ചെറിയ പിഴവുകൾക്ക് വലിയ വില; തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: ആറ് കളികളിൽ രണ്ടുവീതം ജയവും തോൽവിയും സമനിലയും, ഐ.എസ്.എൽ 2024 -25 സീസൺ തുടങ്ങി ആഴ്ചകൾ പിന്നിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ബാഗിലുള്ളത് ഇത്രയുമാണ്. സ്വന്തം തട്ടകമായ കൊച്ചിയിൽ പഞ്ചാബ് എഫ്.സിയുമായി തോറ്റു തുടങ്ങിയ സീസണിലെ അരങ്ങേറ്റത്തിനിപ്പുറം ഏറ്റവും അവസാനം കഴിഞ്ഞ മത്സരത്തിലും അതേ ഹോം ഗ്രൗണ്ടിൽ പരാജയമേറ്റുവാങ്ങിയിരിക്കുകയാണ് മഞ്ഞപ്പട. സെപ്റ്റംബർ 15ലെ ആദ്യ മത്സരത്തിൽ പഞ്ചാബ് രണ്ടു ഗോളടിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന് ഒരു ഗോളേ തിരിച്ചടിക്കാനുള്ള കെൽപുണ്ടായിരുന്നുള്ളൂ. അതു കഴിഞ്ഞ് ജയവും സമനിലയും കണ്ട് ഒടുവിൽ സീസണിലെ ഒന്നാം നമ്പർ ടീമായ ബംഗളൂരു എഫ്.സിയോട് എതിരിടുമ്പോഴും ജയിക്കുമെന്ന പ്രതീക്ഷയും ആഗ്രഹവുംതന്നെയായിരുന്നു മഞ്ഞപ്പടയുടെ ഉള്ളിൽ. എന്നാൽ, ജയം പോയിട്ട് സമനില പോലും കൈവരിക്കാനായില്ല. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരക്കണക്കിന് വരുന്ന ആരാധകരുടെ മുന്നിൽ ബംഗളൂരുവിനോട് പരാജയം സമ്മതിക്കാനായിരുന്നു വെള്ളിയാഴ്ച ബ്ലാസ്റ്റേഴ്സിന്റെ വിധി.
ഗോളടിക്കാൻ നിരവധി അവസരങ്ങളുണ്ടായിട്ടും ഒന്നുപോലും ലക്ഷ്യത്തിലെത്താതെ ഉന്നം തെറ്റിയും തെറിച്ചും നിഷ്ഫലമാകുന്ന കാഴ്ചക്കാണ് അവസാനത്തെ കളിയിലുടനീളം കലൂർ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കളിയിൽ പകുതിയിലേറെ ശതമാനം സമയത്തും പന്തിൽ സമഗ്രാധിപത്യം ബ്ലാസ്റ്റേഴ്സിനായിരുന്നെങ്കിലും കിട്ടിയ അവസരങ്ങളൊക്കെ ടീമിന് നഷ്ടപ്പെട്ടു, ബംഗളൂരുവാണെങ്കിലോ ഉള്ളതെല്ലാം കിടിലൻ ഗോളുകളാക്കി എതിരാളികളുടെയും ആരാധകരുടെയും നെഞ്ചു തകർത്തുകൊണ്ടിരുന്നു. മുന്നേറ്റ നിരയിലെ മിന്നും താരം നോഹ സദോയിയുടെയും ഒന്നാം നമ്പർ ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെയും അഭാവം കളിക്കളത്തിൽ വേറിട്ടുനിന്നു.
നോഹ് ഉണ്ടായിരുന്നെങ്കിൽ കളി വേറെ ലെവൽ ആയേനെ എന്ന് ആരാധകർ ഉറക്കെ വിളിച്ചുപറഞ്ഞ നിമിഷങ്ങളായിരുന്നു പലതും. എന്നാൽ, മുന്നേറ്റനിരയിലെ ഘാനൻ കരുത്ത് ക്വാമെ പെപ്ര ടീമിനു വേണ്ടി പരമാവധി പ്രകടനം കാഴ്ച വെച്ചെങ്കിലും ഗോളിനും ഗോൾവലക്കുമിടെ ഒന്നിലധികം അവസരങ്ങൾ തട്ടിത്തെറിക്കപ്പെട്ടു. ഒപ്പം ഗോളി സോംകുമാറിന്റെ ഭാഗത്തുനിന്നും പിഴവുകൾകൂടി വന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ അങ്കത്തട്ടിൽ മൂന്നു ഗോൾ നേടി ടീം ബംഗളൂരു ആറാടുകയായിരുന്നു.
നിലവിൽ ആറു കളികളിലായി എട്ടു പോയന്റാണ് സമ്പാദ്യം. നവംബർ മൂന്നിന് മുംബൈ സിറ്റി എഫ്.സിയുമായി നടക്കുന്ന എവേ മത്സരത്തിൽ നിലവിലെ കളിയേക്കാൾ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെച്ചാലേ മുന്നോട്ടുള്ള കുതിപ്പിന് ഗുണം ചെയ്യൂവെന്ന് ആരാധകർ ഒരേ സ്വരത്തിൽ ചൂണ്ടിക്കാണിക്കുന്നു. ആക്രമണത്തിനൊപ്പം പ്രതിരോധത്തിലും പിഴവുകളില്ലാതെ മുന്നേറുന്നതിനായി പരിശീലനം കൂടുതൽ കഠിനമാക്കേണ്ടതുണ്ട്. കൂടാതെ പരിക്കിൽനിന്ന് മോചിതനായിക്കൊണ്ടിരിക്കുന്ന സദോയ് മുംബൈക്കെതിരായ കളിയിലിറങ്ങുമെന്നാണ് സൂചന. സീസണിലെ വരും നാളുകളിൽ വിജയം കൈപ്പിടിയിലൊതുക്കാൻ മൈക്കൽ സ്റ്റാറേ എന്തെല്ലാം മാന്ത്രിക വിദ്യകളാണ് ടീമംഗങ്ങൾക്ക് പകർന്നുകൊടുക്കുകയെന്നത് കണ്ടറിയാൻ കാത്തിരിക്കുകയാണ് മഞ്ഞപ്പട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.