ടഫാണ് രണ്ടാമങ്കം
text_fieldsകൊച്ചി: തിരുവോണനാളിലെ തോൽവിയുടെ കണ്ണീരും നാണക്കേടും മാറ്റാൻ രണ്ടാം കളിയിൽ മുഴുവൻ അടവും പയറ്റാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഐ.എസ്.എൽ പുതിയ സീസണിലെ രണ്ടാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച ബൂട്ടുകെട്ടുന്നത്. പോയന്റ് പട്ടികയിൽ ഒമ്പതാമതായ ബ്ലാസ്റ്റേഴ്സ് തൊട്ടുതാഴെ പത്താം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാൾ എഫ്.സിയോടാണ് ഏറ്റുമുട്ടുക. ഞായറാഴ്ച വൈകീട്ട് 7.30ന് ബ്ലാസ്റ്റേഴ്സിന്റെ ഹോംഗ്രൗണ്ടായ കലൂർ നെഹ്റു സ്റ്റേഡിയത്തിലാണ് കളി. ആദ്യ മത്സരത്തിൽ തോറ്റതിന്റെ ക്ഷീണം മാറ്റാനും ബ്ലാസ്റ്റേഴ്സിനെ അവരുടെ തട്ടകത്തിൽതന്നെ തോൽപിക്കാനുമുറപ്പിച്ചാണ് ഈസ്റ്റ് ബംഗാൾ ടീമും ഗ്രൗണ്ടിലിറങ്ങുക.
സെപ്റ്റംബർ 15ന് കൊച്ചിയിൽ നടന്ന ഈ സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സിയോടാണ് ബ്ലാസ്റ്റേഴ്സ് 2-1 ഗോളുകൾക്ക് പരാജയപ്പെട്ടത്. പതിഞ്ഞ താളത്തിൽ തുടങ്ങി, അയഞ്ഞ് മുന്നേറിയ കളിയുടെ അവസാന 10 മിനിറ്റിലാണ് മൂന്നു ഗോളും സംഭവിച്ചത്. പഞ്ചാബിനുവേണ്ടി 86ാം മിനിറ്റിൽ ക്യാപ്റ്റൻ ലൂക മജ്സെനും 94ാം മിനിറ്റിൽ ഫിലിപ് മർജലികും ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി ആദ്യഗോൾ നേടിയത് സ്പാനിഷ് താരം ജീസസ് ജിമിനെസ് നൂനസായിരുന്നു. തന്റെ ഐ.എസ്.എല്ലിലെ അരങ്ങേറ്റ പോരാട്ടമെന്നതിലുപരി രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ പോരാളിയായിരുന്നു നൂനസ്. അസുഖബാധിതനായ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയില്ലാത്തത് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചിരുന്നു.
തന്റെ പരിശീലനത്തിന് കീഴിലെ ആദ്യ ഐ.എസ്.എൽ മത്സരത്തിൽ ടീം പരാജയപ്പെട്ടതിന്റെ വേദന ബ്ലാസ്റ്റേഴ്സ് കോച്ച് മൈക്കൽ സ്റ്റാറേയും പങ്കുവെച്ചിരുന്നു. ഈ നിമിഷം ഏറെ വേദനാജനകമാണെങ്കിലും തങ്ങൾ തിരിച്ചടിക്കുമെന്ന് മത്സരശേഷം കോച്ച് വ്യക്തമാക്കിയിരുന്നു. ഇതുതന്നെയാണ് ശനിയാഴ്ച നടന്ന പ്രീമാച്ച് വാർത്തസമ്മേളനത്തിലും സ്റ്റാറേ വ്യക്തമാക്കിയത്. മികവുറ്റ പ്രകടനം തന്നെ പുറത്തെടുക്കുമെന്ന് ആവർത്തിച്ച കോച്ച് പ്ലെയിങ് സ്ട്രാറ്റജിയെക്കുറിച്ച് അധികം മനസ്സ് തുറന്നില്ല.
രണ്ടാമത്തെ കളിയിലും അഡ്രിയാൻ ലൂണയുണ്ടാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വൈസ് ക്യാപ്റ്റൻ മിലോസ് ഡ്രിൻസിച്ചായിരിക്കും ടീമിനെ നയിക്കുക. ആദ്യ കളിയിലെ പിഴവുകളിൽനിന്ന് പാഠമുൾക്കൊണ്ടുള്ള പരിശീലനത്തിനാണ് ഈ ഒരാഴ്ച ഊന്നൽ നൽകിയതെന്ന് സ്റ്റാറേയും ഡ്രിൻസിച്ചും വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ സീസൺ വരെ ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായിരുന്ന ദിമിത്രിയോസ് ഡയമൻറക്കോസ് ആണ് ഈസ്റ്റ് ബംഗാൾ എഫ്.സിയുടെ ഇത്തവണത്തെ തുറുപ്പുചീട്ട്. ഐ.എസ്.എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്സിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ അടിച്ചുകൂട്ടിയ ആരാധകരുടെ സ്വന്തം ദിമി ഇത്തവണ എതിർചേരിയിൽനിന്നുകൊണ്ടുള്ള പ്രകടനം എങ്ങനെയായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈ ഒരു മാനസിക സമ്മർദം തനിക്കുമുണ്ടെന്ന് അദ്ദേഹം പ്രീ മാച്ച് പ്രസ്മീറ്റിൽ പറഞ്ഞു. ‘‘എന്റെ പ്രിയപ്പെട്ട ആരാധകർക്ക് മുന്നിൽ അവർക്കെതിരായി മത്സരിക്കുന്നതിൽ വലിയ സമ്മർദമുണ്ട്.
എന്നാൽ, ഇതൊരു ഗെയിം ആണ്, കളിക്കേണ്ടിടത്ത് കളിച്ചേ പറ്റൂ. എതിരാളിയെന്ന നിലക്കുള്ള എന്റെ പ്രകടനം അവർ മനസ്സിലാക്കിക്കൊള്ളും. ആരാധകരോട് എനിക്ക് ബഹുമാനമുണ്ട്’’. അദ്ദേഹം പറഞ്ഞു. തങ്ങളുടെ രണ്ടാം മത്സരത്തിൽ ജയം ഉറപ്പായിരിക്കുമെന്ന പ്രതീക്ഷ ഇ.ബി.എഫ്.സി കോച്ച് കാൾസ് ക്വാഡ്രാറ്റും പങ്കുവെച്ചു. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു എഫ്.സിയുമായി നടന്ന ഏറ്റുമുട്ടലിലാണ് 1-0 ഗോളിന് ഈസ്റ്റ് ബംഗാൾ ടീം ലീഗിലെ ആദ്യ പരാജയത്തിന്റെ കയ്പറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.