ആരാധകരെ കൂളാക്കാൻ ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: തുടർച്ചയായ തോൽവികളും മാനേജ്മെൻറ് തീരുമാനങ്ങളിലെ പിഴവുകളും മൂലം കലിപ്പിലായ ആരാധകരെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. ലോകത്തെ മുന്‍നിര ക്ലബുകളുടെയും ലീഗുകളുടെയും അതേ മാതൃകയിൽ ഫാന്‍ അഡ്വൈസറി ബോര്‍ഡ് (എഫ്.എ.ബി) രൂപവത്കരിക്കാനൊരുങ്ങുകയാണ് ക്ലബ്. മാനേജ്മെന്‍റുമായി ആരാധകര്‍ക്ക് നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഈ വേദി ക്ലബിന്‍റെ വളര്‍ച്ചയില്‍ നിര്‍ണായക തീരുമാനമായേക്കും.
കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധകരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 12 പേര്‍ അടങ്ങുന്നതായിരിക്കും ബോര്‍ഡ്. വര്‍ഷത്തില്‍ നാലുതവണ മാനേജ്‌മെന്‍റ് പ്രതിനിധികളുമായി ബോര്‍ഡ് അംഗങ്ങള്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുകയും ക്ലബിന്‍റെ പ്രകടനം, ടിക്കറ്റ് വിതരണം, ആരാധക അടിത്തറ ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്യും.
ബോര്‍ഡിന്‍റെ ഭാഗമാകാൻ ക്ലബിന്‍റെ വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കാം. 19ന് മുകളില്‍ പ്രായമുള്ളവർക്ക് അപേക്ഷ നല്‍കാം. ഇന്നുമുതല്‍ 10 ദിവസത്തേക്കാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി. ആകെ 12 പ്രതിനിധികളില്‍ ഒമ്പതുപേര്‍ രാജ്യത്തിനകത്തുനിന്നുള്ളവരും രണ്ടു പേര്‍ അന്താരാഷ്ട്ര പ്രതിനിധികളുമായിരിക്കും. പ്രത്യേക പരിഗണനാ വിഭാഗത്തില്‍നിന്ന് ഒരു പ്രതിനിധിയുമുണ്ടാകും. ഒരു വര്‍ഷമായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ പ്രവര്‍ത്തന കാലയളവ്. ഒരു ടേം പൂര്‍ത്തിയാക്കിയ അംഗത്തിന് തുടര്‍ന്നുവരുന്ന ഒരു വര്‍ഷത്തേക്ക് വീണ്ടും അപേക്ഷിക്കാനാവില്ല.
2024-25 സീസണിന്‍റെ ആരംഭഘട്ടത്തില്‍ത്തന്നെ എഫ്.എ.ബി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ക്ലബ് ആരംഭിച്ചിരുന്നതായി ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സുതാര്യത, പങ്കാളിത്തം ഉറപ്പാക്കല്‍, പരസ്പര ബഹുമാനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ബോര്‍ഡിലൂടെ ക്ലബ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.