89ാം മിനിറ്റിൽ ഹെൻറിക്കിന്റെ ചാട്ടുളി; ചിലിക്കെതിരെ ജയിച്ചു കയറി ബ്രസീൽ
text_fieldsസാൻഡിയാഗോ: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ചിലിക്കെതിരെ ബ്രസീലിന് ജയം. ഒന്നിനെതിരെ രണ്ടുഗോളിനാണ് ജയം. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഗോൾ കണ്ടെത്തിയ ചിലിയെ അന്തിമവിസിലിന് തൊട്ടുമുൻപാണ് ബ്രസീൽ മറികടന്നത് (2-1). ജയത്തോടെ യോഗ്യത പട്ടികയിൽ ബ്രസീൽ നാലാം സ്ഥാനത്തേക്ക് തിരിച്ചെത്തി. രണ്ടാം മിനിറ്റിൽ സ്ട്രൈക്കർ എഡ്വാർഡോ വർഗാസിന്റെ ഗംഭീര ഹെഡറാണ് ചിലിയെ മുന്നിലെത്തിച്ചത് (1-0).
ജീസസ്-റോഡ്രിഗോ-റഫീഞ്ഞ- സാവിയോ എന്നിവരടങ്ങിയ ബ്രസീലിന്റെ മുന്നേറ്റ നിര തിരിച്ചടിക്കാനുള്ള ശ്രമങ്ങളേറെ നടത്തിയെങ്കിലും മറുപടി ഗോളെത്താൻ 45 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ആദ്യപകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോൾ വലത് വിങ്ങിൽ നിന്ന് സാവിയോ ബോക്സിലേക്ക് നൽകിയ ക്രോസ് ഹെഡറിലൂടെ ഇഗോർ ജീസസാണ് സമനില ഗോൾ നേടിയത്.
രണ്ടാം പകുതിയിലും പന്തിന്മേലുള്ള നിയന്ത്രണം ബ്രസീലിന് ആയിരുന്നെങ്കിലും വിജയഗോൾ നേടാനായിരുന്നില്ല. ഗോളൊന്നുറച്ച നിരവധി അവസരങ്ങൾ പാഴായെങ്കിലും അന്തിമ വിസിലിന് തൊട്ടുമുൻപ് 89 ാം മിനിറ്റിൽ ലൂയിസ് ഹെൻറിക്കിലൂടെ ബ്രസീൽ വിജയ ഗോൾ കണ്ടെത്തി. ബോക്സിനരികിൽ നിന്ന് ഹെൻറിക്കിന്റെ അത്യുഗ്രൻ ഇടങ്കാലൻ ഷോട്ടാണ് ചിലിയുടെ പ്രതീക്ഷകളെ തകർത്തത്.
മറ്റൊരു മത്സരത്തിൽ വെനസ്വേല അർജന്റീനയെ 1-1 ന് പിടിച്ചുകെട്ടി. സമനിലയിൽ കുരുങ്ങിയെങ്കിലും യോഗ്യത മത്സരങ്ങളിൽ 19 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അർജന്റീന. 16 പോയിന്റുമായി കൊളംബിയ രണ്ടും 15 പോയിന്റുമായി യുറുഗ്വായ് മൂന്നും സ്ഥാനത്ത് തുടരുന്നു. ഇന്നത്തെ യോഗ്യത മത്സരത്തിൽ ചിലിയെ തോൽപ്പിച്ചതോടെ 13 പോയിന്റുമായി ബ്രസീൽ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.