ഒരുങ്ങാൻ ബ്ലാസ്റ്റേഴ്സ് വരുന്നു
text_fieldsദുബൈ: ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ കേരളത്തിന്‍റെ കണ്ണീർ വീഴ്ത്തി ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ കിരീടത്തിൽ ഹൈദരാബാദ് മുത്തമിട്ടപ്പോൾ ടി.വിയിലും മൊബൈലിലും കണ്ട് കണ്ണീർ വാർത്തവരാണ് പ്രവാസി മലയാളികൾ. കേരളത്തിന്‍റെ നെഞ്ചിടിപ്പായ ബ്ലാസ്റ്റേഴ്സിന്‍റെ ഓരോ മത്സരങ്ങളും ഗാലറിയുടെ ആവേശത്തിനൊപ്പം പ്രവാസിമുറികളെയും പുളകം കൊള്ളിക്കാറുണ്ട്.
കഴിഞ്ഞ സീസണിൽ പെനാൽറ്റി സ്പോട്ടിന് നടുവിൽ നഷ്ടമായ സ്വപ്നകിരീടം സ്വന്തമാക്കാൻ കച്ചമുറുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇതാ പ്രവാസികളെ തേടി മരുനാട്ടിലേക്ക് വരുന്നു. ഐ.എസ്.എൽ ഒരുക്കങ്ങളുടെ ഭാഗമായ ആദ്യ പ്രി സീസൺ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് 17ന് യു.എ.ഇയിൽ എത്തും. കോച്ച് ഇവാൻ വുകുമനോവിച്ചിന്‍റെ നേതൃത്വത്തിൽ ഫുൾ ടീമാണ് ഇമാറാത്തി മണ്ണിൽ ബൂട്ട് കെട്ടിയിറങ്ങുന്നത്. ഈ മാസം 20 മുതൽ 27 വരെ മൂന്ന് മത്സരങ്ങൾ കളിക്കും.
സ്പോർട്സ് ടൂറിസം കമ്പനിയായ എച്ച് 16നാണ് ബ്ലാസ്റ്റേഴ്സിനെ യു.എ.ഇയിൽ എത്തിക്കുന്നത്. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, കെ.പി. രാഹുൽ, പ്രശാന്ത്, ബിജോയ് വർഗീസ് ഉൾപെടെ 45 അംഗ ടീമാണ് എത്തുന്നത്. ഈ സീസണിലേക്കുള്ള പരീക്ഷണ ഭൂമിയായതിനാൽ പ്രധാന താരങ്ങളെയെല്ലാം കളത്തിലിറക്കിയായിരിക്കും മത്സരം. ഗാലറിക്ക് ആവേശം പകരാൻ മഞ്ഞപ്പട ഫാൻസുമുണ്ടാവും.
ആഗസ്റ്റ് 20ന് രാത്രി 7.30ന് ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ദുബൈയിലെ ഏറ്റവും പഴയ ക്ലബ്ബും പ്രമുഖ ടീമുമായ അൽ നാസ്ർ ക്ലബ്ബുമായാണ് ആദ്യ പോരാട്ടം. 15,000 പേർക്ക് ഇരിക്കാവുന്ന അൽ മക്തൂം സ്റ്റേഡിയം നിറയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 2019 ഏഷ്യ കപ്പിൽ ആറ് മത്സരങ്ങൾക്ക് ആതിഥ്യം വഹിച്ച സ്റ്റേഡിയമാണിത്. സെപ്റ്റംബറിൽ അടുത്ത ലീഗിന് ഒരുങ്ങുന്ന അൽ നാസ്ർ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഇത് നിർണായക പരിശീലന മത്സരമാണ്.
ഫുജൈറ ദിബ്ബയിലെ പുതിയ സ്റ്റേഡിയത്തിൽ 25നാണ് രണ്ടാം മത്സരം. 1000 കോടി ദിർഹം ചെലവിൽ നിർമിച്ച സ്റ്റേഡിയത്തിൽ കയറാനും കളി കാണാനുമുള്ള അവസരമാണ് പ്രവാസികൾക്ക് ഇതോടെ ലഭിക്കുന്നത്. 10,000 കാണികളെ ഈ സ്റ്റേഡിയത്തിന് ഉൾക്കൊള്ളാനാവും. നിലവിൽ സെർബിയയിൽ പരിശീലനം നടത്തുന്ന ദിബ്ബ ക്ലബ്ബാണ് എതിരാളികൾ. ഹത്തയിലെ ഹംദാൻ ബിൻ റാഷിദ് സ്റ്റേഡിയത്തിൽ 28ന് നടക്കുന്ന അവസാന മത്സരത്തിൽ ഹത്ത എഫ്.സിയാണ് എതിരാളികൾ. നിലവിൽ തുർക്കിയിലാണ് ഹത്ത ടീം. 5000 പേരാണ് ഈ സ്റ്റേഡിയത്തിൽ കളി കാണാൻ എത്തുക.
ദുബൈയിലെ നമ്പർ വൺ ക്ലബ്ബായ അൽ അഹ്ലി ക്ലബ്ബിന്‍റെ മുൻ താരം താരമായ ഹസൻ അലി ഇബ്രാഹിം അൽ ബലൂഷി ചെയർമാനായ എച്ച് 16 സ്പോർട്സാണ് ടൂർണമെന്‍റിന്‍റെ സംഘാടകർ. അൽ വാസൽ ക്ലബ്ബിൽ മറഡോണയുടെ കീഴിൽ കളിച്ചുവളർന്ന ഹസൻ അലി ആദ്യ ഗൾഫ് കപ്പ് നേടിയ യു.എ.ഇ ടീം അംഗമാണ്. കഴിഞ്ഞ സീസണിൽ ഷാർജ ദെയ്ദ് ക്ലബ്ബിന്‍റെ പരിശീലകനായിരുന്നു. എച്ച് 16ന് കൊച്ചിയിലും അക്കാദമിയുണ്ട്. ഒക്ടോബറിലാണ് ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുന്നത്.
ടിക്കറ്റ് വിൽപന തുടങ്ങി
കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രി സീസൺ മത്സരത്തിന്‍റെ ടിക്കറ്റ് വിൽപന തുടങ്ങി. www.q-tickets.com/.../hala-blasters-uae-tour-2022 എന്ന ലിങ്ക് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഗോൾഡ്, സിൽവർ, ഡയമണ്ട് എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലാണ് ടിക്കറ്റ്. 35, 55, 110 ദിർഹം വീതമാണ് ടിക്കറ്റ്. ഫാമിലി ടിക്കറ്റുമുണ്ട്. 20ന് രാത്രി 7.30ന് ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിൽ അൽ നസ്ർ ക്ലബ്ബിനെതിരായി നടക്കുന്ന ആദ്യ മത്സരത്തിന്‍റെ ടിക്കറ്റ് വിൽപനയാണ് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.