ബ്രസീലിൽ വിമാനപകടത്തിൽ നാലു ഫുട്ബാൾ താരങ്ങളടക്കം അഞ്ചു മരണം
text_fieldsറയോ ഡി ജനീറോ: ലോകത്തിെൻറ ഫുട്ബാൾ സ്വപ്നഭൂമിയായ ബ്രസീലിൽ താരങ്ങളെയൂം ക്ലബ് പ്രസിഡൻറിനെയും തട്ടിയെടുത്ത് വീണ്ടും വിമാന ദുരന്തം. നാലാം ഡിവിഷൻ ടീമായ പാൽമാസ് പ്രസിഡൻറും താരങ്ങളും സഞ്ചരിച്ച ചെറുവിമാനമാണ് ബ്രസീലിലെ വടക്കൻ സംസ്ഥാനമായ ടോകാൻടിൻസിൽ ടേക്കോഫിനിടെ കുഴിയിൽ പതിച്ചത്. പറന്നുയരാൻ റൺവേയിൽ അതിവേഗം നീങ്ങിയ വിമാനം അവസാന ഭാഗത്ത് ഉയർന്നുതുടങ്ങിയ ഉടൻ തൊട്ടുചേർന്നുള്ള വൻ ഗർത്തത്തിലേക്ക് കുത്തനെ മൂക്കുകുത്തുകയായിരുന്നു.
വില നോവ ക്ലബുമായി ഗൊലാനിയയിൽ മത്സരത്തിന് താരങ്ങളുമായി പോയതായിരുന്നു വിമാനം. ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പരിശോധനയിൽ പോസിറ്റീവായ താരങ്ങൾ വിമാനത്തിലായിരുന്നു യാത്ര ചെയ്തത്. ഇവർക്ക് ക്വാറൻറീൻ കാലാവധി ഞായറാഴ്ച അവസാനിക്കേണ്ടതായിരുന്നു. ഈ ദിനത്തിലായിരുന്നു നാലു പേരുടെയും ജീവനെടുത്ത് വൻ ദുരന്തം. ലുക്കാസ് പ്രാക്സിഡിസ്, ഗുൽഹേം നോ, മാർക് മൊളിനാരി, റാന്യൂൾ എന്നീ താരങ്ങൾക്ക് പുറമെ ക്ലബ് പ്രസിഡൻറ് ലൂകാസ് മേരയും വൈമാനികനും ദുരന്തത്തിനിരയായി.
ഒരാൾ പോലും രക്ഷപ്പെട്ടില്ലെന്ന് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അധികൃതർ അറിയിച്ചു. മറ്റു താരങ്ങൾ മറ്റൊരു വിമാനത്തിൽ പുറപ്പെടാനിരുന്നതാണ്.
1997ൽ നിലവിൽ വന്ന പാൽമാസ് ബ്രസീൽ നിലവിൽ നാലാം ഡിവിഷനിലാണ് കളിക്കുന്നത്. ആറു പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം ദുരന്തത്തിൽ പെടാൻ കാരണം വ്യക്തമല്ല. റൺവേയിൽനിന്ന് 500 മീറ്റർ മാത്രം അകലെ കുഴിയിൽ വീണ വിമാനം വൈകാതെ അഗ്നി വിഴുങ്ങി. രണ്ടു സ്ഫോടനങ്ങൾ കേട്ടതായി പരിസര വാസികൾ പറഞ്ഞു.
2016ൽ ചാപെസെൻസ് ക്ലബിെൻറ 19 താരങ്ങൾ വിമാന ദുരന്തത്തിൽ മരിച്ചിരുന്നു. തെക്കേ അമേരിക്കൻ ടൂർണമെൻറ് കലാശപ്പോരാട്ടത്തിനായി കൊളംബിയയിലേക്ക് യാത്രക്കിടെ ഇന്ധനം തീർന്നായിരുന്നു വിമാനം തകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.