സ്വന്തം തട്ടകത്തിൽ ഒഡിഷയെ നേരിടാൻ ബംഗളൂരു എഫ്.സി
text_fieldsബംഗളൂരു: സീസണിൽ കാര്യമായ വിജയം രേഖപ്പെടുത്താനാവാതെ പോയന്റ് പട്ടികയിൽ കിതക്കുന്ന മുൻ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി വിലപ്പെട്ട വിജയം തേടി സ്വന്തം മൈതാനത്ത് ശനിയാഴ്ച ഒഡിഷ എഫ്.സിയെ നേരിടാനൊരുങ്ങുന്നു. വൈകീട്ട് 5.30ന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.
ഐ.എസ്.എൽ പോയന്റ് പട്ടികയിൽ അഞ്ചാമതുള്ള ഒഡിഷയുമായുള്ള പോരാട്ടം ജയിച്ച് പ്ലേഓഫ് പ്രതീക്ഷ നിലനിർത്തുകയാണ് സുനിൽ ഛേത്രിയുടെയും കൂട്ടരുടെയും ലക്ഷ്യം. 13 കളിയിൽനിന്ന് ഏഴു ജയവും അഞ്ചു തോൽവിയും ഒരു സമനിലയുമായി 22 പോയന്റാണ് ഒഡിഷയുടെ സമ്പാദ്യം.
ഇത്രയും കളിയിൽനിന്ന് നാലു ജയം മാത്രമാണ് ബംഗളൂരുവിനുള്ളത്. ഒരു സമനിലയും എട്ടും തോൽവിയും. പോയന്റ് 13. ശേഷിക്കുന്ന മത്സരങ്ങളെല്ലാം പോയന്റ് പട്ടികയിൽ മുന്നിൽനിൽക്കുന്ന ടീമുകളോടായതിനാൽ വിജയത്തിൽ കുറഞ്ഞ ഒന്നും അവസാന ആറിലേക്കെത്താൻ ബംഗളൂരുവിന് തുണയാവില്ല.
അവസാനം കളിച്ച നാലു മത്സരങ്ങളിൽ രണ്ടു ജയവും രണ്ടു തോൽവിയുമാണ് ബംഗളൂരുവിന്റെ സമ്പാദ്യം. ഈ കണക്കിന്റെ പ്രതീക്ഷയിലാണ് ടീംവർക്കിൽ മികച്ചു നിൽക്കുന്ന ഒഡിഷക്കെതിരെ സ്വന്തം തട്ടകത്തിൽ ബൂട്ടുകെട്ടുന്നത്. ടീമിന്റെ ആക്രമണത്തിന്റെ കുന്തമുനയായി കോച്ച് സൈമൺ ഗ്രേസൺ കളത്തിലിറക്കിയ റോയ് കൃഷ്ണയിൽനിന്ന് കാര്യമായ സംഭാവനകളില്ലാത്തതും ഛേത്രി പഴയ ഫോമിന്റെ നിഴലിലായതുമാണ് ബംഗളൂരുവിന് തിരിച്ചടിയായത്.
ഓപൺ പ്ലേയിൽ ഇതുവരെ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് ഗോൾ നേടാനായിട്ടില്ല എന്നതാണ് ദുരന്തം. ഛേത്രിയുടെ ഏക ഗോൾ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിൽ പെനാൽറ്റിയിൽനിന്നായിരുന്നു.
രണ്ടാം മത്സരത്തിൽ ചെന്നൈക്കെതിരെ ഒരു ഗോൾ നേടിയശേഷം റോയ്കൃഷ്ണയുടെ ബൂട്ടിൽനിന്ന് പിന്നീടൊരു സംഭാവനയും ടീമിന് കിട്ടിയിട്ടില്ല. മധ്യനിരതാരം യാവിയർ ഹെർണാണ്ടസാണ് സ്കോറിങ്ങിൽ ടീമിന്റെ രക്ഷകനാവുന്നത്. ഗോവക്കെതിരെ നേടിയ ഡബ്ളടക്കം യാവി ഹെർണാണ്ടസ് ഇതുവരെ നാലു ഗോൾ ടീമിനായി നേടി.
അലൻകോസ്റ്റ രണ്ടും ഡാനിഷ് ഫാറൂഖ്, ശിവശക്തി നാരായണൻ എന്നിവർ ഓരോ ഗോളും നേടി. എന്നാൽ, ടീമിന്റെ പിഴവ് ഫിനിഷിങ്ങിലാണെന്ന് വഴങ്ങിയ ഗോളുകളുടെ കണക്ക് നോക്കുമ്പോൾ മനസ്സിലാവും. ഇതുവരെ ബംഗളൂരു വഴങ്ങിയത് 18 ഗോളുകളാണ്. പോയന്റ് പട്ടികയിൽ മൂന്നാമതുള്ള കേരള ബ്ലാസ്റ്റേഴ്സ് പോലും 19 ഗോൾ വഴങ്ങിയിട്ടുണ്ട്.
കൂടുതൽ ഗോളുകൾ വഴങ്ങാതിരിക്കുമ്പോഴും എതിർ ഗോൾമുഖത്ത് അപകടം വിതക്കാൻ ബംഗളൂരു മുന്നേറ്റനിരക്ക് കഴിയാതെ പോകുന്നു. അവസാന മത്സരത്തിൽ പോയന്റ് പട്ടികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ പോലും ഒരു ഗോൾ വഴങ്ങി ഏറെ വിയർത്താണ് ബംഗളൂരു ജയിച്ചുകയറിയത്.
അതും ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിൽ നേടിയ സെറ്റ്പീസ്ഗോളിൽ. നോർത്ത് ഈസ്റ്റിനെതിരെ ഛേത്രിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയാണ് കോച്ച് ടീമിനെ ഇറക്കിയത്. പരീക്ഷണങ്ങൾക്ക് ഇനി കളികൾ ബാക്കിയില്ലാത്തതിനാൽ ശേഷിക്കുന്ന ഏഴു മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ബംഗളൂരു പ്ലേഓഫ് കാണില്ലെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.