യൂറോ കപ്പിൽ വമ്പൻ പോര്; ആദ്യ സെമിയിൽ സ്പെയിൻ ഫ്രാൻസിനെതിരെ
text_fieldsമ്യൂണിക്: അവസാന നാലിലെ വമ്പൻ പോരാട്ടത്തിനായി മ്യൂണികിലെ അലയൻസ് അറീന കാത്തിരിക്കുന്നു. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30ന് മുൻ ജേതാക്കളായ സ്പെയിനും ഫ്രാൻസും തമ്മിലാണ് ആദ്യപോര്. അഞ്ചാം ഫൈനലിനൊരുങ്ങുന്ന സ്പെയിൻ ടൂർണമെന്റിലുടനീളം തകർപ്പൻ ഫോമിലായിരുന്നു. കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചു. യൂറോയിൽ തുടർച്ചയായി ആറ് മത്സരങ്ങൾ ജയിക്കുകയെന്ന റെക്കോഡും സ്പെയിനിനെ കാത്തിരിക്കുന്നുണ്ട്. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജർമനിയെതന്നെ മറികടക്കാനായി. 2023 മുതൽ കളിച്ച 19 മത്സരങ്ങളിൽ 15ലും ജയിച്ചതാണ് സ്പാനിഷ് സംഘം. ലമിൻ യമാലും നിക്കോ വില്യംസുമടങ്ങിയ താരങ്ങൾ മികച്ച ഫോമിലാണ്. 14 ചാൻസുകളാണ് സഹതാരങ്ങൾക്കായി പ്രായം കുറഞ്ഞ താരമായ യമാൽ ഇത്തവണ യൂറോയിൽ വെച്ചുനീട്ടിയത്.
മനോഹരമായ കുറിയ പാസുകളുമായി കളംനിറയുന്ന സ്പെയിൻ ഇത്തവണ പതിവ് രീതി മാറ്റിയിട്ടുണ്ട്. പന്ത് കൈവശം വെക്കുന്നതിനെക്കാൾ ആക്രമണത്തിനാണ് ടീം മുൻതൂക്കം നൽകുന്നത്. പ്രതിരോധത്തിലും തിളങ്ങിനിൽക്കുകയാണ്. ജർമനിക്കെതിരെ 48 ശതമാനമായിരുന്നു പന്തിന്റെ നിയന്ത്രണം. ക്രൊയേഷ്യക്കെതിരെ 47 ശതമാനവും. 2006 മുതൽ 2022 വരെ പ്രധാന ടൂർണമെന്റുകളിൽ 44 മത്സരങ്ങളിൽ പന്തിന്റെ നിയന്ത്രണം കൂടുതലും സ്പെയിനിനായിരുന്നു. 2008ലെ യൂറോ കപ്പ് ഫൈനലിൽ ജർമനിക്കെതിരെ 48 ശതമാനമായതാണ് ഇതിന് അപവാദം. കഴിഞ്ഞ തവണ സെമിയിൽ ഇറ്റലിയോട് തോറ്റാണ് സ്പാനിഷ് ടീം പുറത്തായത്.
പ്രമുഖ താരങ്ങൾ പുറത്തിരിക്കുന്നത് സ്പെയിനിന് വൻതിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. ജർമനിക്കെതിരായ മത്സരത്തിൽ എട്ടാം മിനിറ്റിൽ മിഡ്ഫീൽഡർ പെഡ്രി പരിക്കേറ്റ് കളംവിടിരുന്നു. ജർമനിയുടെ മുതിർന്ന താരമായ ടോണി ക്രൂസിന്റെ ഫൗളായിരുന്നു കാരണം. ഈ പരുക്കനടവിൽ ക്രൂസ് മാപ്പു പറഞ്ഞെങ്കിലും നഷ്ടം ബാക്കിയാകുന്നത് പെഡ്രിക്കും സ്പെയിനിനുമാണ്. രണ്ടാം മഞ്ഞക്കാർഡ് കിട്ടിയ റൈറ്റ് ബാക്ക് ഡാനി കാർവാജലിന്റെ അഭാവവും ടീമിൽ പ്രതിഫലിക്കും. സെൻട്രൽ ഡിഫൻഡർ റോബിൻ നോർമൻഡും സസ്പെൻഷൻ കാരണം കളിക്കില്ല. വെറ്ററൻ താരമായ ജീസസ് നവാസാകും കിലിയൻ എംബാപ്പെയെ തടയാൻ ഇറങ്ങുക. നോർമൻഡിന് പകരം നാച്ചോ ഫെർണാണ്ടസിനാണ് സാധ്യത. പെഡ്രിക്ക് പകരം ഡാൻ ഓൽമേ തന്നെയെത്തും. 36 തവണയാണ് സ്പെയിനും ഫ്രാൻസും പരസ്പരം ഏറ്റുമുട്ടിയത്. 16 എണ്ണത്തിൽ സ്പെയിൻ ജയിച്ചു. 13ൽ ഫ്രാൻസും. ആറാം തവണയാണ് സ്പെയിൻ യൂറോ സെമിയിൽ കളിക്കുന്നത്. 2020ൽ ഒഴികെ അഞ്ച് തവണയും ഫെനലിലെത്തിയിരുന്നു.
മുന്നേറാൻ ഏറെയുണ്ട്
തട്ടിമുട്ടിയാണ് സെമിയിലേക്ക് കടന്നതെന്ന ചീത്തപ്പേര് ഫ്രാൻസിന് മാറ്റേണ്ടതുണ്ട്. ആകെ ഒരു ഗോളടിച്ചത് എംബാപ്പെയാണ്. പോളണ്ടിനെതിരായ പെനാൽറ്റിയിലൂടെയായിരുന്നു ആ ഗോൾ. ടീമിന്റെ മറ്റ് രണ്ട് ഗോളുകൾ എതിരാളികൾ ‘ദാനം’ ചെയ്തതാണ്. ആധികാരികമായ വിജയമാണ് ലക്ഷ്യം. ഗോളടിക്കുന്നില്ലെന്ന പരാതിയിൽ കാര്യമില്ലെന്ന് മിഡ്ഫീൽഡർ യൂസുഫ് ഫൊഫാന പറയുന്നു. ടീം സെമിയിലെത്തിയത് ഓർക്കണമെന്നും വിമർശകരോട് താരം പറയുന്നു. എംബാപ്പെയും അനേറായ്ൻ ഗ്രീസ്മാനും ഫോമിലാകാത്തതാണ് കോച്ച് ദിദിയർ ദെഷാംസിന് ആശങ്കയുണ്ടാക്കുന്നത്.
ആദ്യമായാണ് വമ്പൻ ടൂർണമെന്റിൽ എംബാപ്പെ ക്യാപ്റ്റൻ പദവിയിലെത്തുന്നത്. എന്നാൽ, ആസ്ട്രിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ താരം മാസ്കണിഞ്ഞാണ് കളിക്കുന്നത്. മാസ്കണിയുന്നതിന്റെ അസ്വസ്ഥത എംബാപ്പെയുടെ പ്രകടനത്തിൽ ദൃശ്യവുമാണ്. പോർച്ചുഗലിനെതിരായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുന്ന സമയത്ത് എംബാപ്പെയെ കോച്ച് കളത്തിൽനിന്ന് തിരികെ വിളിച്ചിരുന്നു. ഇത്തവണ 20 ഷോട്ടുകളിൽനിന്നാണ് ഒരു ഗോൾ എംബാപ്പെക്ക് ലഭിച്ചത്. 39 ഷോട്ടുകളിൽനിന്ന് 12 ഗോളാണ് ലോകകപ്പിൽ ഈ താരത്തിന്റെ നേട്ടം. എംബാപ്പെയുടെ മൂക്ക് സംരക്ഷിക്കുന്നതിനൊപ്പം മറ്റ് താരങ്ങൾ ഫോമിലെത്തുകയെന്നതും ഫ്രാൻസിന്റെ പ്രയാണത്തിൽ പ്രധാനമാണ്. സസ്പെൻഷൻ കഴിഞ്ഞ അഡ്രിയാൻ റാബിയോ ടീമിലെത്തും. എഡ്വേഡോ കാമവിഗയും കോളോ മുവാനിയും ഒരുമിച്ച് മുൻനിരയിലുണ്ടാകില്ല.
നാഷൻസ് ലീഗിലും 1984ലെ യൂറോ കപ്പ് ഫൈനലിലും സ്പെയിനിനെ തോൽപിച്ച ചരിത്രമുണ്ട്. 2000ലെ യൂറോ കപ്പ് ക്വാർട്ടറിലും സ്പെയിൻ ഫ്രാൻസിനോട് തോറ്റിരുന്നു. 2012ൽ ഏറ്റുമുട്ടിയപ്പോൾ ഫ്രാൻസിനായിരുന്നു ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.