‘ബെൻസേമയുടെ പൗരത്വം റദ്ദാക്കണം, ബാലൻ ഡി ഓർ തിരിച്ചെടുക്കണം’; ഗസ്സ ഐക്യദാർഢ്യത്തിനെതിരെ ഫ്രഞ്ച് രാഷ്ട്രീയ നേതാക്കൾ
text_fieldsപാരിസ്: ഇസ്രായേൽ നരഹത്യക്കെതിരെ ഗസ്സക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്രഞ്ച് ഫുട്‌ബാൾ സൂപ്പർ താരം കരീം ബെൻസേമക്കെതിരെ ഫ്രാൻസിലെ രാഷ്ട്രീയ നേതാക്കൾ. ഫ്രാൻസ് ഭീകര സംഘടനയായി കണക്കാക്കുന്ന മുസ്‌ലിം ബ്രദർഹുഡുമായി ബെൻസേമക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാർഡ് ഡാർമനിൻ രംഗത്തെത്തിയതിന് പിന്നാലെ താരത്തിന്റെ പൗരത്വവും ബാലൻ ഡി ഓർ പുരസ്‌കാരവും റദ്ദാക്കണമെന്ന ആവശ്യവുമായി ഫ്രഞ്ച് സെനറ്റ് അംഗം വാലേറി ബോയറും രംഗത്തെത്തി.
‘സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കാത്ത അന്യായമായ ബോംബാക്രമണത്തിന് ഒരിക്കൽ കൂടി ഇരയായ ഗസ്സ നിവാസികൾക്ക് എല്ലാ പ്രാർഥനകളും’ എന്നാണ് ബെൻസേമ സമൂഹ മാധ്യമമായ 'എക്‌സി'ൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രദർഹുഡ് ആരോപണവുമായി എത്തിയത്. മന്ത്രിയുടെ ആരോപണം സ്ഥിരീകരിക്കപ്പെട്ടാൽ പൗരത്വം റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികൾ വേണമെന്ന് സെനറ്റർ ആവശ്യപ്പെട്ടു. തുടക്കത്തിൽ പ്രതീകാത്മക നടപടി എന്ന നിലയിൽ ബാലൻ ഡി ഓർ പുരസ്‌കാരം പിൻവലിക്കണമെന്നായിരുന്നു ആവശ്യം. അടുത്ത ഘട്ടത്തിൽ പൗരത്വം റദ്ദാക്കാനും ആവശ്യപ്പെടണമെന്നും ബോയർ പറഞ്ഞു. ഫ്രാൻസിൽ ഇരട്ട പൗരത്വമുള്ള, അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ഒരാൾ ഇത്തരത്തിൽ നമ്മുടെ രാജ്യത്തെ ചതിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആരോപണം കള്ളമാണെന്ന് ബെൻസേമയുടെ അഭിഭാഷകൻ ഹുഗ്യൂസ് വിഗിയർ വാർത്ത കുറിപ്പിലൂടെ പ്രതികരിച്ചു. ബ്രദർഹുഡുമായി കരീം ബെൻസേമക്ക് നേരിയ ബന്ധം പോലുമില്ല. യുദ്ധക്കുറ്റമെന്ന് ഇപ്പോൾ എല്ലാവരും വിശേഷിപ്പിക്കുന്ന ഗസ്സയിലെ ആക്രമണത്തിൽ സ്വാഭാവികമായ സഹാനുഭൂതിയാണ് താരം പ്രകടിപ്പിച്ചത്. ഒക്ടോബർ ഏഴിന് നടന്ന ഭീകരാക്രമണത്തിന്റെ ഭീകരതയിൽനിന്ന് ഒരു നിലക്കുമുള്ള ശ്രദ്ധ തിരിക്കലല്ല ഇത്. ഫ്രഞ്ച് ആഭ്യന്തര മന്ത്രിക്കെതിരെ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.