എൻഡ്രിക്കിന്റെ മാസ് എൻട്രി; ത്രില്ലർ പോരിൽ മെക്സിക്കോയെ വീഴ്ത്തി ബ്രസീൽ, ജയം 3-2 ന്
text_fieldsടെക്സാസ്: കോപ്പ അമേരിക്ക ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ബ്രസീലിന് ജയം. അവസാന മിനിറ്റുവരെ ആവേശം വിതറിയ മത്സരത്തിൽ മെക്സിക്കോയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്രസീൽ തോൽപ്പിച്ചത്. 2-1 ന് ബ്രസീൽ ജയം ഉറപ്പിച്ച് നിൽക്കുമ്പോഴാണ് 92ാം മിനിറ്റിൽ മെക്സിക്കൻ സ്ട്രൈക്കർ മാർട്ടിനെസ് അയാള സമനില ഗോൾ നേടുന്നത്. കോർണർ കിക്കിൽ അയാളയുടെ ഹെഡർ അലിസൺ തടഞ്ഞെങ്കിലും റീബൗണ്ട് ചെയ്തുവന്ന പന്ത് അയാള തന്നെ വലയിലാക്കി.
എന്നാൽ കളിതീരാൻ സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോൾ എൻഡ്രിക് രക്ഷകനാകുകയായിരുന്നു. ബോക്സിന്റെ വലതു വിങ്ങിൽ നിന്നും വിനീഷ്യസ് ജൂനിയൽ നൽകിയ ക്രോസിൽ മനോഹരമായ ഹെഡറിലൂടെ എൻഡ്രിക്ക് വിജയഗോൾ നേടുകയായിരുന്നു.
അഞ്ചാം മിനിറ്റിൽ ആൻഡ്രിയാസ് പെരീരയാണ് ബ്രസീലിനെ മുന്നിലെത്തിക്കുന്നത്. ഒരുഗോളിന്റെ ലീഡുമായി ആരംഭിച്ച രണ്ടാം പകുതിയിൽ 54ാം മിനിറ്റിൽ ബ്രസീൽ ലീഡ് ഇരട്ടിയാക്കി. സ്ട്രൈക്കർ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് രണ്ടാം ഗോൾ നേടിയത്. 73 ാം മിനിറ്റിൽ സ്ട്രൈക്കർ ഹൂലിയൻ ക്യൂനോനിസ് മെക്സിക്കോക്കായി ആദ്യ ഗോൾ നേടി. അനായാസ ജയം പ്രതീക്ഷിച്ച ബ്രസീലിന് നെഞ്ചിടിപ്പേറ്റി ഇഞ്ചുറി ടൈമിലാണ് മെക്സിക്കോയുടെ സമനില ഗോളെത്തുന്നത്. എന്നാൽ വിനീഷ്യസിന്റെ ക്രോസിൽ എൻഡിക്കിന്റെ മാസ് എൻട്രിയിൽ മെക്സിക്കൻ പ്രതീക്ഷകൾ തകിടം മറിയുകയായിരുന്നു.
കോപ്പയിൽ കൊളംബിയ, പരാഗ്വ,കോസ്റ്റാറിക്ക ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് ഡിയിൽ കിരീട ഫേവറിറ്റായ ബ്രസീലിന് ഒരു സന്നാഹം കൂടി ബാക്കിയുണ്ട്. വ്യാഴാഴ്ച ആതിഥേയരായ അമേരിക്കക്കെതിരായാണ് മത്സരം.
മറ്റൊരു മത്സരത്തിൽ കൊളംബിയ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് അമേരിക്കയെ തോൽപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.