പുവേപൊലി...
text_fieldsകൊച്ചി: പൂവും പൂക്കളവും ആഘോഷവുമായി തിരുവോണോഘോഷത്തിലിരിക്കുന്ന മലയാളിക്കിന്ന് ഇരട്ടി മധുരമാണ്. ഇന്ത്യൻ സൂപ്പർ ലീഗ് പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിന്റെ ആവേശത്തിലേക്ക് ബ്ലാസ്റ്റേഴ്സ് തിരിതെളിച്ചു തുടങ്ങുമ്പോൾ മലയാളക്കര ഓണാഘോഷത്തിമിർപ്പിന്റെ പൂർണതയിലാവും. എതിരാളികളായി പഞ്ചാബ് എഫ്.സി എത്തുന്നതോടെ പോരിന് മാറ്റുകൂടും. വൈകീട്ട് 7.30ന് കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം.
10 സീസൺ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിനിത് വെറും മത്സരമായിരിക്കില്ല. പരിശീലകൻ മൈക്കൽ സ്റ്റാറേ തന്റെ ആദ്യ ഐ.എസ്.എൽ മത്സരത്തിനായി ടീമിനെയിറക്കുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും അദ്ദേഹവും ആരാധകരും പ്രതീക്ഷിക്കുന്നില്ല. പത്തു സീസണുകൾ പൂർത്തിയാക്കിയെങ്കിലും കിരീടവാഴ്ച ബ്ലാസ്റ്റേഴ്സിന് കിട്ടാക്കനിയാണ്. മൂന്നു സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ കടിഞ്ഞാൺ നിയന്ത്രിച്ച ആശാൻ ഇവാൻ വുകമനോവിച്ചിനെയടക്കം മാറ്റി ഇത്തവണ ടീമിൽ പ്രധാന അഴിച്ചുപണികളാണ് മാനേജ്മെന്റ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണുകളിലെ ടീമിന്റെ വീഴ്ചകളിലും പ്രധാന കളിക്കാരെ നിലനിർത്താത്തതിലും മാത്രമല്ല, പുതുതായി പ്രമുഖരെ ടീമിലെത്തിക്കുന്നതിലും മാനേജ്മെന്റ് കാണിച്ച ഉദാസീനതയിൽ ആരാധകർ പരസ്യമായി നിരാശ പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് മൂന്നുതവണ ഫൈനലിലും രണ്ടുതവണ നോക്കൗട്ടിലും വീണ ടീമിന് ഇത്തവണ ആരാധകർക്കിടയിൽ മതിപ്പുണ്ടാക്കിയേ തീരൂ.
കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററായ ഡിമിട്രിയോസ് ഡയമന്റകോസ് ടീം വിട്ടതാണ് ഏറ്റവും വലിയ ഞെട്ടലായത്. ക്യാപ്റ്റൻ ലൂണ പരിക്കുമൂലം സീസണിന്റെ പകുതിയിൽ കളിനിർത്തിയപ്പോൾ ആ വിടവ് നികത്തിയത് അക്ഷരാർഥത്തിൽ ഡിമിത്രിയോസായാണ്. കൂടാതെ പ്രതിരോധനിരയിലെ വിശ്വസ്തൻ മാർക്കോ ലെസ്കോവിച്, ജിക്സൺ സിങ്, നിഷുകുമാർ എന്നിവരും കൂടുമാറിയത് ബ്ലാഴ്സ്റ്റേഴ്സിനെ പ്രതിരോധത്തിലാക്കുന്നു. എന്നിരുന്നാലും പുതിയ സീസണിനായി ടീം കരുതിവെച്ച വജ്രായുധങ്ങൾ ഫ്രഞ്ച് പ്രതിരോധതാരം അലക്സാണ്ടർ കോഫിനും മൊറോക്കൻ മുന്നേറ്റതാരം നോഹ സദൗയിയേയുമാണ്. കൂടാതെ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമെനെസും ടീമിന് കരുത്തായുണ്ടാകും.
2021 മുതൽ ടീമിലെ സ്ഥിരസാന്നിധ്യമായ അഡ്രിയൻ ലൂണ തന്നെയാണ് ടീമിന്റ കുന്തമുന. പരിക്കുമൂലം കഴിഞ്ഞ സീസണിൽ നിരവധി മത്സരങ്ങൾ ലൂണക്ക് നഷ്ടമായിരുന്നെങ്കിലും നിലവിൽ അദ്ദേഹം മികച്ച നിലയിലാണ്. ലൂണയുടെ നിലവിലെ ഫോം ടീമിന് ആത്മവിശ്വാസം നൽകുന്നതാണ്. ഡയമന്റക്കോസിന്റെ പകരക്കാരനായി ടീമിലെത്തിയ ജീസസ് ജിമെനിസ് ആ വിടവ് നികത്തുമെന്നാണ് മാനേജ്മെന്റിന്റെയും ആരാധകരുടെയും പ്രതീക്ഷ.
കൂടാതെ, മുൻനിരയെ കരുത്താക്കാൻ പെപ്രയും ഐമനും സജ്ജരാണ്. മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷും പരിക്കുകളിൽനിന്ന് മുക്തനായി ടീമിനൊപ്പം ചേർന്നത് ആശ്വാസമേകുന്നു.
കഴിഞ്ഞ സീസണിൽ ഐ ലീഗിൽനിന്ന് പ്രമോഷനോടെ ഐ.എസ്.എല്ലിലെത്തിയ പഞ്ചാബ് എഫ്.സിക്ക് ഈ സീസണിൽ ആരാധകരുടെ മനംകവർന്നേ മതിയാകൂ. അവസാന സീസണിൽ എട്ടാമതായി അവസാനിപ്പിച്ച തേരോട്ടത്തിന് ഇത്തവണ കളിയിലൂടെ മറുപടി പറയാനും ടീമിനായി തന്ത്രങ്ങൾ മെനയാനും മാനേജ്മെന്റ് കണ്ടെത്തിയത് ഗ്രീക്ക് പരിശീലകൻ പനാജിയോട്ടിസ് ദിൽപെരിസിനെയാണ്. ഐ.എസ്.എല്ലിലെ തന്റെ ആദ്യ മത്സരത്തിനാണ് ഇന്ന് പനാജിയോട്ടിസും സാക്ഷിയാകുന്നത്. മന്ദഗതിയിൽ തുടങ്ങിയ കഴിഞ്ഞ സീസണിൽ ആദ്യ പതിനൊന്ന് മത്സരങ്ങളിൽ ജയം കണ്ടെത്താനാകാതെ വിയർത്ത പഞ്ചാബ് ആകെ ജയിച്ചത് ആറു മത്സരങ്ങളിലായിരുന്നു.
വിദേശതാരങ്ങളായ മാദിഹ് തലാൽ, ജുവാൻ മേര, വിൽമർ ജോർദാൻ ഗിൽ, ദിമിട്രിയോസ് ചാറ്റ്സിയാസ് എന്നിവരുൾപ്പെടെ പതിനൊന്ന് കളിക്കാർ ഈ സീസണിൽ ക്ലബ് വിട്ടിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടീമിന്റെ നെടുംതൂണായിരുന്ന തലാലിനെ ഈസ്റ്റ് ബംഗാൾ സ്വന്തം പാളത്തിലെത്തിച്ചത് പഞ്ചാബിന് തിരിച്ചടിയാണ്.
കഴിഞ്ഞ സീസണിൽ 16 ഗോളുകളും 10 ഗോളുകൾക്ക് വഴിയൊരുക്കിയും തലാൽ പഞ്ചാബിനായി കളം വാണിരുന്നു. അദ്ദേഹത്തിന് പകരക്കാരനെന്നോണം ടീം കണ്ടെത്തിയത് അർജന്റീന അറ്റാക്കിങ് മിഡ്ഫീൽഡർ എസെക്വൽ വിദാലിനെയാണ്. കൂടെ യൂറോപ്പ ലീഗിൽ കളിച്ച് പരിചയമുള്ള ക്രൊയേഷ്യൻ മിഡ്ഫീൽഡർ ഫിലിപ്പ് മിസ്ലാക്ക്, നോർവേ താരം മുഷാഗ ബകെംഗ എന്നിവരും പുതുമുഖങ്ങളായി ടീമിന് കരുത്തേകാനുണ്ട്.
ടീമിന്റെ പ്രധാനായുധമായി കണക്കാക്കുന്ന സ്ലൊവേനിയൻ താരം ലൂക്ക മജ്സെനിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷകളിലൊന്ന്. കഴിഞ്ഞ ഡ്യൂറന്റ് കപ്പിൽ ടീമിനെ ക്വാർട്ടറിലെത്തിക്കുന്നതിൽ മജ്സെനിന്റെ നിർണായക ഘട്ടങ്ങളിലെ ഗോളുകൾ വഴിത്തിരിവായിരുന്നു. ആ ഫോം ഐ.എസ്.എല്ലിലും നിലനിർത്താനാകുമെന്നാണ് ആരാധകരും മാനേജ്മെന്റും പ്രതീക്ഷിക്കുന്നത്.
സ്റ്റേഡിയം തൊഴിലാളികളുടെ ഓണാഘോഷത്തിന് മങ്ങലേൽക്കാതിരിക്കാൻ കാണികളെ പകുതിയായി കുറച്ചാണ് ബ്ലാസ്റ്റേഴ്സ് ആദ്യ പോരാട്ടത്തിനിറങ്ങുന്നുത്. നിറഞ്ഞ ഗാലറി ഉണ്ടാവില്ലെങ്കിലും മലയാളി ഫുട്ബാൾ ആരാധകരുടെ മനസ്സ് പൂർണമായും കളിക്കളത്തിലാകും. അവരെല്ലാം നല്ലൊരു ഓണസമ്മാനം പ്രതീക്ഷിച്ചിരിക്കയാകും.
ബ്ലാസ്റ്റേഴ്സ് സാധ്യതാ ലൈനപ്പ്
സച്ചിൻ സുരേഷ് (ഗോൾ കീപർ), ഹോർമിപം റൂയിവ, മിലോസ് ഡ്രിൻനിച്ച്, പ്രബീർ ദാസ്, പ്രീതം കോട്ടാൽ, അഡ്രിയൻ ലൂണ, ബ്രയൻ മിറാൻഡ, നോഹ സദോയി, ഇഷാൻ പണ്ഡിത, ആർ ലാൽതൻമാവിയ, രാഹുൽ കെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.