ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിൽ; സർവിസസിനെ വീഴ്ത്തിയത് 4-2ന്
text_fieldsഹൈദരാബാദ്: നിലവിലെ ചാമ്പ്യന്മാരായ സർവിസസിനെ തകർത്ത് ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിൽ കടന്നു. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന ഒന്നാം സെമി ഫൈനലിൽ ഇരട്ടഗോൾ നേടിയ റോബി ഹൻസ്ദായുടെ മികവിൽ 4-2നാണ് സർവിസസിനെ വീഴ്ത്തിയത്. ബംഗാളിനായി മനോതോസ് മാജി, നരോഹരി ശ്രേഷ്ഠ എന്നിവരും ഗോൾ നേടി.
മൂന്നു മാറ്റങ്ങളുമായാണ് ബംഗാൾ ഇറങ്ങിയത്. ക്വാർട്ടർ ലൈനപ്പിലെ മുന്നേറ്റത്തിൽ സുപ്രിയ പണ്ഡിറ്റിനെയും മധ്യനിരയിൽ അമർനാഥിനെയും പ്രതിരോധത്തിൽ മദൻ മണ്ഡിയെയും മാറ്റി മുന്നേറ്റ താരങ്ങളായ മനോതോസ് മാജിയെയും ഇസ്റഫുൽ ദവാനെയും പ്രതിരോധ താരം ജുവൽ അഹ്മദ് മജുംദാറിനെയും ഇറക്കി. സർവിസസ് നിരയിൽ മൂന്നു മലയാളികൾ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. അറ്റാക്കർമാരായി രാഹുൽ രാമകൃഷ്ണനും വി.ജി. ശ്രേയസും പ്രതിരോധത്തിൽ സി. പ്രതീഷും മലയാളി സാന്നിധ്യമായി. ഏഴാം മിനിറ്റിൽ ബംഗാളിന്‍റെ മുന്നേറ്റത്തിൽ ഇസ്റഫുലിന് മുന്നിൽ ബോക്സിൽ പന്തെത്തിയെങ്കിലും കണക്ട് ചെയ്യാനായില്ല. 12ാം മിനിറ്റിൽ സുപ്രദീപ് ഹസ്റയുടെ ഫ്രീകിക്കും സർവിസസിന്‍റെ ഗോൾമുഖത്ത് ഭീഷണിയുയർത്തി കടന്നുപോയി.
17ാം മിനിറ്റിൽ ബംഗാൾ ആദ്യ ഗോൾ കുറിച്ചു. ബോക്സിലേക്ക് എത്തിയ പന്ത് സർവിസസ് പ്രതിരോധ താരം നവജോത് സിങ് ഹെഡറിലൂടെ ക്ലിയർ ചെയ്തെങ്കിലും ബോക്സിന് പുറത്ത് ബംഗാൾ ഫോർവേഡ് മനോതോസ് മാജിയുടെ കാലിലാണ് ലഭിച്ചത്. സമയമൊട്ടും പാഴാക്കാതെ മാജി ഷോട്ടുതിർത്തു (1-0). 35ാം മിനിറ്റിൽ ബംഗാൾ ബോക്സിൽ സർവിസസിന്‍റെ രാഹുൽ രാമകൃഷ്ണന്‍റെ കാലിൽ പന്തെത്തിയെങ്കിലും ഷോട്ടെടുക്കാനായില്ല. പിന്നാലെ സർവിസസിന്‍റെ ബിദ്യാസാഗറിനെ ബംഗാൾ ഡിഫൻഡർ ജുവൽ ഫൗൾ ചെയ്തതിന് ബോക്സിന് തൊട്ടുപുറത്തുനിന്ന് റഫറി ഫ്രീകിക്ക് അനുവദിച്ചു. ക്യാപ്റ്റൻ ക്രിസ്റ്റഫർ കാമേയ് എടുത്ത കിക്ക് ഗോളി സൗരവ് സാമന്ത ഉജ്വലമായി പിടിച്ചെടുത്തു.
ആദ്യ പകുതി അവസാനിക്കാനിരിക്കെ, വലതുവിങ്ങിലൂടെ പന്തുമായെത്തിയ മലയാളി താരം പ്രതീഷ് നൽകിയ ക്രോസ് വലയിലെത്തിക്കാനുള്ള സർവിസസ് താരങ്ങളുടെ ശ്രമവും വിജയിച്ചില്ല. ഇഞ്ചുറി ടൈമിൽ നരോഹരി ശ്രേഷ്ഠയുടെ പാസിൽ റോബി ഹൻസ്ദായും ഇഞ്ചുറി ടൈം തീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ നരോഹരിയും ബംഗാളിനായി ഗോൾ കണ്ടെത്തി.
രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ ഉണർന്നുകളിച്ച സർവിസസ് കൂടുതൽ ഗോളവസരങ്ങൾ തീർത്തു. 54ാം മിനിറ്റിൽ സർവിസസ് തിരിച്ചടിച്ചു. എതിർ പ്രതിരോധത്തെ കബളിപ്പിച്ച് ബോക്സിലേക്ക് കടന്ന ഡിലാൺ കർഖ ചേത്രി നൽകിയ പന്തിൽ ഉയർന്നു ചാടിയ മലയാളി താരം ശ്രേയസിന്‍റെ ഹെഡർ വലയിൽ.
പരിക്കിനെ തുടർന്ന് സ്ട്രൈക്കർ നരോഹരിയെ പിൻവലിച്ച് ബംഗാൾ അരിത്ര ഘോഷിനെ ഇറക്കി. ഈ മാറ്റത്തോടെ ബംഗാളിന്‍റെ കളിയിൽ അയവു വന്നു. 74ാം മിനിറ്റിൽ സർവിസസ് രണ്ടാം ഗോളും നേടി. പകരക്കാരനായിറങ്ങിയ ചനാബം സമാനന്ദ സിങ് ബോക്സിലേക്ക് നൽകിയ പന്ത് ക്ലിയർ ചെയ്യാനുള്ള ബംഗാൾ പ്രതിരോധ താരം ജുവലിന്‍റെ ശ്രമം പാളിയതോടെ പന്ത് നേരെ സ്വന്തം പോസ്റ്റിൽ. പിന്നാലെ സമനില ഗോളിനായി സർവിസസ് ഒട്ടേറെ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇഞ്ചുറി ടൈമിന്‍റെ ആറാം മിനിറ്റിൽ ബംഗാൾ നാലാം ഗോളും കുറിച്ചു. മധ്യനിരയിൽനിന്ന് ഇസ്റഫുൽ കൊണ്ടുവന്ന പന്ത് ബോക്സിൽ നൽകിയ പാസിൽ ഒന്നു കാൽവെക്കേണ്ട പണിയേ ഹൻസ്ദാക്ക് ഉണ്ടായിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.