അവസാന ലീഗ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദിനെതിരെ
text_fieldsഹൈദരാബാദ്: ഐ.എസ്.എൽ ലീഗ് റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സമാപന മത്സരം. പോയന്റ് പട്ടികയിൽ അവസാന സ്ഥാനം എന്നോ ഉറപ്പിച്ച ഹൈദരാബാദ് എഫ്.സിയാണ് എതിരാളികൾ. ഇതിനകം പ്ലേ ഓഫിൽ കടന്ന മഞ്ഞപ്പടയുടെ അഞ്ചാം സ്ഥാനം മാറാനുള്ള സാഹചര്യമില്ല.
ജയം പാടെ മറക്കുകയും തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ബ്ലാസ്റ്റേഴ്സിന് നോക്കൗട്ട് മത്സരത്തിനിറങ്ങാൻ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. സീസണിൽ അതിദയനീയ പ്രകടനം നടത്തി ഒരു കളി മാത്രം ജയിച്ച ടീമാണ് ഹൈദരാബാദ്. ഇരു ടീമും 21 മത്സരങ്ങൾ വീതം കളിച്ചപ്പോൾ യഥാക്രമം 30ഉം എട്ടും പോയന്റാണുള്ളത്.
സൂപ്പർ കപ്പ് ഇടവേളക്കായി ഐ.എസ്.എൽ നിർത്തുമ്പോൾ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്. സൂപ്പർ കപ്പിൽ തുടങ്ങിയ തോൽവി പിന്നെ ടീമിനെ വിട്ടുപോയില്ല. ഒരുവേള പ്ലേ ഓഫ് സാധ്യത പോലും അപകടത്തിലായി. പരിക്കുകളാണ് ഏറ്റവും വലിയ തിരിച്ചടിയായത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തുടങ്ങി പ്രമുഖരായ അര ഡസനിലധികം താരങ്ങൾ ഇടക്ക് ടീം വിട്ടു.
ചിലർ തിരിച്ചുവന്നെങ്കിലും പരിക്കുണ്ടാക്കിയ ക്ഷീണം ടീമിനെ വിട്ടുപോയില്ല. മുന്നേറ്റത്തിലെ കരുത്തും ഗോളടി വീരനുമായ ദിമിത്രിയോസ് ഡയമന്റകോസ് കൂടി പരിക്കിന്റെ പിടിയിലായതോടെ ബ്ലാസ്റ്റേഴ്സ് സംഘം തീർത്തും ദുർബലമായിരിക്കുകയാണ്. ഹൈദരാബാദിനെതിരെയും ദിമി കളിക്കില്ലെന്ന് പരിശീലകൻ ഇവാൻ വുകുമനോവിച് വ്യക്തമാക്കിക്കഴിഞ്ഞു. പ്ലേ ഓഫിനും താരം ഉണ്ടാവുമോയെന്ന് വുകുമനോവിച് ഉറപ്പിച്ച പറയുന്നില്ല.
ഫിറ്റ്നസ് വീണ്ടെടുത്ത ലൂണ കുറച്ചുനാളായി ടീമിനൊപ്പം ഉണ്ട്. ഹൈദരാബാദിനെതിരായ മത്സരത്തിൽ അൽപസമയം ലൂണയെ ഇറക്കാൻ ആലോചനയുണ്ടെങ്കിലും ഇതിനകം മൂന്ന് മഞ്ഞക്കാർഡുകൾ അക്കൗണ്ടിലുള്ളതു കൂടി കണക്കിലെടുക്കണമെന്ന് വുകുമനോവിച് പറഞ്ഞു.
ലാറ ശർമയായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാക്കുക. സീസൺ തുടങ്ങി മാസങ്ങൾക്കുശേഷം മാർച്ച് ഒമ്പതിന് ചെന്നൈയിൻ എഫ്.സിക്കെതിരായ എവേ മാച്ചിലാണ് ഹൈദരാബാദ് ജയിക്കുന്നത്. ഈ ജയവും അഞ്ച് സമനിലയും 15 തോൽവിയുമാണ് സമ്പാദ്യം.
പ്ലേ ഓഫ് 19 മുതൽ; ഫൈനൽ മേയ് നാലിന്
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസൺ ഫൈനൽ മത്സരം മേയ് നാലിന് നടക്കും. വേദിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്ലേ ഓഫ് മത്സരങ്ങൾ ഏപ്രിൽ 19, 20 ദിവസങ്ങളിലും നടക്കും. 23നും 24നുമാണ് സെമി ഫൈനൽ ഒന്നാം പാദം. രണ്ടാം പാദം 28നും 29നും അരങ്ങേറും.
അതേസമയം, ആറാം ടീമായി ചെന്നൈയിൻ എഫ്.സി നോക്കൗട്ടിൽ കടന്നു. സാധ്യതയുണ്ടായിരുന്ന ഈസ്റ്റ് ബംഗാൾ അവസാന മത്സരത്തിൽ പഞ്ചാബ് എഫ്.സിയോട് 1-4ന് തോറ്റതോടെയാണ് 21 കളികളിൽ 27 പോയന്റുമായി ചെന്നൈയിൻ പ്രവേശിച്ചത്. 22 മത്സരങ്ങളിൽ 24 പോയന്റുമായി ബംഗാൾ സംഘം പുറത്തായി.
മുംബൈ സിറ്റി, മോഹൻ ബഗാൻ, എഫ്.സി ഗോവ, ഒഡിഷ എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ് എന്നിവയാണ് ഇതിനകം മുേന്നറിയത്. ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമിയിലെത്തും. മൂന്ന് മുതൽ ആറ് വരെ സ്ഥാനക്കാരിൽ രണ്ട് ടീമുകൾ കൂടി കടക്കും. നാലും അഞ്ചും സ്ഥാനക്കാരും മൂന്നും ആറും സ്ഥാനക്കാരും തമ്മിലാണ് പ്ലേ ഓഫ് മത്സരങ്ങൾ നടക്കുക. കടന്നവർക്കെല്ലാം ലീഗ് റൗണ്ടിൽ ഓരോ കളി അവശേഷിക്കുന്ന സാഹചര്യത്തിൽ സ്ഥാനങ്ങളിൽ മാറ്റമുണ്ടാവും. ഇതനുസരിച്ചാവും നോക്കൗട്ട് വേദികളും തീരുമാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.