പാട്ടിന്റെ പെരുമഴ; ലുസൈൽ ആടിത്തിമിർത്തു
text_fieldsബോളിവുഡ് മ്യൂസിക് ഫെസ്റ്റിനായി ഒഴുകിയെത്തിയ ആസ്വാദകർ. ലുസൈൽ മെട്രോ സ്റ്റേഷനിൽനിന്നുള്ള കാഴ്ച
ദോഹ: ലയണൽ മെസ്സിയും നെയ്മറും ഉൾപ്പെടെ ഇതിഹാസങ്ങളുടെ പദചലനങ്ങൾക്കായി ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്ന ലുസൈൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രിയിൽ പെയ്തിറങ്ങിയത് ഖവാലികളും ബോളിവുഡിലെ സൂപ്പർ ഹിറ്റുകളും.ദക്ഷിണേഷ്യൻ സംഗീത പ്രേമികളുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾക്ക് സ്വരമാധുര്യം നൽകിയ സുനീതി ചൗഹാനും ഗസൽ ഖവാലി സംഗീതങ്ങളിലൂടെ ലോകമാകെ ആരാധകരെ സൃഷ്ടിച്ച റാഹത് ഫതേഹ് അലിഖാനും നയിച്ച ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിനായിരുന്നു കഴിഞ്ഞരാത്രിയിൽ ലുസൈൽ വേദിയായത്.
റാഹത് ഫതേഹ് അലിഖാന്റെ ഖവാലിയോടെയായിരുന്നു സംഗീത നിശയുടെ തുടക്കം. ആസ്വാദകർ മൂളിനടക്കുന്ന ഇഷ്ടഗാനങ്ങളുമായി വിശ്രുത സംഗീത പ്രതിഭ അരങ്ങുതകർത്തതിനു പിന്നാലെ സുനീതിയുടെ അരങ്ങേറ്റം. ഹിന്ദി സിനിമയിൽ പാടിപ്പതിഞ്ഞ ഹിറ്റ് ഗാനങ്ങളുമായി സുനീതി ചൗഹാൻ നിറഞ്ഞാടിയപ്പോൾ, വരാനിരിക്കുന്ന വലിയ വിജയങ്ങളുടെ ആഘോഷങ്ങൾക്കായി കാത്തിരിക്കുന്ന ലുസൈലിലെ ഗാലറിപ്പടവുകളിൽ ആസ്വാദകരും തിമിർത്താടി.
സലിം, സുലൈമാൻ സഹോദരങ്ങൾ, റാഹത് ഫതേഹ് അലിഖാന്റെ മകൻ ഷസ്മാൻ ഖാൻ എന്നിവരും വിവിധ ഗാനങ്ങളുമായി വേദിയിലെത്തി.രാത്രി ഏഴിന് ആരംഭിച്ച പരിപാടിക്കായി ഫുട്ബാൾ മേളയുടെ ആവേശത്തോടെയാണ് മലയാളികളും വിദേശികളും ഉൾപ്പെടെയുള്ള ആരാധകർ എത്തിയത്.ടീമുകളുടെ ജഴ്സിയണിഞ്ഞ്, ബാൻഡ് വാദ്യവുമായി മെട്രോകളിൽ ഒഴുകിയെത്തിയവർ പന്തുരുളും മുമ്പേ അവസാനമായി ഒരിക്കൽകൂടി ആരവം തീർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.