.