ബൂട്ടിയക്ക് കിട്ടിയത് ഒറ്റ വോട്ട്; അഖിലേന്ത്യ ഫുട്‌ബാൾ ഫെഡറേഷനെ ഇനി ബി.ജെ.പി നേതാവ് കല്യാൺ ചൗബേ നയിക്കും
text_fieldsന്യൂഡൽഹി: അഖിലേന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) പ്രസിഡന്റായി മുൻ ഇന്ത്യൻ താരം കല്യാൺ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചൂങ് ബൂട്ടിയയെ തോൽപിച്ചാണ് ബംഗാളിൽനിന്നുള്ള ബി.ജെ.പി നേതാവ് കൂടിയായ ചൗബേ എ.ഐ.എഫ്.എഫ് തലവനാകുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു കായികതാരം ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. ബൂട്ടിയക്ക് ഒറ്റ വോട്ട് മാത്രം ലഭിച്ചപ്പോൾ ചൗബേ 33 വോട്ട് നേടി. കർണാടക ഫുട്ബാള്‍ അസോസിയേഷൻ തലവൻ എൻ.എ. ഹാരിസാണ് വൈസ് പ്രസിഡന്റ്. ജനറൽ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്കടക്കം ബി.ജെ.പിയുടെ പിന്തുണയോടെ മത്സരിച്ച ഔദ്യോഗിക പാനൽ വിജയിച്ചു.
ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാന്റെയും ഗോൾ കീപ്പറായിരുന്നു കല്യാൺ ചൗബേ. സീനിയർ ദേശീയ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒറ്റ മത്സരവും കളിക്കാനായിരുന്നില്ല. 2019ൽ ബംഗാളിലെ കൃഷ്ണനഗറിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി നേതാവ് മഹുവ മൊയ്ത്രയോട് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ നേതാവ് സദന്‍ പാണ്ഡെയോടും തോൽവിയറിഞ്ഞു.
സംസ്ഥാന അസോസിയേഷനുകളുടെ 34 പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. കേരള ഫുട്‌ബാൾ അസോസിയേഷൻ സെക്രട്ടറി പി. അനിൽകുമാർ ഉൾപ്പടെ 14 പേർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻതാരങ്ങളുടെ പ്രതിനിധിയായി മുൻ ക്യാപ്റ്റൻ ഐ.എം വിജയനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.