തെരുവിന്റെ ജേതാക്കളായി ബ്രസീലും ഈജിപ്തും
text_fieldsദോഹ: ലോകകപ്പിന് മുമ്പ് ഖത്തറിൽ കാൽപന്ത് ആവേശം സമ്മാനിച്ച സ്ട്രീറ്റ് ചൈൽഡ് ഫുട്ബാളിൽ ഈജിപ്തും ബ്രസീലും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിലാണ് ഫുട്ബാൾ കരുത്തരെയെല്ലാം പിന്തള്ളി അറബ് ടീമായ ഈജിപ്ത് കിരീടം ചൂടിയത്. പെൺകുട്ടികളിൽ ബ്രസീലിന്റെ മഞ്ഞപ്പട തന്നെ കിരീടമണിഞ്ഞു. ഖത്തർ ഫൗണ്ടേഷനിലെ ഓക്സിജൻ പാർക്കിലായിരുന്നു ഒരാഴ്ചയായി നടന്ന പോരാട്ടത്തിന് വേദിയായത്.
ആൺകുട്ടികളുടെ ഫൈനലിൽ പാകിസ്താനെ 4-3ന് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് ഈജിപ്ത് തെരുവുബാല്യങ്ങളുടെ പോരാട്ടത്തിൽ കപ്പടിച്ചത്. സെമിയിൽ ബറുണ്ടിയെയാണ് ഈജിപ്ത് തോൽപിച്ചത്.പെൺകുട്ടികളിൽ സെമിയിൽ ഫിലിപ്പീൻസിന് മുന്നിൽ പതറിയ ബ്രസീൽ ഷൂട്ടൗട്ട് ഭാഗ്യത്തിലൂടെയാണ് കപ്പടിച്ചത്. എന്നാൽ, ഫൈനലിൽ കൊളംബിയയെ 4-0ത്തിന് തകർത്ത് തുടർച്ചയായി മൂന്നാം തവണയും ബ്രസീൽ പെൺപട കപ്പടിച്ചു. 2014, 2018 ടൂർണമെൻറിലും ബ്രസീൽ തന്നെയായിരുന്നു ജേതാക്കൾ.
ഫൈനലിൽ ഉൾപ്പെടെ ഗോൾ വഴങ്ങാൻ മടിച്ച ഈജിപ്തിന്റെ അലി മുഹമ്മദ് ബെസ്റ്റ് ഗോൾകീപ്പർ പുരസ്കാരം നേടി.പെൺകുട്ടികളിൽ ബ്രസീലിന്റെ റയാനെ മികച്ച ഗോൾ കീപ്പറായി. പാകിസ്താൻ താരം തുഫൈലും ബ്രസീലിന്റെ ജെന്നിഫറും ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് നേടി. ആൺ-പെൺ വിഭാഗങ്ങളിലെ മികച്ച താരങ്ങളായ ഈജിപ്തിന്റെ സിയാദും ഫിലിപ്പീൻസിന്റെ ലിസിയും തിരഞ്ഞെടുക്കപ്പെട്ടു.25 രാജ്യങ്ങളിൽനിന്ന് 15 ആൺകുട്ടികളുടെയും 13 പെൺകുട്ടികളുടേതുമായി 28 ടീമുകളാണ് സ്ട്രീറ്റ് ചൈൽഡ് ലോകകപ്പിൽ പങ്കെടുത്തത്.ഇരു വിഭാഗങ്ങളിലും ഇന്ത്യൻ ടീമും കളത്തിലിറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.