ആവേശത്തിലലിയാൻ കണ്ഠീരവ; ഗാലറിയിൽ ‘പൊടിപാറും’
text_fieldsബംഗളൂരു: ആരാധകരുടെ പോരിന് പേരുകേട്ട ഡർബിയായ ബംഗളൂരു എഫ്.സി- കേരള ബ്ലാസ്റ്റേഴ്സ് മത്സരം വീണ്ടും കണ്ഠീരവ സ്റ്റേഡിയത്തിൽ. കഴിഞ്ഞ ഫെബ്രുവരി 11ന് ഇരുവരും തമ്മിൽ നടന്ന അവസാന മത്സരത്തിൽ റോയ്കൃഷ്ണയുടെ ഒറ്റ ഗോളിൽ ബ്ലാസ്റ്റേഴ്സിനെ മലർത്തിയടിച്ച് ബംഗളൂരുവാണ് വിജയം കൊയ്തത്. ഇരു ടീമുകളുടെയും ആരാധകർ ഗാലറി നിറച്ചെത്തിയ ആവേശ പോരാട്ടത്തിന്റെ മറ്റൊരു പതിപ്പിന് കളമൊരുങ്ങുമ്പോൾ കളത്തിലും ഗാലറിയിലും എന്തും സംഭവിക്കാമെന്നതാണ് സ്ഥിതി.
കഴിഞ്ഞ മത്സരത്തിൽ ആരാധകരുടെ ആവേശം അതിരുകടന്ന് ഗാലറിയിൽ അടിപിടി നടന്നിരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രകോപിപ്പിച്ച ബംഗളൂരു ആരാധകനെ ഗാലറിയിലിട്ട് തല്ലുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ആരാധകരുടെ ഏറ്റുമുട്ടലിനെ ഇരു ടീമും അപലപിച്ചിരുന്നു. എന്നാൽ, അതിനു പിന്നാലെ ബംഗളൂരു എഫ്.സി ചെയ്തത് അൽപം കടന്ന കൈയാണ്. സിമന്റ് തറ മാത്രമുള്ള നോർത്ത് അപ്പർ, നോർത്ത് ലോവർ, സൗത്ത് ഗാലറികൾ മാത്രം ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി മാറ്റിവെച്ചു. അതും 99 രൂപയുണ്ടായിരുന്ന ടിക്കറ്റിന് 499 രൂപയാക്കി ഉയർത്തുകയും ചെയ്തു.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഗാലറികളാണിവയെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട ചൂണ്ടിക്കാട്ടുന്നു. മുമ്പ് മഞ്ഞപ്പട ഒത്തുകൂടിയിരുന്ന ഈസ്റ്റ് ഗാലറികൾ ഹോം ഫാൻസിനായി റിസർവ് ചെയ്ത് ടിക്കറ്റ് നിരക്ക് പകുതിയായി കുറക്കുകയും ചെയ്തു. ഹോം ഗാലറികൾ നിറക്കാൻ ഐ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ആരാധകരെ കൂടി കണ്ഠീരവയിലേക്ക് ബി.എഫ്.സി ആരാധകർ ക്ഷണിച്ചിട്ടുണ്ട്. ഇത്തവണ ഗാലറിയിലെത്തുന്ന ബാസ്റ്റേഴ്സ് ആരാധകരോട് മോശമായി പെരുമാറരുതെന്ന ട്വീറ്റുമായി ക്യാപ്റ്റൻ സുനിൽ ഛേത്രി തന്നെ രംഗത്തെത്തി. ഇരു ടീമിന്റെയും ആരാധകരുടെ സുരക്ഷ പ്രധാനമാണെന്ന് ബംഗളൂരു, ബ്ലാസ്റ്റേഴ്സ് ടീമുകളും വ്യക്തമാക്കിയിട്ടുണ്ട്.
കളി കാണാനെത്തുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സെന്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്കൂളിലാണ് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവർ കസ്തൂർബ റോഡിനും സെന്റ് ജോസഫ്സ് ഹൈസ്കൂളിനും സമീപത്തുള്ള ഗേറ്റ് ബി, രാജാറാം മോഹൻറോയി റോഡിലുള്ള ഗേറ്റ് ഡി എന്നിവ വഴിയാണ് സ്റ്റേഡിയത്തിൽ പ്രവേശിക്കേണ്ടത്. നോർത്ത് അപ്പർ, നോർത്ത് ലോവർ, സൗത്ത് ഗാലറികളിലല്ലാതെ മറ്റു ഗാലറികളിൽ മഞ്ഞ ജഴ്സിയിട്ട ആരാധകരെ കയറ്റില്ലെന്ന് ബി.എഫ്.സി മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ബംഗളൂരു ആരാധകർക്ക് സെന്റ് ജോസഫ്സ് ഹൈസ്കൂളിന് സമീപത്തെ ഗേറ്റ് സി, ഗേറ്റ് ഡി എന്നിവ വഴിയും കസ്തൂർബ റോഡിലെ ഗേറ്റ് എ, രാജാറാം മോഹൻറോയ് റോഡിലുള്ള ഗേറ്റ് ഇ, ഗേറ്റ് എഫ് എന്നിവ വഴിയും സ്റ്റേഡിയത്തിൽ പ്രവേശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.