ക്രിസ്റ്റ്യാനോക്ക് പകരം ബ്രസീല്‍ സൂപ്പര്‍താരം! ആ ട്രാന്‍സ്ഫര്‍ വേണ്ടെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫാന്‍സ്
text_fieldsസൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും പുതിയ തട്ടകത്തിലേക്ക് ചേക്കേറാനുള്ള നീക്കത്തിലാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി പിരിഞ്ഞ് ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള സാധ്യതകളാണ് പോര്‍ചുഗല്‍ താരം അന്വേഷിക്കുന്നത്. നെയ്മറാകട്ടെ, തന്നെ വേണ്ടെന്ന് പറഞ്ഞ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായുള്ള എല്ലാ ഇടപാടുകളും വേഗം തീര്‍പ്പാക്കാനുള്ള നെട്ടോട്ടത്തിലും.
നെയ്മറിന് പ്രീമിയര്‍ ലീഗ് ക്ലബുകളില്‍ നിന്ന് ക്ഷണമുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും ടോട്ടനം ഹോസ്പറും നെയ്മര്‍ ടീമില്‍ വന്നാലുള്ള സാധ്യതകള്‍ പഠിച്ചു തുടങ്ങി. ഇതാകട്ടെ, ക്രിസ്റ്റ്യാനോയുടെ നീക്കുപോക്കുകളെ അനുസരിച്ചിരിക്കും എന്ന് മാത്രം. ക്രിസ്റ്റ്യാനോ പോവുകയാണെങ്കില്‍ മാത്രമേ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബ്രസീലിയന്‍ പ്ലേ മേക്കറെ ടീമിലെടുക്കുന്ന കാര്യം ആലോചിക്കുകയുള്ളൂ. ചെല്‍സിയാകട്ടെ, ക്രിസ്റ്റ്യാനോ വരികയാണെങ്കില്‍ നെയ്മറിനായി കാശിറക്കാന്‍ തയാറാകില്ല. പ്രീമിയര്‍ ലീഗില്‍ തിളങ്ങാന്‍ സാധിക്കുന്ന ക്രിസ്റ്റ്യാനോ തന്നെയാണ് ചെല്‍സിയുടെ പ്രധാന അജണ്ട.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകര്‍ നെയ്മറിനെ ടീമിലെടുക്കേണ്ടെന്ന നിലപാടിലാണ്. 50 ദശലക്ഷം യൂറോ ചെലവഴിച്ച് നെയ്മറിനെ സ്വന്തമാക്കിയിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് നേടാന്‍ പറ്റുമോ എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉന്നയിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയില്‍ പ്രതീക്ഷക്കൊത്തുയരാന്‍ നെയ്മറിന് സാധിക്കാതെ പോയിരുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കുമായി കരാറിലെത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. റോബര്‍ട് ലെവന്‍ഡോസ്‌കിക്ക് പകരക്കാരനായിട്ട് മറ്റൊരു സ്‌കോറിങ് പവര്‍ഹൗസിനെ ടീമിലെത്തിക്കാനാണ് ബയേണിന്റെ നീക്കം. ചെല്‍സിയും ബയേണും ക്രിസ്റ്റ്യാനോയുടെ ചാമ്പ്യന്‍സ് ലീഗ് താത്പര്യങ്ങള്‍ക്ക് അനുയോജ്യമായ ഇടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.