ഗംഭീരം ഈ തിരിച്ചുവരവ്! അത്‌ലറ്റിക്കോയെ വീഴ്ത്തി ഡോർട്ട്മുണ്ട് സെമിയിൽ
text_fieldsരണ്ടാംപകുതിയിൽ ഗംഭീര തിരിച്ചുവരവ് നടത്തി ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ. സ്വന്തം തട്ടകത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ രണ്ടാംപാദ മത്സരത്തിൽ മഡ്രിഡ് ക്ലബിനെ 4-2ന് തകർത്താണ് ഡോർട്ട്മുണ്ട് 11 വർഷത്തിനുശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് സെമിയിലെത്തുന്നത്.
ഇരുപാദങ്ങളിലുമായി സ്കോർ 5-4. മാഡ്രിഡില്‍ നടന്ന ആദ്യപാദ ക്വാർട്ടറിൽ ഡോർട്ട്മുണ്ട് 2-1ന് തോറ്റിരുന്നു. 34ാം മിനിറ്റില്‍ ജൂലിയന്‍ ബ്രാണ്ട്ടിയിലൂടെ ജർമൻ ക്ലബാണ് ആദ്യം ലീഡെടുത്തത്. 39ാം മിനിറ്റില്‍ ചെൽസിയിൽനിന്ന് വായ്പാടിസ്ഥാനത്തിൽ ടീമിലെത്തിയ ഇയാന്‍ മാറ്റസനും ആതിഥേയർക്കായി വലകുലുക്കിയതോടെ അഗ്രിഗേറ്റഡ് സ്കോറിൽ (3-2) ഡോർട്ട്മുണ്ട് മുന്നിലെത്തി.
രണ്ടാം പകുതി തുടങ്ങിയതും 49ാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്ടിന്‍റെ പ്രതിരോധതാരം മാറ്റ്‌സ് ഹമ്മല്‍സിന്‍റെ ഓണ്‍ ഗോളിലൂടെ അത്‌ലറ്റിക്കോ ഒരു ഗോൾ മടക്കി. മാരിയോ ഹെർമോസോയുടെ ഹെഡ്ഡറാണ് ഹമ്മൽസിന്‍റെ കാലിൽ തട്ടി പോസ്റ്റിനുള്ളിൽ കയറിയത്. 64ാം മിനിറ്റിൽ എയ്ഞ്ചല്‍ കൊറിയ അത്‌ലറ്റിക്കോക്കായി ലീഡ് നേടി. 73ാം മിനിറ്റിൽ ഡോര്‍ട്ട്മുണ്ട് മുന്നേറ്റ താരം നിസ്ലസ് ഫുള്‍ക്രഗ് ഒരു മനോഹര ഹെഡ്ഡറിലൂടെ ഗോള്‍ നേടിയതോടെ മത്സരം വീണ്ടും ഒപ്പത്തിനൊപ്പം (അഗ്രിഗേറ്റഡ് 4-4).
74-ാം മിനിറ്റില്‍ മാര്‍സല്‍ സബിറ്റസറാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. സെമിയില്‍ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയാണ് ഡോര്‍ട്ട്മുണ്ടിന്‍റെ എതിരാളി. 2012-13 സീസണിൽ റണ്ണേഴ്സ് അപ്പായ ഡോർട്ട്മുണ്ട് കഴിഞ്ഞ നാലു സീസണുകളിലും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിരുന്നില്ല. നാലാം തവണയാണ് ക്വാർട്ടർ ഫൈനലിനപ്പുറം കടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.