ലോകത്തെ ഏറ്റവും സ്വാധീനമുള്ളവരുടെ ടൈം പട്ടികയിൽ മെസ്സിയെയും പിറകിലാക്കി ഷാറൂഖ് ഖാൻ ഒന്നാമത്
text_fieldsന്യൂഡൽഹി: ടൈം മാഗസിൻ വായനക്കാരുടെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബോളിവുഡ് നടൻ ഷാറുഖ് ഖാൻ. ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി, ടെന്നിസ് താരം സെറീന വില്യംസ്, മാർക് സുക്കർബർഗ്, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ എന്നിവരടക്കമുള്ളവരുടെ പട്ടികയിലാണ് വായനക്കാരുടെ കൂടുതൽ വോട്ടുകൾ നേടി ഷാറൂഖ് മുന്നിലെത്തിയതാണ്. 12 ലക്ഷം പേർ വോട്ടു ചെയ്തതിൽ സൂപർ താരം നാല് ശതമാനം വോട്ടു നേടിയപ്പോൾ രണ്ടാമതെത്തിയത് ഇറാനിൽ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന വനിതകളാണ്. കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തനങ്ങളിൽ സജീവമായി നിന്ന ആരോഗ്യ സുരക്ഷ പ്രവർത്തകർ മൂന്നാമതെത്തിയപ്പോൾ ഹാരി രാജകുമാരനും മെഗനും നാലാമതുമെത്തി. 1.8 ശതമാനം വോട്ടുനേടിയ ലയണൽ മെസ്സി അഞ്ചാം സ്ഥാനത്താണ്.
100ലേറെ സിനിമകളുമായി ബോളിവുഡിന്റെ ആവേശമായ ഷാറുഖ് നാലു വർഷത്തോളം വിട്ടുനിന്ന ശേഷം ‘പത്താൻ’ സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ദീപിക പദുകോൺ, ജോൺ അബ്രഹാം എന്നിവരും അഭിനയിക്കുന്ന ചിത്രം കളക്ഷൻ റെക്കോഡുകൾ തിരുത്തി ചരിത്രമായി. അഭിനേതാവ് എന്നതിനൊപ്പം നിർമാതാവ് കൂടിയാണ് ഷാറൂഖ്. ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയും. നയൻതാര, വിജയ് സേതുപതി എന്നിവർക്കൊപ്പം ആറ്റ്ലിയുടെ ‘ജവാനാ’ണ് ഷാറുഖിന്റെ അടുത്ത ചിത്രം. രാജ് കുമാർ ഹീരാനിയുടെ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.
ഇന്ത്യയിൽ മാത്രമല്ല, ലോകത്തുടനീളം താരത്തിന് ആരാധകരുണ്ടെന്ന് കാണിക്കുന്നതാണ് വോട്ടിങ്ങിൽ ബഹുദൂരം മുന്നിലെത്തി ഷാറൂഖ് ഒന്നാമതായത്. ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലെത്തിച്ച മെസ്സി ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക താരങ്ങളിൽ മുന്നിലാണ്. വ്യക്തിഗതമായി ഒട്ടുമിക്ക ആദരങ്ങളും ഇതിനകം സ്വന്തമാക്കിയ താരത്തെ ഇതുവരെയും വിട്ടുനിന്ന വിശ്വകിരീടമാണ് അവസാനമായി സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.