തെരുവിലെ ദുരിതകാല ഓർമകൾ കരുത്താക്കി ബിബിൻ അജയൻ കേരളത്തിനായി ബൂട്ടുകെട്ടും
text_fieldsആലുവ: സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ബൂട്ടുകെട്ടുമ്പോൾ തെരുവിലെ ദുരിതകാല ഓർമകൾ ബിബിൻ അജയന് കരുത്തേകും. തെരുവ് ജീവിതത്തിൽനിന്ന് ജനസേവ ശിശുഭവനിൽ എത്തിപ്പെട്ട ബിബിൻ അറിയപ്പെടുന്ന ഫുട്ബാൾ കളിക്കാരനായി മാറിയത് ജനസേവ സ്പോർട്സ് അക്കാദമിയിലൂടെയാണ്. ബിബിൻ ആദ്യമായാണ് കേരളത്തിനായി സന്തോഷ് ട്രോഫി കളിക്കുന്നത്. 2016ൽ ഝാർഖണ്ഡ് സന്തോഷ് ട്രോഫി ടീമിൽ ഇടംനേടിയിരുന്നു. അന്ന് സന്തോഷ്ട്രോഫിയിൽ കളിക്കുന്ന ഏറ്റവും പ്രായകുറഞ്ഞ കളിക്കാരൻ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.
2006 ജൂൺ 27നാണ് എട്ടുവയസ്സുകാരൻ ബിബിന്‍റെയും സഹോദരങ്ങളായ അഖിൽ (6), റീതു (3), കാവ്യ (1) എന്നിവരുടെയും സംരക്ഷണം ജനസേവ ശിശുഭവൻ ഏറ്റെടുത്തത്. കൊല്ലം പാലക്കാകടവിൽ സ്വദേശിനിയായ വസന്തയാണ് അമ്മ.
നെടുമങ്ങാട് ആനപ്പാറ സ്വദേശിയും കൂലിപ്പണിക്കാരനുമായിരുന്ന അജയനുമായുള്ള വിവാഹശേഷം വസന്തയുടെ ജീവിതം ദുസ്സഹമായിരുന്നു. കൂലിപ്പണിക്കായി പലയിടങ്ങളിലും ചുറ്റിക്കറങ്ങിയ ഇവർ നാലുമക്കളോടൊപ്പം തെരുവോരങ്ങളിലും കടത്തിണ്ണകളിലുമാണ് അന്തിയുറങ്ങിയിരുന്നത്. മദ്യപാനിയായ അജയൻ വസന്തയെ നിരന്തരം മർദിക്കുമായിരുന്നു.
കൊലപ്പെടുത്താൻ വരെ ശ്രമിച്ചിട്ടുണ്ട്. ഒരിക്കൽ സിമൻറ് കട്ടകൊണ്ട് ഭർത്താവ് തലക്കടിച്ചതിനെ തുടർന്ന് രക്തം വാർന്ന് തേവരയിലെ കടത്തിണ്ണയിൽ കിടന്നിരുന്ന വസന്തയെക്കുറിച്ച് ചില സാമൂഹ്യപ്രവർത്തകർ 2006 ജൂൺ 25നാണ് ജനസേവ ശിശുഭവനിൽ വിവരം അറിയിച്ചത്. ജനസേവ പ്രവർത്തകർ വസന്തയെ ഉടനടി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷപ്പെടുത്തി. അജയനോടൊപ്പം ജീവിക്കാൻ ഇനി ആഗ്രഹമില്ലെന്നും നാലു മക്കളുടെയും സംരക്ഷണം ഏറ്റെടുക്കണമെന്നുമുള്ള വസന്തയുടെ അപേക്ഷ ജനസേവ സ്വീകരിക്കുകയായിരുന്നു.
2014ലാണ് ബിബിനെ ഝാർഖണ്ഡ് സംസ്ഥാന സുബ്രതോ മുഖർജി ഫുട്ബാൾ ടീമിലേക്ക് തെരഞ്ഞെടുത്തത്. സുബ്രതോ മുഖർജി ടൂർണമെൻറിൽ സെയിൽ - മോഹൻബഗാൻ ടീമിനുവേണ്ടി സ്‌റ്റോപ്പർ പൊസിഷനിൽ കളിക്കാനിറങ്ങിയപ്പോൾ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ബിബിന്‍റെ ഫുട്ബാൾ ജീവിതത്തിൽ വഴിത്തിരിവായത്.
മോഹൻ ബഗാൻ അക്കാദമി അണ്ടർ 17 വിഭാഗത്തിൽ ഇന്ത്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരിൽ 30 പേരിൽ ഒരാളായിരുന്നു. 2011ൽ തൃശൂരിൽ നടന്ന ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ല സബ്ജൂനിയർ ടീമിന്‍റെ ക്യാപ്റ്റനായിരുന്ന ബിബിൻ അതേവർഷം തമിഴ്നാട് നെയ്വേലിയിൽ നടന്ന ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ കേരള സബ്ജൂനിയർ ഫുട്ബാൾ ടീമിന്‍റെ ക്യാപ്റ്റനുമായിരുന്നു. 2008ൽ ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജനസേവ സ്പോർട്സ് അക്കാദമിയിൽ മുൻ സന്തോഷ് ട്രോഫിതാരം സോളിസേവ്യറുടെ കീഴിലുള്ള മികച്ച പരിശീലനമാണ് ബിബിന് ഫുട്ബാളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനായത്.
നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്‌കൂളിലും ആലുവ യു.സി കോളജിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.