ലോകകപ്പ് യോഗ്യത: നെയ്മറും എൻഡ്രിക്കുമില്ലാതെ ബ്രസീൽ ടീം
text_fieldsലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ സൂപ്പർ താരം നെയ്മറും എൻഡ്രിക്കും ഇല്ല. നീണ്ട കാലത്തെ പരിക്കിന് ശേഷം ഈയിടെയാണ് നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഫിറ്റ്നസ് പൂർണ്ണമായും വീണ്ടെടുക്കാൻ താരത്തിന് വിശ്രമം അനുവദിക്കുകയാണെന്നാണ് ബ്രസീൽ ടീം മാനേജ്‌മെന്റിന്റെ വിശദീകരണം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നെയ്മർ ബ്രസീലിന് വേണ്ടി അവസാനമായി കളിച്ചത്.
റയൽമാഡ്രിഡ് താരം എൻഡ്രിക്കിനെ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഡിഫൻഡർ മുറില്ലോ ടീമിലിടം നേടി. കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് പുറത്തുനിന്നിരുന്ന വിനീഷ്യസ് ജൂനിയറിനെ ടീമിലുൾപ്പെടുത്തി.
നവംബറിൽ വെനസ്വേലയ്ക്കും ഉറുഗ്വേയ്ക്കുമെതിരായ മത്സരങ്ങൾക്ക് മുന്നോടിയാണ് ടീമിനെ പ്രഖ്യാപിച്ചത്. 2025 മാർച്ചിൽ കൊളംബിയക്കും അർജന്‍റീനക്കുമെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ വരെ നെയ്മറിന് ദേശീയ ടീമിൽ തിരിച്ചെത്താൻ കാത്തിരിക്കേണ്ടിവരും.
തെക്കേ അമേരിക്കയിൽ നിന്നുള്ള ലോകകപ്പ് യോഗ്യത പട്ടികയിൽ നിലവിൽ നാലാമതാണ് ബ്രസീൽ. അർജന്‍റീന, കൊളംബിയ, യുറുഗ്വേ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ആദ്യ ആറ് സ്ഥാനക്കാരാണ് 2026 ലോകകപ്പിന് യോഗ്യത നേടുക.
ബ്രസീൽ ടീം
ഗോൾകീപ്പർമാർ: ബെന്‍റോ (അൽ നസ്ർ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി), വെവർട്ടൺ (പാൽമീറസ്).
ഡിഫൻഡർമാർ: ഡാനിലോ (യുവന്‍റസ്), വാൻഡേഴ്സൺ (മൊണാക്കോ), അബ്നർ (ലിയോൺ), ഗിൽഹെം അരാന (അറ്റ്ലറ്റിക്കോ-എംജി), എഡർ മിലിറ്റോ (റയൽ മാഡ്രിഡ്), ഗബ്രിയേൽ മഗൽഹെസ് (ആഴ്സണൽ), മാർക്വിനോസ് (പി.എസ്.ജി), മുറില്ലോ (നോട്ടിംഗാം ഫോറസ്റ്റ്).
മിഡ്ഫീൽഡർമാർ: ആൻഡ്രി (വോൾവർഹാംപ്ടൺ), ആൻഡ്രിയാസ് പെരേര (ഫുൾഹാം), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ), ഗെർസൺ (ഫ്ലമെംഗോ), ലൂക്കാസ് പക്വെറ്റ (വെസ്റ്റ് ഹാം യുണൈറ്റഡ്), റാഫിഞ്ഞ (ബാഴ്സലോണ).
ഫോർവേഡുകൾ: എസ്റ്റെവോ (പാൽമീറസ്), ഇഗോർ ജീസസ് (ബൊട്ടഫോഗോ), ലൂയിസ് ഹെൻറിക് (ബൊട്ടഫോഗോ), റോഡ്രിഗോ (റിയൽ മാഡ്രിഡ്), സാവിഞ്ഞോ (മാഞ്ചസ്റ്റർ സിറ്റി), വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.