ഡ്രിൻസിചിന്‍റെ രാജകീയ തിരിച്ചുവരവ്; ആദ്യ ഐ.എസ്.എൽ ഗോൾ; ഹൈദരാബാദിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് ഒന്നാമത്
text_fieldsകൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് എഫ്.സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിന്‍റെ കുതിപ്പ്. ജയത്തോടെ മഞ്ഞപ്പട്ട പോയന്‍റ് പട്ടികയിൽ ഒന്നാമതെത്തി.
ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജയം. പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ചാണ് (41ം മിനിറ്റിൽ) വിജയഗോൾ നേടിയത്. മുംബൈ സിറ്റി എഫ്.സിക്കെതിരായ മത്സരത്തിൽ ചുവപ്പു കാർഡും മൂന്നു മത്സര വിലക്കും നേരിട്ട താരം ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ടീമിൽ മടങ്ങിയെത്തിയത്. സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ അഞ്ചാം ജയമാണിത്. ഏഴു മത്സരത്തിൽനിന്ന് 16 പോയന്‍റുമായാണ് ഒന്നാമത്.
രണ്ടാമതുള്ള ഗോവക്ക് അഞ്ചു മത്സരങ്ങളിൽനിന്ന് 13 പോയന്‍റ്. വലതു പാർശ്വത്തിൽനിന്ന് ബോക്സിന്‍റെ മധ്യത്തിലേക്ക് നായകൻ അഡ്രിയാൻ ലൂണ നൽകിയ മനോഹരമായ ക്രോസ് മിലോസ് ഡ്രിൻസിച് വലതു കാൽ കൊണ്ട് അനായാസം വലയിലാക്കുകയായിരുന്നു. ഐ.എസ്.എല്ലിൽ താരത്തിന്‍റെ ആദ്യ ഗോളാണിത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇരുടീമും ഏറെക്കുറെ ഒപ്പത്തിനൊപ്പം നിന്ന പോരാട്ടമായിരുന്നു.
പന്തു കൈവശം വെക്കുന്നതിൽ നേരിയ മുൻതൂക്കം സന്ദർശകർക്കായിരുന്നു. രണ്ടാം പകുതിയിൽ മുഹമ്മദ് അയ്മന് പകരം കെ.പി. രാഹുൽ കളത്തിലെത്തിയതോടെ ബ്ലാസ്റ്റേഴ്സിന്‍റെ വിങ്ങിലൂടെയുള്ള ആക്രമണത്തിന് മൂർച്ചകൂടി. 52ാം മിനിറ്റിൽ ലൂണയുടെ ക്രോസിൽനിന്നുള്ള ഡ്രിൻസിചിന്‍റെ ഒരു സൂപ്പർ ഹെഡർ ഗോളി കൈയിലൊതുക്കി. ടാർഗറ്റിൽ ഹൈദരാബാദ് മൂന്നു ഷോട്ടുകൾ തൊടുത്തപ്പോൾ, ബ്ലാസ്റ്റേഴ്സിന്‍റെ കണക്കിൽ രണ്ടെണ്ണം മാത്രം. ഈമാസം 29ന് കൊച്ചിയിൽ ചെന്നൈയിൻ എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.