ഐ.എസ്.എല്ലിൽ ഒന്നാമതാകാൻ ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ ഇന്ന് ആവേശപ്പോര്
text_fieldsകൊച്ചി: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച വീണ്ടും പന്തുരുളും. തട്ടകമായ കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും ഏറ്റുമുട്ടും. രാത്രി എട്ടിനാണ് മത്സരം. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്.സിയും ഈസ്റ്റ്ബംഗാളും തമ്മിൽ വൈകീട്ട് 5.30നാണ് ആദ്യ കളി.
ആറ് മത്സരങ്ങളിൽനിന്ന് നാല് ജയവും ഒരു തോൽവിയും ഒരു സമനിലയുമടക്കം 13 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ രണ്ടാമതാണ്. അഞ്ച് കളികളിൽനിന്ന് 13 പോയൻറുള്ള എഫ്.സി ഗോവയെ മറികടന്ന് തലപ്പത്തെത്താൻ ബ്ലാസ്റ്റേഴ്സിന് ഒരു പോയന്റ് മതി. ഹൈദരാബാദും ബ്ലാസ്റ്റേഴ്സും ഈ സീസണിൽ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. മുംബൈ എഫ്.സിക്കെതിരെ മാത്രം തോറ്റ മഞ്ഞപ്പട, അവസാന കളിയിൽ കൊൽക്കത്തയിൽ ഈസ്റ്റ്ബംഗാളിനെ 2-1ന് തോൽപിച്ചിരുന്നു. ഇരുടീമുകളും ഒമ്പത് തവണ ഏറ്റുമുട്ടിയതിൽ അഞ്ച് തവണ ഹൈദരാബാദിനായിരുന്നു ജയം. ബാറിന് കീഴിൽ തകർപ്പൻ ഫോമിലുള്ള സചിൻ സുരേഷ് തുടരും.
തുടർച്ചയായ മത്സരങ്ങളിൽ പെനാൽറ്റി കിക്ക് തടഞ്ഞ ഐ.എസ്.എല്ലിലെ ആദ്യ ഗോളിയെന്ന നേട്ടവുമായാണ് കൊച്ചിയിൽ സചിനിറങ്ങുന്നത്. വിബിൻ മോഹനനും കളിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ കളിയിൽ ഇരട്ടഗോൾ നേടിയ ദിമിത്രിയോസ് ഡയമന്റക്കോസ് രണ്ട് മഞ്ഞക്കാർഡ് കണ്ടതിനാൽ കളിക്കില്ല.
ഡയമന്റക്കോസിന് പകരം മലയാളി താരം കെ.പി. രാഹുലിന് സാധ്യതയുണ്ട്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, പ്രീതം കോട്ടാൽ, റുയ്വാ ഹോർമിപാം തുടങ്ങിയ താരങ്ങൾ പതിവുപോലെ ഇലവനിലുണ്ടാകും. ഹൈദരാബാദ് പോയന്റ് പട്ടികയിൽ താഴെയായതിനാൽ കുറച്ചുകാണേണ്ടതില്ലെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകുമാനോവിച്ച് പറഞ്ഞു. കേരളത്തിൽനിന്നുള്ള താരങ്ങൾ മികച്ച രീതിയിൽ കളിക്കുന്നുണ്ടെന്നും ബ്ലാസ്റ്റേഴ്സ് ആശാൻ കൂട്ടിച്ചേർത്തു.
ആറ് മത്സരങ്ങളിൽനിന്ന് മൂന്ന് പോയന്റ് മാത്രമുള്ള ഹൈദരാബാദിന് കൊച്ചിയിൽ ജയം എളുപ്പമാകില്ല. ടീമിന് ആകെ കിട്ടിയത് മൂന്ന് സമനില മാത്രമാണ്. ബ്ലാസ്റ്റേഴ്സ് കരുത്തരാണെന്നും പൊരുതുമെന്നും ബ്ലാസ്റ്റേഴ്സിന്റെ മുൻ അസി. കോച്ച് കൂടിയായ ഹൈദരാബാദ് മുഖ്യ പരിശീലകൻ താങ്ബോയ് സിങ്തോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.