കൊൽക്കത്ത പിടിക്കാൻ ബ്ലാസ്റ്റേഴ്സ്
text_fieldsകൊൽക്കത്ത: സീസണിൽ ഒരേ എതിരാളികൾക്കെതിരെ രണ്ടാം ജയമെന്ന സ്വപ്നനേട്ടം ബംഗാൾ കളിമുറ്റത്ത് ഗോളടിച്ചു നേടാൻ കേരള ബ്ലാസ്റ്റേഴ്സ്. തുടർച്ചയായി ഗോളില്ലാവീഴ്ചകളുമായി ഉഴറുന്ന ഈസ്റ്റ് ബംഗാളിനെതിരെ അവരുടെ മൈതാനത്ത് ബൂട്ടുകെട്ടുമ്പോൾ കേരളത്തിന് പ്രതീക്ഷകളേറെ.
17 കളികളിൽ 21 പോയന്റുമായി എട്ടാമതാണ് മഞ്ഞപ്പടയെങ്കിൽ 16 മത്സരങ്ങളിൽ 14 പോയന്റ് മാത്രംനേടി 11ാമതാണ് ബംഗാൾ ടീം. തുടർച്ചയായ മൂന്നു തോൽവികൾക്കു ശേഷം തിരിച്ചുവരവിന്റെ വഴി തിരയുന്ന ഈസ്റ്റ് ബംഗാൾ ഇന്നും തോറ്റാൽ തുടർതോൽവികളിൽ നോർത്ത് ഈസ്റ്റിന്റെ റെക്കോഡിനൊപ്പമാകും. മറുവശത്ത്, നാല് എവേ തോൽവികളുടെ ഭാരവുമായി പിറകിൽനിന്ന ബ്ലാസ്റ്റേഴ്സ് ഈ മാസാദ്യം പഞ്ചാബിനെതിരെ 10 പേരുമായി കളിച്ച് ജയം പിടിച്ചാണ് ആരാധകർക്ക് ചെറുപ്രതീക്ഷ നൽകിയത്. സാധ്യതകൾ കുറവെങ്കിലും ആദ്യ സ്ഥാനങ്ങളിലേക്ക് തിരികെ കയറലും ടീമിന്റെ സ്വപ്നം.
കോച്ചിനെ പറഞ്ഞുവിട്ട് ഇടക്കാല പരിശീലകൻ ടി.ജി പുരുഷോത്തമനു കീഴിൽ ഇറങ്ങുന്ന കേരള ടീം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. വഴങ്ങുന്ന ഗോളുകളുടെ ശരാശരി അതുവരെയും രണ്ടായിരുന്നതിപ്പോൾ നിലവിൽ 0.6 ആയിട്ടുണ്ട്. ഗോളടിക്കുന്നതിലും സമാനമായ തിരിച്ചുവരവ് പ്രകടം. ടീം അവസാനം കളിച്ച അഞ്ചു മത്സരങ്ങളിൽ മൂന്നും ജയിച്ചപ്പോൾ ഒന്നു സമനിലയിലായി. ജീസസ് ജിമെനസും നോഹ സദാഊയിയും നയിക്കുന്ന ആക്രമണ നിര 17 കളികളിൽ 26 തവണ വല കുലുക്കി. ഈസ്റ്റ് ബംഗാൾ അത്രയും കളികളിൽ 16 ഗോളുകൾ നേടിയതിൽ പഴയ ബ്ലാസ്റ്റേഴ്സ് താരം ദിമിത്രിയോസ് ഡയമന്റകോസിന്റെയും മലയാളി താരം വിഷ്ണുവിന്റെയും സംഭാവനകൾ ഏറെ വലുതാണ്.
കൊച്ചിയിൽ ഒരു തോൽവി കൂടി താങ്ങാനാകില്ലെന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ വലിയ ആധി. അത്രക്ക് അരിശം പിടിച്ചുനിൽക്കുന്ന ആരാധകർക്ക് ആത്മവിശ്വാസം തിരികെ നൽകുക കൂടിയാകും ഇന്ന് ടീമിന്റെ ഒരു ലക്ഷ്യം. ആദ്യ സ്ഥാനങ്ങളിലുള്ള മോഹൻ ബഗാൻ, ജാംഷഡ്പുർ, ഗോവ, ബംഗളൂരു ടീമുകൾ ബഹുദൂരം മുന്നിലാണ്. ഒന്നാമതുള്ള ബഗാന് 37ഉം നാലാമന്മാരായ ബംഗളൂരുവിന് 28ഉം പോയന്റുണ്ട്.
വന്നതിനുപിന്നാലെ പരിക്കിന്റെ പിടിയിൽ യുംനം ബികാഷ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിലേക്ക് ദിവസങ്ങൾക്കുമുമ്പ് ചേക്കേറിയ യുംനം ബികാഷ് പരിക്കിന്റെ പിടിയിൽ. തുടയുടെ പിൻഭാഗത്തെ പേശികൾക്കാണ് ചെറിയ പരിക്കുള്ളതെന്ന് ബ്ലാസ്റ്റേഴ്സ് ക്ലബ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഞായറാഴ്ചയാണ് ബികാഷ് ടീമിലെത്തിയ കാര്യം ക്ലബ് സ്ഥിരീകരിച്ചത്. ഇതിനുശേഷം നടന്ന പരിശീലനത്തിനിടെയാണ് പരിക്ക്. ഇതേതുടർന്ന് ടീമിന്റെ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ബികാഷ്. ഉടൻ പരിശീലനത്തിന് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പുരോഗതി തുടർച്ചയായി വിലയിരുത്തുമെന്നും ക്ലബ് പുറത്തുവിട്ട വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ചെന്നൈയിൻ എഫ്.സിയിൽനിന്നാണ് മണിപ്പൂരുകാരനായ ബികാഷ് ബ്ലാസ്റ്റേഴ്സിലേക്ക് ചുവടുമാറിയത്. 21കാരനായ സെന്റര്‍ ബാക്ക് താരം, ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. വെള്ളിയാഴ്ചത്തെ മത്സരത്തിൽ കളിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് പരിക്കേറ്റത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.