ബ്രസീലിനെ സമനില പിടിച്ച് എക്വഡോർ
text_fieldsസവോപോളോ: ലാറ്റിൻ അേമരിക്കൻ ഫുട്ബാളിൽ അപരാജിത കുതിപ്പുമായി ഏറെ മുന്നിലുള്ള ബ്രസീലിനെ കോപ അമേരിക്ക ഗ്രൂപ് ബി അവസാന മത്സരത്തിൽ ഒപ്പം പിടിച്ച് എക്വഡോർ. ആദ്യം ഗോൾ നേടി മുന്നിലെത്തുകയും പന്തടക്കത്തിലും അവസരങ്ങൾ തുറക്കുന്നതിലും എതിരാളികളെ പിറകിലാക്കുകയും ചെയ്തിട്ടും രണ്ടാം പകുതിയിൽ എക്വഡോർ താരം എയ്ഞ്ചൽ മീന നേടിയ ഗോളാണ് 11 കളികളിൽ ആദ്യമായി ബ്രസീലിനെ സമനിലയിൽ കുരുക്കിയത്.
കളി തുടങ്ങുംമുെമ്പ ഗ്രൂപിൽ ഒന്നാമന്മാരായി യോഗ്യത നേടിയതിനാൽ പ്രമുഖരിൽ പലർക്കും അവധി നൽകി റിസർവ് ബെഞ്ചിനെ പരീക്ഷിച്ചാണ് ബ്രസീൽ ഇറങ്ങിയത്. ഗബ്രിയേൽ ബർബോസ, എവർടൺ, ഡഗ്ലസ് ലൂയിസ്, ഫബീഞ്ഞോ തുടങ്ങിയവർ ആദ്യ ഇലവനിൽ എത്തിയ സാംബ ടീം തന്നെ ആദ്യം ഗോൾ നേടി വരവറിയിക്കുകയും ചെയ്തു. തകർപ്പൻ ഹെഡറിലൂടെ റയൽ മഡ്രിഡ് പ്രതിരോധ താരം എഡർ മിലിറ്റാവോ ആയിരുന്നു സ്കോറർ. ഗ്രൂപിൽ ആദ്യ മൂന്നു കളികളും ജയിച്ച് ബഹുദൂരം മുന്നിലായതിനാൽ ഒട്ടും പരിഭ്രമിക്കാനില്ലാതെ പന്തുതട്ടിയ ബ്രസീലിെൻറ പിന്നീടുള്ള മുന്നേറ്റങ്ങൾ പക്ഷേ, എക്വഡോർ പ്രതിരോധഭിത്തിയിൽ തട്ടിവീണു. അതിനിടെ ലൂയിസിനെ പിൻവലിച്ച് കസമിറോയെ കളത്തിലിറങ്ങിയതോടെ മുന്നേറ്റം കൂടുതൽ ചടുലമായി. ഒരു ജയം കൂടി ഉറപ്പിച്ച ബ്രസീൽ പോസ്റ്റിൽ രണ്ടാം പകുതിയിൽ എയ്ഞ്ചൽ മീന പന്തെത്തിച്ചതോടെ കളി ചൂടുപിടിച്ചു. പ്രതിരോധ പിഴവ് മുതലെടുത്തായിരുന്നു മീനയുടെ തകർപ്പൻ സ്ട്രൈക്. സമനില പൊട്ടിക്കാൻ സാംബ സംഘവും തോൽവി വഴങ്ങാതിരിക്കാൻ എക്വഡോറും കളിച്ചതോടെ സ്കോർ ബോർഡ് 1-1ൽ അവസാനിച്ചു.
ടിറ്റെ സംഘത്തിനെതിരെ ടൂർണമെൻറിൽ ആദ്യമായി സമനിലയും വിലപ്പെട്ട ഒരു പോയിൻറും സ്വന്തമാക്കിയ എക്വഡോറിന് ഇതോടെ നോക്കൗട്ട് റൗണ്ടിൽ കരുത്ത് കൂടും.
വെനസ്വേലയെ കടന്ന് പെറു
ഗ്രൂപ് ബിയിലെ മറ്റൊരു മത്സരത്തിൽ ദുർബലരായ വെനസ്വേലയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി പെറു പട്ടികയിൽ രണ്ടാമന്മാരായി. തോൽവിയോടെ വെനസ്വേല ക്വാർട്ടർ കാണാതെ പുറത്തായി. ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിലെ മോശം പ്രകടനങ്ങൾക്ക് കേട്ട പഴി രണ്ട് വിലപ്പെട്ട വിജയങ്ങളും ഒരു സമനിലയുമായി കോപ അമേരിക്കയിൽ തീർത്താണ് പെറു ബ്രസീലിനു കീഴിൽ രണ്ടാമതെത്തിയത്.
ആന്ദ്രെ കാരിലോ ആയിരുന്നു സ്കോറർ. കഴിഞ്ഞ കളിയിൽ എക്വഡോറിനെതിരെ മികച്ച പ്രകടനവുമായി കളംനിറഞ്ഞ വെനസ്വേലക്ക് പക്ഷേ, ഇത്തവണ പെറുവിനെതിരെ എല്ലാം പാളിയപ്പോൾ സമനില പോലും വഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.