ഉയരെ പറന്ന് കാനറികൾ; പരഗ്വേക്കെതിരെ 4-1ന് ജയിച്ചു
text_fieldsകോപ അമേരിക്കയിൽ ആദ്യ ജയം കുറിച്ച് ബ്രസീൽ. പരഗ്വേക്കെതിരെ 4-1നാണ് ബ്രസീൽ ജയിച്ച് കയറിയത്. ബ്രസീലിനായി വിനീഷ്യസ് ഇരട്ട ഗോളുകളും സാവിയോ, ലുക്കാസ് പക്വേറ്റ എന്നിവർ ഓരോ ഗോളുകളും നേടി. പെനാൽറ്റിയിലൂടെയാണ് പക്വേറ്റയുടെ ഗോൾ. ഒമർ അൽഡറേറ്റയിലൂടെയായിരുന്നു പാരഗ്വേയുടെ ആശ്വാസ ഗോൾ.
35ാം മിനിറ്റിൽ വിനീഷ്യസാണ് ബ്രസീലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. ലുക്കാസ് പക്വേറ്റയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. 43ാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ രണ്ടാം ഗോൾ പിറന്നത്. ഇക്കുറി സാവിയോക്കായിരുന്നു വലകുലുക്കാനുള്ള ഊഴം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ മൂന്നാം ഗോൾ. വിനീഷ്യസായിരുന്നു വീണ്ടും ബ്രസീലിന് വേണ്ടി ഗോളടിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പരഗ്വേ തിരിച്ചടിച്ചു. ബോക്സിന് പുറത്ത് നിന്ന് ലഭിച്ച പന്ത് ഒമർ വലയിലാക്കുകയായിരുന്നു. 51 മിനിറ്റിൽ പരഗ്വേ രണ്ടാം ഗോളും നേടുമെന്ന് തോന്നിച്ചുവെങ്കിലും ബ്രസീൽ ഗോൾകീപ്പറുടെ തകർപ്പൻ സേവ് കാനറികളുടെ രക്ഷക്കെത്തി. 65ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ബ്രസീൽ നാലാം ഗോൾ നേടിയത്. ഹാൻഡ്ബോളിനായിരുന്നു റഫറി പെനാൽറ്റി അനുവദിച്ചത്. പിഴവുകളില്ലാതെ പക്വേറ്റ പന്ത് വലയിലെത്തിച്ചു.
ബ്രസീലിന്റെ ആക്രമണത്തോടെയായിരുന്നു മത്സരത്തിന് തുടക്കമായത്. രണ്ടാം മിനിറ്റിലെ വിനീഷ്യസിന്റെ മുന്നേറ്റം ബ്രസീലിന് അനുകൂലമായി കോർണർ ലഭിക്കാൻ ഇടയാക്കിയെങ്കിലും വലകുലങ്ങിയില്ല. പിന്നീട് നിരന്തരമായി ബ്രസീൽ ആക്രമിച്ച് കളിച്ചുവെങ്കിലും പല ശ്രമങ്ങളും പരഗ്വേയുടെ പ്രതിരോധത്തിൽ തട്ടി വീണു.
ഇതിനിടെ 32ാം മിനിറ്റിൽ ബ്രസീൽ പെനാൽറ്റി നഷ്ടപ്പെടുത്തി. പരഗ്വേയുടെ മിഡ്ഫീൽഡർ അഡ്രിയാൻ ക്യുബാസിന്റെ ഹാൻഡ്ബോളിനായിരുന്നു റഫറി ബ്രസീലിന് പെനാൽറ്റി അനുവദിച്ചത്. എന്നാൽ, ടീമിനായി കിക്കെടുത്ത പക്വേറ്റക്ക് പിഴച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.