ബൂട്ടിയ വീണ്ടും കളത്തിൽ: എ.ഐ.എഫ്.എഫ് പ്രസിഡൻറ് സ്ഥാനത്തേക്ക് പുതിയ പത്രിക നൽകി
text_fieldsന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ദേശീയ ടീം മുൻ ക്യാപ്റ്റൻ ബൈച്യൂങ് ബൂട്ടിയ വീണ്ടും നാമനിർദേശ പത്രിക സമർപ്പിച്ചു. ആന്ധ്രപ്രദേശ് ഫുട്ബാൾ അസോസിയേഷനാണ് ബൂട്ടിയയെ നിർദേശിച്ചത്. രാജസ്ഥാൻ ഫുട്ബാൾ അസോസിയേഷൻ പിന്താങ്ങി.
നേരത്തേ, ബൂട്ടിയ മുൻ താരങ്ങളുടെ പിന്തുണയോടെ പത്രിക നൽകിയിരുന്നു. എന്നാൽ, ഫിഫ വിലക്ക് നീക്കുകയെന്ന ലക്ഷ്യത്തോടെ വീണ്ടും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഫിഫ ചട്ടപ്രകാരം സംസ്ഥാന അസോസിയേഷനുകൾക്ക് മാത്രമാണ് വോട്ടവകാശം.
എ.ഐ.എഫ്.എഫ് ഭരണം താൽക്കാലികമായി നിർവഹിക്കാൻ സുപ്രീംകോടതി ചുമതലപ്പെടുത്തിയ കാര്യനിർവഹണ സമിതി 36 ഉന്നത താരങ്ങളെയും വോട്ടർമാരാക്കിയത് ഒഴിവാക്കിയാണ് പുതിയ വിജ്ഞാപനം. ഇതോടെ സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണയില്ലെങ്കിൽ ബൂട്ടിയക്ക് മത്സരിക്കാനാവില്ലെന്നായി.
പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയതായും ആ ജോലി നിർവഹിക്കാൻ അനുയോജ്യനാണെന്ന് തോന്നുന്നുവെന്നും ബൂട്ടിയ വാർത്താ ഏജൻസിയോട് പറഞ്ഞു. രാജ്യത്തിന് വേണ്ടിയും മുൻനിര ക്ലബുകൾക്കായും നിരവധി മത്സരങ്ങൾ കളിച്ചു.
ഭരണപരമായ കാര്യങ്ങളിലും മുൻപരിചയമുണ്ട്. കായിക മന്ത്രാലയത്തിന്റെ മിഷൻ ഒളിമ്പിക്സ് സെല്ലിലടക്കമുണ്ടായിരുന്നു. ഇന്ത്യൻ ഫുട്ബാളിനെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിൽനിന്നുള്ള ബി.ജെ.പി നേതാവും മുൻ മോഹൻബഗാൻ-ഈസ്റ്റ് ബംഗാൾ ഗോൾകീപ്പറുമായ കല്യാൺ ചൗബെയും പത്രിക നൽകിയിട്ടുണ്ട്. പ്രസിഡന്റ് സാധ്യതകളിൽ മുന്നിലുള്ള ചൗബെയെ ഗുജറാത്ത് ഫുട്ബാൾ അസോസിയേഷൻ നിർദേശിക്കുകയും അരുണാചൽ പ്രദേശ് പിന്താങ്ങുകയും ചെയ്തു. സെപ്റ്റംബർ രണ്ടിനാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.