ആരാധകർക്ക് നേരെ അക്രമം വേണ്ട, അവർ ടീമിന്‍റെ ഭാഗം; പ്രസ്താവനയുമായി ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മദൻ സ്പോർട്ടിങ് ക്ലബ് ഐ.എസ്.എൽ മത്സരത്തിനിടെ തങ്ങളുടെ ആരാധകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതികരണവുമായി ബ്ലാസ്റ്റേഴ്സ്. കൊൽക്കത്തയിൽ നടന്ന മത്സരത്തിനിടെ ആരാധകർക്ക് നേരെയുണ്ടായ അതിക്രമങ്ങൾ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണെന്ന് ബ്ലാസ്റ്റേഴ്സ് പറഞ്ഞു.
'കൊൽക്കത്തയിൽ നടന്ന മത്സരത്തിനിടെ ഞങ്ങളുടെ ആരാധകർ നേരിട്ട ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി വളരെയധികം ആശങ്കാകുലരാണ്. ആരാധകരുടെ സുരക്ഷ ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്, കാരണം അവർ നാട്ടിലും പുറത്തും ക്ലബ്ബിന്‍റെ അവിഭാജ്യ ഘടകമാണ്. സ്ഥിതിഗതികൾ പൂർണ്ണമായി മനസ്സിലാക്കുന്നതിനായി ഞങ്ങൾ കൊൽക്കത്തയിലെ അധികൃതരുമായും ഐ.എസ്.എൽ സംഘാടകരുമായും ബന്ധപ്പെട്ടിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ആരാധകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ ക്ലബ്ബിന്‍റെയും കടമയാണ്. ഇത്തരം സംഭവങ്ങൾക്ക് ഫുട്ബോളിൽ സ്ഥാനമില്ല, കളിക്കാരുടെയും സംഘാടകരുടെയും ആരാധകരുടെയും സുരക്ഷ ഉറപ്പാക്കണം.
എല്ലാക്കാലവും ഞങ്ങളോടൊപ്പം നിൽക്കുന്നവരാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകർ. അവരുടെ മത്സരാനുഭവം സുരക്ഷിതവും സുഖകരവും ആസ്വാദ്യകരവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ ആരാധകരോട് അവരുടെ മാതൃകാപരമായ പെരുമാറ്റം നിലനിർത്താനും ടീമിനെ എപ്പോഴും ചെയ്യുന്നതുപോലെ ആവേശത്തോടെ പിന്തുണയ്ക്കുന്നത് തുടരാനും ഞങ്ങൾ അഭ്യർഥിക്കുന്നു' -ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.
ഇന്നലത്തെ മത്സരത്തിൽ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ ജയം നേടിയിരുന്നു. ഇതോടെയാണ് കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ അക്രമമുണ്ടായത്. 67-ാം മിനിറ്റില്‍ ക്വാമി പെപ്ര ആദ്യ ഗോള്‍ നേടിയ ശേഷം ഗാലറിയിലുണ്ടായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ആഘോഷത്തിലായിരുന്നു. പിന്നാലെ ജിമെനെസും ഗോള്‍ നേടിയതോടെ ആരാധകര്‍ ആവേശത്തിലായി. ഇതോടെ തൊട്ടടുത്ത സ്റ്റാന്‍ഡിലിരുന്ന മുഹമ്മദന്‍ ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നേര്‍ക്ക് വലിച്ചെറിയുകയായിരുന്നു.
മൈതാനത്തേക്കും കളിക്കാര്‍ക്ക് നേര്‍ക്കും മുഹമ്മദന്‍സ് ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം വലിച്ചെറിഞ്ഞു. ഇതോടെ റഫറി മത്സരം നിര്‍ത്തിവെച്ചു. മുഹമ്മദന്‍സിന് പെനാല്‍റ്റിക്ക് വാദിച്ചത് റഫറി നിഷേധിച്ചതും കാണികളെ ചൊടിപ്പിച്ചു. മുഹമ്മദന്‍ ആരാധകരുടെ പെരുമാറ്റത്തിൽ സമൂഹമാധ്യമങ്ങളിലും വ്യാപക വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.