കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന്; ബ്രസീൽ-അർജൻറീന മത്സരം മാറ്റിവെച്ചു
text_fieldsബ്രസീലിയ: ലോകം കാത്തിരുന്ന അർജന്‍റീന - ബ്രസീൽ സൂപ്പർ പോരാട്ടം നടന്നത് ഏതാനും നിമിഷങ്ങൾ മാത്രം. സൂപ്പർ ക്ലാസിക്കോയുടെ രസച്ചരട് മുറിച്ച് ബ്രസീൽ ആരോഗ്യ വിഭാഗം മത്സരം തടസപ്പെടുത്തി. ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരമാണ് ഫുട്ബോൾ സംഘാടനത്തിന് അപമാനമായി ഉപേക്ഷിക്കപ്പെട്ടത്. നാല് അർജന്‍റീനൻ താരങ്ങൾ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചില്ലെന്നതിനെ തുടർന്നാണ് അധികൃതരുടെ ഇടപെടൽ.
മത്സരം നാല് മിനിറ്റ് പിന്നിട്ടപ്പോഴാണ് ബ്രസീൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഗ്രൗണ്ടിലെത്തി മത്സരം തടസപ്പെടുത്തിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന എമിലിയാനോ മാർടിനെസ്, ക്രിസ്റ്റ്യൻ റൊമേര, ലോ സെൽസോ, എമിലിയാനോ ബ്യൂയെൻഡിയ എന്നീ കളിക്കാർക്ക് കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം കളിക്കാൻ സാധിക്കില്ല.
ഇക്കാര്യം ടീമിനെ നേരത്തെ അറിയിച്ചിരുന്നുവെന്നും കളിക്കാരോട് രാജ്യം വിടാൻ നിർദേശിച്ചിരുന്നുവെന്നും ബ്രസീൽ ആരോഗ്യ വിഭാഗം പറയുന്നു. എന്നാൽ ഈ താരങ്ങളെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയാണ് അർജന്‍റീന കളത്തിലിറങ്ങിയത്. ഇതോടെയാണ് ഫുട്ബോൾ ലോകത്ത് പരിചിതമല്ലാത്ത ദൃശ്യങ്ങൾക്ക് ബ്രസീൽ വേദിയായത്.
മത്സരം തടസപ്പെട്ടതോടെ അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസ്സിയും ബ്രസീൽ താരം നെയ്മറും ഉൾെപ്പടെയുള്ളവർ അധികൃതരുമായി സംസാരിച്ചിരുന്നുവെങ്കിലും കളി തുടരുന്ന കാര്യത്തിൽ തീരുമാനമായില്ല. ഇതോടെ അർജന്‍റീന കളിക്കാർ ഗ്രൗണ്ട് വിട്ടു.
പിന്നീട് അര മണിക്കൂറിനു ശേഷമാണ് മത്സരം സസ്പെൻഡ് ചെയ്തതായി ദക്ഷിണ അമേരിക്കൻ ഫുട്ബോൾ അസോസിയേഷനായ കോനംബോൾ അറിയിച്ചത്. മത്സരം നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഫിഫയുടെ അച്ചടക്ക കമ്മിറ്റി തീരുമാനത്തെ അനുസരിച്ചിരിക്കുമെന്നും കോനംബോൾ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.