‘എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സർക്കസ്’, മൊറോക്കോക്കെതിരായ മത്സരത്തെക്കുറിച്ച് മഷറാനോ
text_fieldsപാരീസ്: ഒളിമ്പിക്സ് ഫുട്ബാളിലെ ഉദ്ഘാടന മത്സരത്തിലെ നാടകീയ സംഭവങ്ങളോട് പ്രതികരിച്ച് അർജന്റീന കോച്ച് ഹാവിയർ മഷറാനോ. താൻ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ‘സർക്കസ്’ ആയിരുന്നു ആ മത്സരമെന്ന് മഷറാനോ പറഞ്ഞു. 2-2ന് സമനിലയിലെന്ന് കരുതി കളത്തിൽനിന്ന് കയറി മണിക്കൂറുകൾക്കുശേഷം വാറിൽ സമനിലഗോൾ റദ്ദാക്കുകയും പരാജയം നേരിടേണ്ടി വരികയും ചെയ്തതിന് പിന്നാലെയാണ് മഷറാനോയുടെ പ്രതികരണം.
മൊറോക്കോ 2-1ന് മുന്നിട്ടുനിൽക്കുകയായിരുന്ന മത്സരത്തിൽ 90 മിനിറ്റിനുശേഷം ഇഞ്ചുറി ടൈമിന്റെ 16-ാം മിനിറ്റിലാണ് അർജന്റീന സമനില നേടിയത്. അതിനു പിന്നാലെ മൊറോക്കോ ആരാധകർ ഗ്രൗണ്ട് കൈയേറുകയും താരങ്ങൾക്കുനേരെയും ഗ്രൗണ്ടിലേക്കും കുപ്പികളും മറ്റും എറിയുകയും ചെയ്തതോടെ കളി നിർത്തുകയായിരുന്നു. തുടർന്ന് ഏകദേശം രണ്ടു മണിക്കൂറിനുശേഷം കാണികളെ പുറത്താക്കി അടച്ചിട്ട സ്റ്റേഡിയത്തിൽ ബാക്കി മൂന്നു മിനിറ്റു കൂടി മത്സരം നടത്താൻ റഫറിമാർ തീരുമാനിച്ചു. എന്നാൽ, അതിനുമുമ്പ് നടത്തിയ വാർ പരിശോധനയിൽ അർജന്റീനക്കുവേണ്ടി ഗോൾനേടിയ ക്രിസ്റ്റ്യൻ മഡീന ഓഫ്സൈഡാണെന്ന് വിധിയെഴുതി സമനില ഗോൾ റദ്ദാക്കി. പിന്നീട് മൂന്നുമിനിറ്റും ഇരുടീമും ഗോൾ നേടാതെ പോയപ്പോൾ മൊറോക്കോ വിജയത്തിലെത്തുകയായിരുന്നു.
‘കോച്ചെന്ന നിലയിൽ ഞാൻ ഒരുപാടുകാലമൊന്നുമായിട്ടില്ല. പക്ഷേ, കളിക്കാരനെന്ന നിലക്ക് ഒരുപാടു കാലം ഞാൻ ഫുട്ബാളിലുണ്ടായിരുന്നു. ഇതുപോലൊരു സംഭവം ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സർക്കസ് ആണിത്. അത് അങ്ങിനെ തന്നെ എടുക്കുകയാണ്. നമുക്കത് നിയന്ത്രിക്കാനാവില്ലല്ലോ. ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ച് മുന്നേറുകയെന്നതായിരിക്കണം ലക്ഷ്യമെന്ന് ഞാൻ കുട്ടികളോട് പറഞ്ഞിട്ടുണ്ട്. ഈ മത്സരത്തിലെ സംഭവ വികാസങ്ങൾ അതിനുവേണ്ട ഊർജവും ദാഹവും നിറയ്ക്കാൻ തുണയാകുമെന്ന് ഞങ്ങൾ കരുതുന്നു’ -2004, 2008 ഒളിമ്പിക്സുകളിൽ സ്വർണം നേടിയ അർജന്റീന ടീമിലെ മുന്നണിപ്പോരാളിയായിരുന്ന മഷറാനോ പറഞ്ഞു.
കളി പിന്നീട് തുടരേണ്ടതില്ലെന്ന് ക്യാപ്റ്റന്മാർ തീരുമാനിച്ചിരുന്നതായി മഷറാനോ വ്യക്തമാക്കി. ഒളിമ്പിക്സ് ഫുട്ബാൾ മത്സരങ്ങളുടെ സംഘാടകരായ ‘ഫിഫ’ ആണ് മത്സരം പുനരാരംഭിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ഇങ്ങനെയൊക്കെ സംഭവിച്ച് ടൂർണമെന്റിനെ വിഷലിപ്തമാക്കുന്നത് നാണക്കേടാണ്. ഒരു അയൽപക്ക ടൂർണമെന്റിൽ പോലും ഇത്തരത്തിലൊന്ന് സംഭവിക്കില്ല. കഷ്ടമാണിത്. ഒളിമ്പിക് സ്പിരിറ്റിനപ്പുറം സംഘാടനം നിലവാരമുള്ളതാകണം. നിർഭാഗ്യകരമെന്നു പറയട്ടെ, ഈ സന്ദർഭത്തിൽ അത് അങ്ങനെയല്ലായിരുന്നു’ -മഷറാനോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.