സൗഹൃദ മത്സരത്തിൽ ഗിനിയെ 4-1ന് തകർത്ത് ബ്രസീൽ
text_fieldsബാഴ്സലോണ: സൗഹൃദ മത്സരത്തിൽ ഗിനിയെ 4-1ന് തകർത്ത് ബ്രസീൽ. വംശീയവിദ്വേഷത്തിനും വർണവെറിക്കുമെതിരായ പ്രചാരണത്തിന്റെ ഭാഗമായാണ് സ്പെയിനിൽ സൗഹൃദ മത്സരം സംഘടിപ്പിച്ചത്. ജോലിന്റൻ, റോഡ്രിഗോ, എഡർ മിലിറ്റാവോ, വിനീഷ്യസ് ജൂനിയർ എന്നിവർ ബ്രസീലിനായി ഗോൾ നേടി. സെറോ ഗിറാസിയാണ് ഗിനിക്ക് വേണ്ടി ഒരു ഗോൾ മടക്കിയത്.
വർണവെറിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കറുത്ത ജഴ്സിയണിഞ്ഞാണ് ബ്രസീൽ ടീം മൈതാനത്തിറങ്ങിയത്. ബ്രസീലിന്റെയും റയൽ മഡ്രിഡിന്റെയും സ്റ്റാർ സ്ട്രൈക്കറായ വിനീഷ്യസ് ജൂനിയർ സ്പെയിനിൽ നിരന്തരം വംശീയാധിക്ഷേപത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മത്സരങ്ങൾ.
ബാഴ്സലോണയിലെ എസ്പാനിയോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് മുന്നോടിയായി ''വംശീയാധിക്ഷേപമുള്ളിടത്ത് കളിയില്ല'' എന്നർഥം വരുന്ന ബാനറിന് മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്തു ബ്രസീലും ഗിനിയും.
ഇതിനിടെ സ്റ്റേഡിയത്തിൽവെച്ച് വീനിഷ്യസിന്റെ ഉപദേശകനും സുഹൃത്തുമായ ഫെലിപ് സിൽവേരക്ക് നേരെയും വംശീയാധിക്ഷേപമുണ്ടായതായി ബ്രസീലിയൻ ഫുട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു. ''ലോകത്ത് നിന്ന് തുടച്ചുനീക്കേണ്ട കുറ്റകൃത്യമായ വംശീയാധിക്ഷേപത്തിനെതിരായ പോരാട്ടത്തിനാണ് ഞങ്ങളിവിടെ എത്തിയത്. എന്നാൽ, മറ്റൊരു കുറ്റവാളി കൂടി പൊതുമധ്യത്തിൽ തുറന്നുകാട്ടപ്പെട്ടു''-കോൺഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് പറഞ്ഞു. വർണവെറിക്കെതിരെ ഫിഫ രൂപവത്കരിച്ച ദൗത്യസേനയിൽ ചേരുമെന്ന് വിനീഷ്യസ് വ്യക്തമാക്കിയിട്ടുണ്ട്. കാമ്പയിന്റെ ഭാഗമായി പോർചുഗലിലെ ലിസ്ബണിൽ ചൊവ്വാഴ്ച ബ്രസീൽ-സെനഗാൾ മത്സരം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.