ബ്ലാസ്റ്റേഴ്സിന് ജയത്തുടർച്ച; ജംഷഡ്പൂരിനെ വീഴ്ത്തിയത് ലൂണയുടെ ഗോളിൽ
text_fieldsകൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 74ാം മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ നേടിയ ഏക ഗോളിനായിരുന്നു ആതിഥേയരുടെ ജയം.
ബംഗളൂരു എഫ്.സിക്കെതിരായ ആദ്യ മത്സരത്തില്‍നിന്ന് മാറ്റമില്ലാതെയാണ് കോച്ച് ടീമിനെ ഇറക്കിയത്. ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ ഒരുക്കുന്നതിലും ഗോളടിക്കുന്നതിലും ഇരുടീമും പരാജയപ്പെട്ടു. ഇരുനിരയുടെയും മുന്നേറ്റങ്ങൾ പ്രതിരോധത്തിൽ തട്ടിത്തെറിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ദയമാന്റകോസ് എത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ കൂടുതൽ ചടുലമായി.
ദയമാന്റകോസും ലൂണയും ചേർന്നുള്ള നീക്കമാണ് ഗോളിലെത്തിയത്. മധ്യനിര താരം ഡൈസുകെ സകായ് ലൂണക്ക് അടിച്ചുനൽകിയ പന്ത് നായകൻ ദയമാന്റകോസിന് കൈമാറി. ജംഷഡ്പൂർ പ്രതിരോധത്തിനിടയിലൂടെ കുതിച്ചെത്തിയ ലൂണക്ക് തന്നെ ഡയമന്‍റകോസ് പന്ത് തിരിച്ചുനൽകി. മനോഹര ഫിനിഷിലൂടെ ലൂണ പന്ത് വലയിലാക്കുകയായിരുന്നു.
ഇരുനിരയും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ മൂന്ന് ഷോട്ടുകൾ വീതം മാത്രമാണ് ഗോൾവലക്ക് നേരെ നീങ്ങിയത്. കളി തുടങ്ങി 13 മിനിറ്റായപ്പോഴേക്കും ജംഷഡ്പൂരിന് മികച്ച താരങ്ങളിൽ ഒരാളായ ഇംറാൻ ഖാനെ പരിക്ക് കാരണം നഷ്ടമായിരുന്നു. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഗോൾ ശരാശരിയിൽ മോഹൻ ബഗാനാണ് ഒന്നാമത്. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.