ബ്ലാസ്റ്റേഴ്‌സിന്റെ ബസിനും 'പൂട്ട്'; ഫിറ്റ്‌നസ് റദ്ദാക്കി
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബസിനും മോട്ടോർ വാഹന വകുപ്പിന്റെ പൂട്ട്. ബസിന്റെ ഫിറ്റ്‌നസ് അധികൃതർ സസ്‌പെൻഡ് ചെയ്തു. വിശദ പരിശോധനകൾക്ക് ശേഷമാണ് നടപടി. ഹൈകോടതി നിർദേശപ്രകാരം ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയ കളർ കോഡ് പാലിക്കാത്തതിനാൽ കഴിഞ്ഞ ശനിയാഴ്ച ബസുടമകൾക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിരുന്നു. മത്സരം കഴിഞ്ഞ് താരങ്ങളെ വിട്ടശേഷം ബസ് ഹാജരാക്കാനായിരുന്നു എറണാകുളം ആർ.ടി.ഒയുടെ നിർദേശം. എന്നാൽ, ബസ് ഹാജരാക്കാത്തതിനാൽ അധികൃതർ നേരിട്ടെത്തി വിശദ പരിശോധന നടത്തുകയായിരുന്നു.
നിരവധി നിയമലംഘനങ്ങൾ ബസിൽ കണ്ടെത്തിയതിനാലാണ് ഫിറ്റ്‌നസ് സസ്‌പെൻഡ് ചെയ്തതെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. ബസിന്റെ ടയറുകൾ അപകടാവസ്ഥയിലായിരുന്നെന്നാണ് ഒരു കണ്ടെത്തൽ. ഫസ്റ്റ് എയ്ഡ് ബോക്‌സിൽ മരുന്നുകളുണ്ടായിരുന്നില്ല, റിയർ വ്യൂ മിററും ബോണറ്റും തകർന്നിരുന്നു തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി. അപകടകരമായ നിലയിൽ സ്റ്റിക്കർ പതിച്ചതും ഫിറ്റ്‌നസ് റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ 14 ദിവസത്തെ സമയം ഉടമകൾക്ക് നൽകിയിട്ടുണ്ട്. അതുവരെ സർവിസ് നടത്താൻ പാടില്ലെന്നാണ് നിർദേശം.
ബ്ലാസ്റ്റേഴ്സിന് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്നതാണ് ടൂറിസ്റ്റ് ബസ്. താരങ്ങളുടെ യാത്രക്കാണ് ഇതുപയോഗിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.