കോപ ലിബർട്ടഡോറസിൽ ബൊട്ടഫോഗോ മുത്തം
text_fieldsസവോ പോളോ: കളി തുടങ്ങി 30ാം സെക്കൻഡിൽ 10 പേരായി ചുരുങ്ങിയിട്ടും കരുത്തരായ അറ്റ്ലറ്റികോ മിനെയ്റോയെ വീഴ്ത്തി ലാറ്റിൻ അമേരിക്കൻ ചാമ്പ്യൻ പട്ടമേറി സാംബ ക്ലബായ ബൊട്ടാഫോഗോ. അർജന്റീനയിലെ മൊണൂമെന്റൽ മൈതാനത്ത് രണ്ട് ബ്രസീൽ ക്ലബുകൾ കൊമ്പുകോർത്ത ആവേശപ്പോരിലാണ് ഒന്നിനെതിരെ മൂന്നു ഗോളിന് ടീം ജയം പിടിച്ചത്. ജേതാക്കളായ ബൊട്ടഫോഗോക്ക് ക്ലബ് ലോകകപ്പിൽ പങ്കെടുക്കാം.
ആദ്യ വിസിൽ മുഴങ്ങി പന്തുരുണ്ടു തുടങ്ങിയപ്പോഴേക്ക് ബൊട്ടഫോഗോ നിരയിൽ ജോർജ് ചുവപ്പു കാർഡ് വാങ്ങി തിരിച്ചുകയറി. എതിർ താരം ഫോസ്റ്റോ വെരക്കെതിരെയായിരുന്നു മാരക ഫൗൾ. എണ്ണത്തിലെ ആനുകൂല്യം എതിർഗോൾമുഖത്ത് അവസരമാക്കാനുള്ള മിനെയ്റോ ടീമിന്റെ ശ്രമങ്ങൾക്കു പക്ഷേ, അധികം ആയുസ്സുണ്ടായില്ല. കാലിൽ മാന്ത്രികതയുമായി മൈതാനം നിറഞ്ഞ ബൊട്ടഫോഗോ 35ാം മിനിറ്റിൽ ലീഡ് പിടിച്ചു.
തിയാഗോ അൽമാഡയുടെ പാസിൽ ലൂയിസ് ഹെന്റിക് ആയിരുന്നു സ്കോറർ. ഏഴു മിനിറ്റിനിടെ ടീമിന് ഒരു പെനാൽറ്റിയും ലഭിച്ചു. കിക്കെടുത്ത മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം അലക്സ് ടെലസ് പന്ത് അനായാസം വലയിലെത്തിച്ചതോടെ ലീഡ് 2-0 ആയി.
ഇടവേള കഴിഞ്ഞയുടൻ മിനെയ്റോക്കായിരുന്നു അവസരങ്ങൾ. എഡ്വോഡോ വർഗാസ് ഗോൾ നേടിയതോടെ പോരാട്ടം കനത്തെങ്കിലും ഇരുവശത്തും ഓരോ ഗോൾ കൂടി വീണ് കളി അവസാനിച്ചു. സെർബ് ടെന്നിസ് താരം നൊവാക് ദ്യോകോവിച് കാഴ്ചക്കാരനായി എത്തിയ മത്സരം കൂടിയായിരുന്നു ഫൈനൽ.
അർജന്റീനയിൽ പ്രദർശന മത്സരത്തിനായി എത്തിയ ദ്യോകോ ഗ്രൗണ്ടിലേക്ക് ട്രോഫി ആനയിക്കുന്ന ചടങ്ങിലും പങ്കാളിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.