വെനിസ്വേലയെ തരിപ്പണമാക്കി ബ്രസീൽ; അർജന്‍റീനക്ക് സമനില
text_fieldsകരാകസ്: ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ ഒമ്പതിൽ ഒമ്പതും വിജയിച്ച് ബ്രസീൽ ജൈത്രയാത്ര തുടരുന്നു. വെനിസ്വേലയെ 3-1നാണ് ബ്രസീൽ തകർത്തത്. അതേസമയം അർജന്‍റീനയെ പാരഗ്വായ് ഗോൾരഹിത സമനിലയിൽ തളച്ചു.
സൂപ്പർ താരം നെയ്മറില്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്. 11ാം മിനിറ്റിൽ എറിക് റാമിറസ് നേടിയ ഗോളിന്‍റെ മികവിൽ ആദ്യ പകുതിയിൽ ആതിഥേയരായ വെനിസ്വേല മുന്നിട്ടുനിന്നു. 70ാം മിനിറ്റ് വരെ ലീഡ് നിലനിർത്തിയ അവർ മഞ്ഞപ്പടക്കെതിരെ ജയം സ്വപ്നം കണ്ടു. എന്നാൽ 71ാം മിനിറ്റിൽ മാർക്വിന്വോസ് ബ്രസീലിനെ ഒപ്പമെത്തിച്ച ഗോൾ കണ്ടെത്തി. റാഫിഞ്ഞയായിരുന്നു ഗോളിന് വഴിയൊരുക്കിയത്.
85ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഗബ്രിയേൽ ബാർബോസ ബ്രസീലിന്‍റെ ഗോളെണ്ണം ഉയർത്തി. ഇഞ്ചുറി സമയത്ത് റാഫിഞ്ഞയുടെ പാസിൽ നിന്ന് വെടിപൊട്ടിച്ച് ആന്‍റണി വെനിസ്വേലയുടെ പതനം പൂർത്തിയാക്കി.
പാരഗ്വായ്യിൽ നടന്ന മത്സരത്തിലാണ് ആതിഥേയർ സൂപ്പർതാരം ലയണൽ മെസ്സി അണിനിരന്ന അർജന്‍റീനയെ ഗോളടിക്കാൻ വിടാതെ പിടിച്ചുകെട്ടിയത്. സമനിലയോടെ യോഗ്യത റൗണ്ടിലെ അപരാജിത കുതിപ്പ് തുടരാൻ അർജന്‍റീനക്കായി. മത്സരത്തിൽ 69 ശതമാനവും പന്ത് കൈവശം വെച്ചത് അർജന്‍റീനയായിരുന്നു. എട്ട് തവണ അവർ ഗോൾവല ലക്ഷ്യമിട്ടെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല.
മറ്റൊരു മത്സരത്തിൽ യുറുഗ്വായ്യും കൊളംബിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇക്വഡോർ 3-0ത്തിന് ബൊളീവിയയെയും പെറു 2-0ത്തിന് ചിലെയെയും തോൽപ്പിച്ചു. േമഖലയിൽ ഒമ്പതിൽ ഒമ്പതും വിജയിച്ച ബ്രസീൽ 27 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. 19 പോയിന്‍റുമായി അർജന്‍റീനയാണ് രണ്ടാമത്. 10 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി ഇക്വഡോർ മൂന്നാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.