ഫൈനൽ തോൽവിക്കു പിന്നാലെ റഫറീയിങ്ങിനെ പഴിച്ച് ബംഗളൂരു എഫ്.സി ഉടമ; ‘തിരിച്ചടിച്ച്’ ബ്ലാസ്റ്റേഴ്സ് ആരാധകർ
text_fieldsപനാജി: ഐ.എസ്.എൽ ഫൈനലിലെ തോൽവിക്ക് പിന്നാലെ റഫറീയിങ്ങിനെ പഴിച്ച് ബംഗളൂരു എഫ്.സി ഉടമ പാർഥ് ജിൻഡാൽ. ചില തീരുമാങ്ങൾ വലിയ മത്സരങ്ങളെ സ്വാധീനിക്കുമെന്നും വാർ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഫൈനലിൽ ഐ.ടി.കെ മോഹൻ ബഗാനോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് സുനിൽ ഛേത്രിയും സംഘവും പരാജയപ്പെട്ടത്. നിശ്ചിത സമയത്തും അധികസമയത്തും 2-2 എന്ന് സ്കോറിൽ സമനില പാലിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. 4-3 എന്ന സ്കോറിനായിരുന്നു എ.ടി.കെയുടെ കിരീടധാരണം.
‘ഇന്ത്യൻ സൂപ്പർ ലീഗിൽ വാർ നടപ്പാക്കേണ്ടത് ആവശ്യമാണെന്ന് പറയുന്നതിൽ ഖേദമുണ്ട്. ചില തീരുമാനങ്ങൾ വലിയ മത്സരങ്ങളെ നശിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു. ബംഗളൂരു എഫ്.സിയെ കുറിച്ച് അഭിമാനിക്കുന്നു. നിങ്ങളിന്ന് തോറ്റിട്ടില്ല. ചില തീരുമാനങ്ങൾ ഞെട്ടിക്കുന്നതായിരുന്നു’ -ജിൻഡാൽ ട്വിറ്ററിൽ കുറിച്ചു. നിശ്ചിത സമയത്ത് എ.ടി.കെ നേടിയ രണ്ടു ഗോളുകളും പെനാൽറ്റിയിലൂടെയായിരുന്നു.
ബംഗളൂരുവിന് അനുകൂലമായും ഒരു പെനാൽറ്റി ലഭിച്ചിരുന്നു. മോഹൻബഗാന് അനുകൂലമായി വിളിച്ച രണ്ടാമത്തെ പെനാൽറ്റി തെറ്റായ തീരുമാനമാണ് എന്നാണ് ബംഗളൂരുവിന്‍റെ വാദം. നംഗ്യാൽ ഭൂട്ടിയയെ ബോക്‌സിൽ പാബ്ലോ പെരസ് വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. പെട്രാറ്റോസ് നേടിയ ഈ ഗോളിലൂടെയാണ് ബഗാൻ മത്സരത്തിലേക്ക് തിരിച്ചുവന്നത്.
പാർഥ് ജിൻഡാലിന്റെ ട്വീറ്റിനെ പരിഹസിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. കർമ ഫലമാണ് ബംഗളൂരു അനുഭവിക്കുന്നത് എന്ന് നിരവധി ആരാധകർ ഇതിനു താഴെ ട്വീറ്റ് ചെയ്തു. ‘റഫറി കാരണം ഫൈനലിലെത്തി, റഫറി കാരണം ഫൈനൽ തോറ്റു, സമതുലിതം’ -ഒരാൾ പോസ്റ്റ് ചെയ്തു.
റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബംഗളൂരുവിനെതിരെയുള്ള മത്സരം കേരള ബ്ലാസ്റ്റേഴ്സ് ബഹിഷ്‌കരിച്ചത് നേരത്തെ പാർഥ് ജിൻഡാൽ ചോദ്യം ചെയ്തിരുന്നു. ബഹിഷ്‌കരണ തീരുമാനം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിനെ എങ്ങനെ ചിത്രീകരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.