ഡുറാൻഡ് കപ്പിൽ ഇന്ന് ഫൈനൽ; നോർത്ത് ഈസ്റ്റും മോഹൻബഗാനും നേർക്കുനേർ
text_fieldsകൊൽക്കത്ത: ആദ്യമായി ഫൈനലിലെത്തിയ നോർത്ത് ഈസ്റ്റ് യുനൈറ്റഡും 18ാം കിരീടം ലക്ഷ്യമിടുന്ന മോഹൻബഗാൻ സൂപ്പർ ജയന്റ്സും. ചരിത്രമുറങ്ങുന്ന ഡുറാൻഡ് കപ്പ് ഫുട്ബാളിന്റെ ഫൈനലിൽ ഇന്ന് തീപാറും. വൈകീട്ട് 5.30 മുതലാണ് കലാശപ്പോര്.
സെമിഫൈനലിൽ രണ്ട് ഗോളിന് പിന്നിലായിട്ടും തകർപ്പൻ തിരിച്ചുവരവിലൂടെ 4-3ന് ബംഗളൂരു എഫ്.സിയെ തോൽപിച്ചാണ് ഫൈനലിലേക്ക് ബഗാൻ ടിക്കറ്റെടുത്തത്. ക്യാപ്റ്റൻ സുഭാഷിഷ് ബോസിന്റെ പരിക്ക് ടീമിന് ആശങ്കയാണ്. സെമിയിൽ അരമണിക്കൂർ മാത്രമായിരുന്നു സുഭാഷിഷ് കളിച്ചത്. വെള്ളിയാഴ്ച സഹതാരങ്ങൾക്കൊപ്പം ക്യാപ്റ്റൻ ലളിതമായ പരിശീലനം നടത്തിയിരുന്നു.
ആദ്യ ഇലവനിൽ ഇന്ന് കളിക്കാൻ സാധ്യത കുറവാണ്. ജാസൺ കമ്മിങ്സും ദിമിത്രി പെട്രാറ്റോസുമടങ്ങുന്ന മുൻനിര ഫോമിലാണ്. ഇന്ത്യൻ താരങ്ങളായ ലിസ്റ്റൺ കൊളാസോയും അനിരുദ്ധ് താപ്പയുമാണ് മറ്റു രണ്ട് കരുത്തർ. പെനാൽറ്റി കിക്കടക്കം സിംപിളായി തടുത്തിടുന്ന ഗോൾകീപ്പർ വിശാൽ കൊയ്ത്തിന്റെ ഫോം ടീമിന് രക്ഷയാണ്. പ്രതിരോധ നിരയിലെ പാളിച്ചകൾ മറികടക്കാൻ ബാറിന് കീഴിലെ കരുത്തന് കഴിഞ്ഞേക്കും. ഷില്ലോങ് ലജോങ് എഫ്.സിയെ 3-0ന് തകർത്താണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ഇതാദ്യമായി ഫൈനലിലെത്തിയത്. മൂന്ന് കളികളും ജയിച്ച ‘ഹൈലാൻഡേഴ്സ്’ പത്ത് ഗോളടിച്ചു. തിരിച്ചു വാങ്ങിയത് ഒന്ന് മാത്രമാണ്. സ്പാനിഷ് താരം ഗ്വില്ലർമോ ഫെർണാണ്ടസും മലയാളി താരം എം.എസ്. ജിതിനും നോർത്ത് ഈസ്റ്റിന്റെ മുൻനിരയിൽ ഗംഭീര ഫോമിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.