നമ്മ ഊരിൽ ബംഗളൂരു; ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂരു എഫ്.സിക്കെതിരെ
text_fieldsകൊച്ചി: അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കി ടേബിൾ ടോപ്പേഴ്സായെത്തുന്ന അതിഥികളെ വരവേൽക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൂട്ടിക്കിഴിച്ചു വെച്ച കണക്കുകൾ എണ്ണം പറഞ്ഞു തിരിച്ചുനൽകാനുള്ള കൊമ്പന്മാരുടെ വമ്പും ആവേശപ്പോരാട്ടത്തിൽ ആതിഥേയരെ സ്വന്തം തട്ടകത്തിൽ മലർത്തിയടിക്കാനുള്ള നീലപ്പടയുടെ വീര്യവും നിറഞ്ഞ സതേൺ ഡർബിക്ക് ഇന്ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷിയാകും. വെള്ളി രാത്രി 7.30നാണ് മത്സരം.
ബ്ലാസ്റ്റേഴ്സിന് കരുത്ത് എക്കാലവും ടീമിനെ ചേർത്തുപിടിക്കുന്ന ആരാധകർ തന്നെയാണ്. അവർക്ക് മുന്നിൽ ചിരവൈരികളായ ഛേത്രിപ്പടയെ പരാജയപ്പെടുത്തി കഴിഞ്ഞ കാലങ്ങളിലെ കണക്ക് തീർക്കുക എന്നത് തന്നെയാണ് മൈക്കൽ സ്റ്റാറേയുടെയും പടയാളികളുടെയും പ്രധാന ലക്ഷ്യം. തുടർച്ചയായ രണ്ട് സമനിലകൾക്കുശേഷം വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. മുഹമ്മദൻസിനെതിരെ ജയിക്കണമെന്ന സ്റ്റാറേയുടെ ദൃഢനിശ്ചയത്തിനൊപ്പം നിർണായ ചില മാറ്റങ്ങളോടെയാണ് അദ്ദേഹം ടീമൊരുക്കിയിരുന്നത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽനിന്ന ടീമിൽ പിൻനിരയിൽനിന്ന് കോഫിനെ മാറ്റി പെപ്രയെ കൊണ്ടുവന്ന് ആക്രമണത്തിന് വിട്ടതിലൂടെ കളിയുടെ ഗതി മാറി. സ്റ്റാറേയുടെ ആ തന്ത്രം വിജയം കണ്ടു എന്നുവേണം പറയാൻ.
അതേസമയം പ്രതിരോധനിരയുടെ കരുത്തരൊൽപ്പം കുറഞ്ഞതും കാണാതെ പോവാൻ കഴിയില്ല. വിദേശതാരങ്ങളില്ലാതെ ഇന്ത്യൻ കളിക്കാരെ മാത്രം പ്രതിരോധ നിരയിൽ ഉൾപ്പെടുത്തുന്നതിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് സ്റ്റാറേയുടെ പക്ഷം. ഗോൾ കീപ്പർ സച്ചിൻ സുരേഷിന് പകരക്കാരനായി 19 കാരൻ സോംകുമാറിനെ മുഹമ്മദൻസിനെതിരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത് ടീമിന് ഒരൽപം ആശ്വാസമായിരുന്നു. ഫിറ്റ്നസ് വീണ്ടെടുത്താൽ സച്ചിനാവും ബംഗളൂരുവിനെതിരെ വലകാക്കുക. ക്യാപ്റ്റൻ ലൂണ പൂർണ ആരോഗ്യത്തോടെ ടീമിനൊപ്പം ചേർന്നത് ടീമിന്റെ ആക്രമങ്ങൾക്കൊരൽപം ചൂര് കൂടിയിട്ടുണ്ട്. ബംഗളൂരുവിനെതിരെയും ലൂണ ആദ്യ ഇലവനിൽ ഇടംപിടിക്കാനാണ് സാധ്യത. മധ്യനിരയിൽ സ്വദേശിതാരങ്ങളിൽ വിബിൻ മോഹനൊപ്പം ആദ്യ നറുക്ക് വീഴുക ഡാനിഷ് ഫാറൂഖിക്ക് തന്നെയാവും. നോച്ചെയും പ്രീതം കോട്ടാലും നയിക്കുന്ന പ്രതിരോധനിരയിൽ ഡ്രിനിച്ചോ കോഫോ ഇടംപിടിക്കും. ആക്രമണത്തിന് ആദ്യ ഇലവനിൽ ജിമിനെസും നോഹ സദൗയിയും തന്നെയാവും സ്റ്റാറേയുടെ ആദ്യ ചോയ്സ്.
പുതിയ സീസണിൽ മികച്ച ഫോമിലാണ് ബംഗളൂരു എഫ്.സി. കളത്തിലിറങ്ങിയ അഞ്ച് മത്സരങ്ങളിൽ നാല് ജയവും ഒരു സമനിലയുമായി 13 പോയന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ടീം. രാഹുൽ ബേഹ്കെയും നിഖിൽ പൂജാരിയും റോഷൻ സിങ്ങും നയിക്കുന്ന പ്രതിരോധനിരയാണ് പ്രധാന കരുത്ത്. കൂടെ ഗോൾ ബാറിന് താഴെ തുറക്കാത്ത വാതിലുമായി ഗുർപ്റീത്ത് കൂടി ചേരുമ്പോൾ ബ്ലാസ്റ്റേഴ്സിന് എതിർവല കുലുക്കാൻ ഒരൽപം വിയർക്കേണ്ടിവരും. അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഒരു ഗോളുപോലും വഴങ്ങിയില്ലെന്നതും ടീമിന്റെ പ്രതിരോധനിരയുടെ കരുത്ത് തെളിയിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.