കോപ അമേരിക്കയിൽ ബ്രസീലിന് നാളെ ആദ്യ അങ്കം
text_fieldsലോസ് ആഞ്ചലസ്: പത്താം കിരീടം ലക്ഷ്യമിടുന്ന ബ്രസീലിന് കോപ അമേരിക്കയിൽ ചൊവ്വാഴ്ച ആദ്യ അങ്കം. 2016ന് ശേഷം കോപയിലെത്തുന്ന കോസ്റ്ററീകയാണ് മഞ്ഞപ്പടയുടെ എതിരാളികൾ. രാവിലെ ഇന്ത്യൻ സമയം 6.30നാണ് കളി. ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന്റെ ഹൃദയവേദന അടങ്ങാത്ത ആരാധകരെ ആഹ്ലാദിപ്പിക്കേണ്ടതുണ്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലടക്കം കഴിഞ്ഞ വർഷം തോൽവി സ്ഥിരമാക്കിയ ബ്രസീലിന് പുതിയ പരിശീലകൻ ഡോറിവൽ ജൂനിയറിലും പ്രതീക്ഷ ഏറെയാണ്. സാവോപോളോയുടെ പരിശീലകനായിരുന്ന ഈ 61കാരന്റെ കീഴിൽ ടീം മെച്ചപ്പെട്ടു വരുകയാണ്. വിവിധ ലീഗുകളിൽ പാതിവഴിയിൽ മോശം പ്രകടനം നടത്തുന്ന ക്ലബുകളുടെ പരിശീലക സ്ഥാനമേറ്റെടുത്ത് മെച്ചപ്പെട്ട നിലയിലേക്കുയർത്തുന്ന മാജിക് ഡോറിവൽ മഞ്ഞപ്പടയിലും കാണിച്ചു തുടങ്ങിയിട്ടുണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഉറുഗ്വായ്, അർജന്റീന ടീമുകളോട് തോറ്റ ബ്രസീലിന് നെയ്മറിന്റെ പരിക്കും തിരിച്ചടിയായിരുന്നു.
എല്ലാ പ്രതിബന്ധങ്ങളെയും തകർത്തു മുന്നേറാൻ താരങ്ങളിൽ ആത്മവിശ്വാസം കുത്തിവെച്ചാണ് ഷോറിവൽ തുടങ്ങിയത്. വിനീഷ്യസ് ജൂനിയറിനെ നായകപദവിയിലേക്കുമുയർത്തി. വെംബ്ലി സ്റ്റേഡിയത്തിൽ സൗഹൃദപ്പോരിൽ ഇംഗ്ലണ്ടിനെ 1-0ത്തിന് തോൽപിച്ചാണ് ഡോറിവലിന്റെ കുട്ടികൾ തുടങ്ങിയത്. കൗമാരതാരം എൻഡ്രിക്കായിരുന്നു വലകുലുക്കിയത്. പിന്നീട് സ്പെയിനിനെതിരെ വമ്പൻ തിരിച്ചുവരവോടെ 3-3ന് സമനില പാലിച്ചു. കോപക്ക് മുമ്പ് സന്നാഹ മത്സരത്തിൽ മെക്സികോയെ മഞ്ഞപ്പട 3-2ന് തോൽപിച്ചിരുന്നു. യു.എസ്.എയോട് 1-1ന് സമനിലയിലും കുരുങ്ങി. ഫ്ലോറിഡയിൽ മൂന്നാഴ്ചത്തെ കഠിന പരിശീലനത്തിന് ശേഷമാണ് ടീം ആദ്യ കളിക്കിറങ്ങുന്നത്.
പ്രതീക്ഷയായി എൻഡ്രിക്
പുത്തൻ താരോദയമായ എൻഡ്രിക്കാണ് ബ്രസീലിന്റെ പ്രഥമ പ്രതീക്ഷ. 17കാരനായ ഈ അറ്റാക്കർ പാൽമിറസിൽനിന്ന് അടുത്ത മാസം റയൽ മഡ്രിഡിൽ ചേരാനിരിക്കുകയാണ്. വിങ്ങറായും സ്ട്രൈക്കറായും അറ്റാക്കിങ് മിഡ്ഫീൽഡറായും, ഏത് സ്ഥാനത്തും എൻഡ്രിക് അനുയോജ്യനാണ്. ഡ്രിബ്ലിങ്ങിലും ഫസ്റ്റ്ടച്ചിലും കിറുകൃത്യമായ പാസുകൾ നൽകുന്നതിലും ഏത് ഭാഗത്തുനിന്നും ഗോളടിക്കുന്നതിലും കഴിവുപുലർത്തുന്നവനാണ് ഈ പയ്യൻ.
ബ്രസീലിന്റെ ഗോൾവല കാക്കാനുള്ളത് ലിവർപൂളിൽ തകർപ്പൻ ഫോമിലായിരുന്ന അല്ലിസൺ. പ്രതിരോധത്തിൽ പി.എസ്.ജിയുടെ മാർക്വിഞ്ഞോസും ആഴ്സനലിന്റെ ഗബ്രിയേൽ മഗാൽഹേയ്സും റയലിന്റെ ഏദർ മിലിറ്റാവോയുമുണ്ട്. മിഡ്ഫീൽഡിൽ വെസ്റ്റ്ഹാം യുനൈറ്റഡിന്റെ ലുകാസ് പക്വറ്റക്ക് പണി കൂടും. മഞ്ഞക്കിളികളുടെ അൽപം ദുർബലമായ ഇടം മിഡ്ഫീൽഡാണ്. മുൻ നിരയിൽ റയലിന്റെ വിനീഷ്യസും റോഡ്രിഗോയും എൻഡ്രികും ചേരുമ്പോൾ എതിരാളികൾ വിറക്കും. ഗുസ്റ്റാവോ ആൽഫാരസാണ് കോസ്റ്ററീകയുടെ പരിശീലകൻ. 1997ൽ ബ്രസീലുമായി ഏറ്റുമുട്ടിയപ്പോൾ 5-0ത്തിനായിരുന്നു തോൽവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.