തിരിച്ചുവരവിന്റെ പാതയിൽ ബ്ലാസ്റ്റേഴ്സ്
text_fieldsകേരള ബ്ലാസ്റ്റേഴ്സ്- ഒഡിഷ എഫ്.സി മത്സരത്തിൽ നിന്ന്
കൊച്ചി: തോൽവികളുടെ തുടർച്ചയിൽനിന്നുമാറി തിരിച്ചുവരവിന്റെ പാതയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ രണ്ട് കളിയിലും വിജയം കൈവരിച്ച ടീം ഈ സ്പിരിറ്റ് കാത്തു സൂക്ഷിച്ച്, പ്ലേ ഓഫിൽ കയറിക്കൂടിയെങ്കിൽ എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഏറ്റവുമൊടുവിൽ തിങ്കളാഴ്ച ഒഡിഷ എഫ്.സിക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ്, വാശിയേറിയ മത്സരത്തിനൊടുവിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയം സ്വന്തമാക്കിയിരുന്നു. ഇതിന് തൊട്ടുമുമ്പത്തെ കളിയിലാണെങ്കിൽ പഞ്ചാബ് എഫ്.സിയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഏക ഗോളിന് തരിപ്പണമാക്കി.
2025 തുടങ്ങിയ ശേഷമുള്ള രണ്ട് കളിയിലും തോൽവി അറിയാതെ മുന്നേറുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. എന്നാൽ, പതിവുപോലെ ഇടക്ക് നില മെച്ചപ്പെടുത്തി, വീണ്ടും പഴയ തകർച്ചയിലേക്ക് കൂപ്പുകുത്തുമോയെന്ന ആശങ്കയും ആരാധകർക്ക് ഇല്ലാതില്ല. അടുത്ത കാലം വരെ ഒമ്പത്, പത്ത് സ്ഥാനങ്ങളിലായിരുന്നു ഐ.എസ്.എൽ സീസൺ റാങ്ക് പട്ടികയിൽ ബ്ലാസ്റ്റേഴ്സെങ്കിൽ ഒഡിഷയെ മലർത്തിയടിച്ച് ഒമ്പതിൽനിന്ന് നില മെച്ചപ്പെടുത്തി എട്ടിലേക്കുമെത്തി.
സൂപ്പർ താരങ്ങളായ നോഹ സദോയി, ജീസസ് ജിമെനസ്, ക്വാമേ പെപ്ര എന്നിവരാണ് ടീമിന്റെ വിജയശിൽപികൾ. ആദ്യപകുതിയിൽ ഒറ്റ ഗോളുമായി ഒഡിഷ മുന്നേറ്റം തുടർന്നപ്പോൾ രണ്ടാം പകുതിയിൽ അടിക്ക് തിരിച്ചടി, വീണ്ടുമടി എന്നതുപോലുള്ള പോരാട്ടമാണ് കളിക്കളത്തിൽ കണ്ടത്. എന്നാൽ, ഗോൾകീപ്പർ സചിൻ സുരേഷിൽനിന്നുണ്ടായ ശ്രദ്ധക്കുറവുമൂലം രണ്ടുഗോളിന് സമനില വഴങ്ങേണ്ടിയിരുന്ന മത്സരത്തിൽ അധികസമയത്ത് സുന്ദരമായൊരു ഗോളിലൂടെ നോഹ വഴി തിരിച്ചുവിട്ടതോടെയാണ് ജയം ബ്ലാസ്റ്റേഴ്സിനൊപ്പം പോന്നത്.
നിലവിൽ 16 മത്സരത്തിൽ ആറു വിജയമാണ് ടീമിനുള്ളത്. ശേഷിക്കുന്നത് രണ്ടു സമനിലയും എട്ട് തോൽവിയും. അടുത്തതായി നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയെയാണ് മഞ്ഞപ്പടക്ക് നേരിടാനുള്ളത്. ഈ വരുന്ന ശനിയാഴ്ച കൊച്ചിയിൽ നടക്കുന്ന കളിയിലും ജയം മാത്രം പ്രതീക്ഷിച്ചാണ് ടീം ഇറങ്ങുക. റാങ്ക് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ടീമാണ് നോർത്ത് ഈസ്റ്റ്. ഇതിനുശേഷം ജനുവരി 24ന് ബ്ലാസ്റ്റേഴ്സിന്റെ അങ്കം റാങ്കിങ്ങിൽ തങ്ങളെക്കാൾ പിറകിൽ നിൽക്കുന്ന ഈസ്റ്റ് ബംഗാൾ എഫ്.സിയുമായിട്ടാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.